തിരുവനന്തപുരം : തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജില്‍ അധ്യാപകരും പോലീസും വിദ്യാര്‍ത്ഥികളെ തല്ലിച്ചതച്ചു. മര്‍ദ്ദനത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് സാരമായി പരിക്കേറ്റു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി, ആര്‍എസ്എസ്, ബിജെപി, ഹിന്ദുഐക്യവേദി, ബിഎംഎസ് സംഘടനകള്‍ ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. എബിവിപി സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും.
കോളേജില്‍ നിന്ന് അകാരണമായി അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ പ്രിന്‍സിപ്പാള്‍ സുധീന്ദ്രന്‍പിള്ളയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്കിനിടെ ചില അധ്യാപകര്‍ മര്‍ദ്ദനമഴിച്ചുവിട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തില്‍ ഫിസിക്സ് ഡിപ്പാര്‍ട്ടുമെന്റിലെ അധ്യാപകന് അജിത്പ്രസാദ്, ഫിസിക്കല്‍ എഡ്യൂക്കേഷനിലെ മനോജ്, രമേശ്, മാത്സ് ഡിപ്പാര്‍ട്ടുമെന്റിലെ രാധാകൃഷ്ണന്, കെമിസ്ട്രി വിഭാഗത്തിലെ സുദര്ശന് എന്നിവര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പ്രകടനം വിളിച്ചുപോയ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുക കൂടി ചെയ്തതോടെ കോളേജില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനിടെ മുഖംമൂടി ധരിച്ച രണ്ടുപേര്‍ കോളേജിന് താഴെ പടക്കമെറിഞ്ഞു. മിനിട്ടുകള്‍ക്കകം സ്ഥലത്തെത്തിയ വന്‍ പോലീസ് സംഘം കണ്ണില്‍ക്കണ്ട വിദ്യാര്‍ത്ഥികളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് മര്‍ദ്ദനത്തില്‍ മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി വിഷ്ണു, ഇക്കണോമിക്സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ജിനു, മൂന്നാം വര്‍ഷ മലയാളം വിദ്യാര്‍ത്ഥി ഗോകുല്‍, മൂന്നാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥി നിഖില്‍, രണ്ടാംവര്‍ഷ ഇക്കണോമിക്സ് വിദ്യാര്‍ത്ഥി രാഹുല്‍ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. അടിയേറ്റ് നിലത്തുവീണ വിദ്യാര്‍ത്ഥികളെ പോലീസ് വീണ്ടും മര്‍ദ്ദിച്ചു. പോലീസ് മര്‍ദ്ദനത്തില്‍ പരിഭ്രാന്തരായ വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ള പെണ്കുട്ടികല് കോളേജിന് പുറത്തേയ്ക്കോടി. തുടര്‍ന്ന് കോളേജിലും കേശവദാസപുരം ജംഗ്ഷനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച പോലീസ് ജംഗ്ഷനിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ ഓടിച്ചിട്ട് മര്‍ദ്ദിച്ചു.
പരീക്ഷയെഴുതാന്‍ വന്ന വിദ്യാര്‍ത്ഥികളെയും പോലീസ് വെറുതെ വിട്ടില്ല. അഖില്‍, അനൂപ്, യദുകൃഷ്ണന്, അവിനാഷ് എന്നീ വിദ്യാര്‍ത്ഥികളെ പോലീസ് കോളേജിന് പുറത്തുവച്ച് അകാരണമായി മര്‍ദ്ദിച്ച് കസ്റ്റഡിയിലെടുത്തു. അവിനാഷും യദുകൃഷ്ണനും ഉച്ചയ്ക്കുശേഷമുള്ള ബികോം പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികളായിരുന്നു. കാലിലെ രക്തധമനിയില്‍ ബ്ലോക്കുണ്ടായിരുന്ന അവിനാശ് ആശുപത്രികിടക്കയില്‍ നിന്നാണ് പരീക്ഷയെഴുതാന്‍ എത്തിയത്. മുണ്ട് ഉടുത്തുവന്നുവെന്ന ഒറ്റക്കാരണത്താല്‍ പോലീസ് ഇയാളെ തല്ലിച്ചതയ്ക്കുകയായിരുന്നു. അവിനാശിനെയും യദുകൃഷ്ണനെയും പിന്നീട് വിട്ടയച്ചുവെങ്കിലും ഇവര്‍ക്ക് പരീക്ഷയ്ക്ക് എത്താനായില്ല. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ പോലീസ് ആശുപത്രിയില്‍ പ്രവേശിക്കാന്‍ തയ്യാറാവാതിരുന്നത് പേരൂര്‍ക്കട സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
സംഭവമറിഞ്ഞ് ബിജെപി സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, ജെ.ആര്. പദ്മകുമാര്‍, ജില്ലാ പ്രസിഡന്റ് കരമന ജയന്, ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എസ്. സുരേഷ്, വെങ്ങാനൂര്‍ സതീഷ് തുടങ്ങിയവര്‍ സ്റ്റേഷനിലെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ ന്നാണ് യദുകൃഷ്ണനെയും അവിനാശിനെയും പോലീസ് മോചിപ്പിക്കാനും മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനും തയ്യാറായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ വൈകുന്നേരം വിവിധ സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: