കോട്ടയം: ജോസഫ് വിഭാഗം ഇടയുന്നു. കേരള കോണ്‍ഗ്രസ് എമ്മില്‍ അസ്വസ്ഥത പുകയുന്നു. ലയനസമയത്ത് അംഗീകരിച്ച കരാറുകള്‍ പാലിക്കാത്തതും പാര്‍ട്ടി ചെയര്മാന് കെ.എം മാണിയുടെ അമിതമായ പുത്രവാത്സല്യവുമാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് സൂചന. പാര്‍ട്ടിക്കുള്ളിലെ അസ്വസ്ഥതകള്‍ മറനീക്കി പുറത്തുവരുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന കെ.എഫ് വര്‍ഗ്ഗീസ് സ്ഥാനം രാജിവച്ചു. കോട്ടയത്ത് പത്രസമ്മേളനം നടത്തിയാണ് വര്‍ഗ്ഗീസ് രാജിക്കാര്യം അറിയിച്ചത്. രാജിവച്ച ഇദ്ദേഹം പി.സി തോമസിന്റെ കേരള കോണ്‍ഗ്രസ്സില്‍ ചേരുമെന്നും അറിയിച്ചു.
ജനജീവിതം ദുസ്സഹമാക്കിയ സംസ്ഥാനഭരണത്തെ തിരുത്താന്‍ ശ്രമം നടത്താതെ ജോസ് കെ. മാണിയെ കേന്ദ്രമന്ത്രിയാക്കിയാല്‍ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തിന്റെ നിലപാടും പഴയ ജോസഫ് വിഭാഗത്തെ പ്രകോപിപ്പിക്കുന്നു. കേരള കോണ്‍ഗ്രസ് മാണി, ജോസഫ് വിഭാഗങ്ങള്‍ ലയിച്ചപ്പോള്‍ മാണി വിഭാഗത്തില്‍ ഉള്ളവരുടെ സ്ഥാനങ്ങള്‍ ഒന്നും നഷ്ടപ്പെട്ടില്ല. മാത്രമല്ല പലരെയും സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ജോസഫ് വിഭാഗത്തില്‍പെട്ട സംസ്ഥാന നേതാക്കള്‍ക്കുപോലും സ്ഥാനമാനങ്ങള്‍ ത്യജിക്കേണ്ടി വന്നത്രെ.
ഭരണത്തില്‍ പങ്കാളിത്തം ലഭിച്ചപ്പോള്‍ കിട്ടിയ കോര്പ്പറേഷന്, ബോര്‍ഡ് നിയമനങ്ങളില്‍ ബഹുഭൂരിപക്ഷവും മാണി വിഭാഗം കരസ്ഥമാക്കിയെന്ന പരാതിയും ജോസഫ് ഗ്രൂപ്പിനുണ്ട്. പാര്‍ട്ടി യോഗങ്ങളില്‍ പോലും പഴയ ജോസഫ് വിഭാഗത്തിന് അര്‍ഹമായ സ്ഥാനം ലഭിക്കാത്തതിലും അമര്‍ഷം ഉണ്ട്. കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജ്ജിന്റെ മകനും മുന്‍ എം.പിയും ജോസഫ് വിഭാഗത്തിന്റെ ശക്തനായ നേതാവും ആയിരുന്ന ഫ്രാന്‍സിസ് ജോര്ജ്ജിനുപോലും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് കെ.എഫ് വര്‍ഗ്ഗീസ് പറഞ്ഞു. കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ സെക്രട്ടറിയും പ്രസിഡന്റും സംസ്ഥാന ട്രഷററും ജനറല്‍ സെക്രട്ടറിയുമൊക്കെയായി പ്രവര്‍ത്തിച്ചിരുന്ന ആളായിരുന്നു കെ.എഫ് വര്‍ഗ്ഗീസ്.
ലയനസമയത്ത് ഉണ്ടാക്കിയ കരാറുകള്‍ പാലിക്കാത്തതില്‍ അസംതൃപ്തരായ ധാരാളം നേതാക്കളും പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്നും പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളാകോണ്‍ഗ്രസ് വര്‍ക്കിംഗ്ചെയര്‍മാന്‍ സ്കറിയാ തോമസും അദ്ദേഹത്തോടോപ്പം ഉണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: