ന്യൂദല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം 1977ലേതിനു സമാനമാകുമെന്ന് ബിജെപി. ലോക്സഭാ സീറ്റുകളില്‍ ഭൂരിപക്ഷവിജയം പാര്‍ട്ടി നേടുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അനന്ത്കുമാര്‍ പറഞ്ഞു.
അധികാരം ഒരു നേതാവിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടതിന്റെ ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തുല്യമാണ് നിലവിലെ സ്ഥിതിയെന്നും 1977ലെ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ പ്രതികരിച്ചതു പോലുള്ള തിരിച്ചടിയാണ് കോണ്‍ഗ്രസിന് സംഭവിക്കുകയെന്നും ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു.
എ.ബി. വാജ്പേയിയുടെ ഭരണകാലവുമായി മന്‍മോഹന്‍സിങ്ങിന്റെ ഭരണത്തെ താരതമ്യപ്പെടുത്താനാണ് ബിജെപി ജനങ്ങളോട് ആവശ്യപ്പെടുന്നത്. നല്ല ഭരണവും വികസനവുമാണ് രാജ്യത്തിന്റെ അടിസ്ഥാനആവശ്യം. സ്വതന്ത്രഇന്ത്യയുടെ സുവര്‍ണ കാലമായിരുന്നു വാജ്പേയിയുടെ ആറുവര്‍ഷത്തെ ഭരണം. എന്നാല്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം രാജ്യത്തെ ഇരുണ്ടകാലത്തിലേക്ക് മടക്കിക്കൊണ്ടുപോയിരിക്കുകയാണ്. കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന മുദ്രാവാക്യവുമായാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്, അനന്ത്കുമാര്‍ പറഞ്ഞു.
വാജ്പേയി ഭരണകാലത്ത് എട്ടുശതമാനം വളര്‍ച്ചാനിരക്കായിരുന്നു ഉണ്ടായിരുന്നത്. കാഴ്ചപ്പാടുള്ള ഭരണനേതൃത്വത്തിനു കീഴില്‍ സമ്പദ്ഘടന ശക്തമായി വളര്‍ന്നു. എന്നാല്‍ സാമ്പത്തിക വിദഗ്ധരെന്ന് അവകാശപ്പെടുന്ന മന്മോഹന്സിങ്ങിന്റെയും ചിദംബരത്തിന്റെയും ആലുവാലിയയുടെയും ഭരണകാലത്ത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മൂക്കുകുത്തിയിരിക്കുകയാണ്.
മതേതരത്വത്തിന്റെയും വര്‍ഗീയതയുടെയും ചെകുത്താനെ തുറന്നുവിട്ടുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്ഗ്രസിന്റെശ്രമം. എന്നാ ല്‍ ബിജെപി പ്രചാരണ ആയുധമാക്കിയിരിക്കുന്നത് സദ്ഭരണമാണ്. പാര്‍ട്ടിയുടെ എല്ലാതലത്തിലുമുള്ള നേതാക്കളും പ്രവര്‍ത്തകരും ഐകകണ്ഠ്യേന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്നും അനന്ത്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: