തിരുവനന്തപുരം: തെലങ്കാന രൂപീകരിക്കുമെന്ന കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപനം തട്ടിപ്പാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബന്ദാരു ദത്താത്രേയ. ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ജന്മഭൂമിയോടു പറഞ്ഞു.
തെലങ്കാന രൂപീകരിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി തീരുമാനിച്ചു എന്നാണിപ്പോള്‍ പറയുന്നത്. ഇതില്‍ പുതുമ ഒന്നുമില്ല. കഴിഞ്ഞ ഡിസംബര്‍ 9ന് തെലുങ്കാന രൂപീകരിക്കുമെന്ന് പി. ചിദംബരം പ്രഖ്യാപിച്ചിരുന്നതാണ്. അത്തരമൊരു പ്രഖ്യാപനം മാത്രമായേ ഇതിനെ കാണാനാകൂ. ഇനി കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനമെടുക്കണം. പിന്നീട് സര്‍ക്കാര്‍ തീരുമാനിക്കണം. ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരണം. ഇതിനൊക്കെ കാലതാമസം ഉണ്ടാകും. പ്രശ്നം വലിച്ചുനീട്ടിക്കൊണ്ടുപോകുക മാത്രമാണ് കോണ്‍ഗ്രസ് ലക്ഷ്യം.
ഏതായാലും കോണ്‍ഗ്രസ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്ന തെലുങ്കാനയെ ബിജെപി അംഗീകരിക്കില്ല. ഹൈദരാബാദ് ഉള്‍പ്പെടെ തെലങ്കാന മേഖലയിലെ 10 ജില്ലകള്‍ ചേരുന്ന തെലങ്കാനയ്ക്കുവേണ്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നതും ഈയൊരു തെലങ്കാനയാണ്. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമായി നിലനിര്‍ത്തി റായലസീമ മേഖലയിലെ രണ്ട് ജില്ലകള്‍ ഉള്‍പ്പെടുത്തിയുള്ള തെലുങ്കാനയെക്കുറിച്ചാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്. ചര്‍ച്ച, സമവായം എന്ന തന്ത്രം തുടരാനാണ് തെലങ്കാനയുടെ രൂപംതന്നെ മാറ്റിക്കൊണ്ടുള്ള പുതിയ നിലപാട്. ഇത് ജനം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്സിനുതന്നെ അറിയാം.
തെലങ്കാന രൂപീകരിച്ചാല്‍ ആന്ധ്രയില്‍ വലിയപ്രശ്നം ഉണ്ടാകുമെന്ന പ്രചാരണവും തെറ്റാണ്. പ്രശ്നം കോണ്‍ഗ്രസിലാണ് ഉണ്ടാകുക. ചില കോണ്‍ഗ്രസ് മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും നിലനില്‍പ്പ് ഇല്ലാതാകും. തെലങ്കാന മേഖലയില്‍ കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെടും. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയും. ഇതാണ് കോണ്‍ഗ്രസ്സിനെ അലട്ടുന്നത്.
ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്ന ഭീകരസംഘടന ഇല്ലെന്ന കേന്ദ്രമന്ത്രി റഹ്മാന്‍ഖാന്റെ പ്രസ്താവന ഭീകരവാദത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ്സിന്റെ നിലപാടാണ് പുറത്തുകൊണ്ടുവരുന്നത്. നിരോധിക്കപ്പെട്ട ‘സിമി’യുടെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പലരും ഇന്ത്യന്‍ മുജാഹിദ്ദീനില്‍ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോടതിപോലും ഇക്കാര്യം അംഗീകരിച്ചിട്ടുള്ളതാണ്. എന്നിട്ടും കോണ്ഗ്രസ്സിനുമാത്രം മനസിലാകുന്നില്ല. ഭീകരതയുടെ വ്യാപ്തി മനസ്സിലാക്കി അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിച്ചു. അതിന്റെ ഫലവും അവര്‍ക്കുണ്ടായി. ഇവിടുത്തെ കപട മതേതരവാദികള്‍ ഇത് മനസ്സിലാക്കുന്നേയില്ല.
ദിഗ്വിജയ് സിംഗ് ഉള്‍പ്പെടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് റഹ്മാന്‍ഖാന്റെ നിലപാട്, ദത്താത്രേയ പറഞ്ഞു. ബിജെപി വളരെ മുന്നോട്ടുപോകുന്നു എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയചിത്രം. തെരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപി കൂടുതല്‍ മുന്നോട്ടുപോകും. സോളാര്‍ പ്രശ്നം ദേശീയതലത്തില്‍ ബിജെപി ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ചോദ്യത്തിനു മറുപടിയായി ദത്താത്രേയ പറഞ്ഞു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: