കൊച്ചി: വികസനത്തിന്റെ ഇരയായി കുടിയിറക്കപ്പെട്ട വിധവയ്ക്ക് ഒടുവില്‍ വാടകവീട്ടില്‍ അന്ത്യം. വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന്റെ ഭാഗമായി മൂലമ്പിള്ളിയില്‍നിന്ന് കുടിയിറക്കപ്പെട്ട വിധവ മൂലമ്പിള്ളി തിട്ടയില്‍ സുഭദ്രയാണ് വാടകവീട്ടില്‍ മരിച്ചത്. വീട്നിര്‍മാണത്തിന് ധനസഹായം നിഷേധിക്കപ്പെട്ട ഇവര്‍ വാടകവീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ റവന്യൂ അധികാരികള്‍ കുടിയിറക്കിയതിന് ശേഷം ദുരിതമയമായിത്തീര്‍ന്ന ജീവിതത്തിനാണ് ഇന്നലെ വാടകവീട്ടില്‍ അന്ത്യമായത്.
രാജ്യത്തിന്റെ സ്വപ്നപദ്ധതിക്കുവേണ്ടി ഇടതുമുന്നണി സര്‍ക്കാര്‍ 2008 ഫെബ്രുവരി 6-ാം തീയതിയാണ് ഇവരെ കുടിയിറക്കിയത്. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി 2005-ല്‍ പൊന്നും വില നിയമത്തിന്റെ മറവില്‍ പുനരധിവാസം നിഷേധിച്ചുകൊണ്ട് സ്ഥലമേറ്റെടുക്കല്‍ നടപടി തുടങ്ങിയപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന സുഭദ്രയുടെ ഭര്‍ത്താവ് തിട്ടയില്‍ പരമേശ്വരന് ഹൃദയാഘാതംമൂലം മരിച്ചു. പിന്നാക്കസമുദായത്തില്‍പ്പെട്ട ഈ വിധവ തങ്ങള്‍ക്ക് കുടികിടപ്പവകാശമായി കിട്ടിയ പത്ത് സെന്റ് ഭൂമിയില്‍ ചെറിയ ഓടിട്ടപുരയില് വിവാഹിതരായ മൂന്നുമക്കളോടൊപ്പമാണ് വസിച്ചിരുന്നത്. ഈ ഭൂമിയുടെ പട്ടയം സ്ഥലമേറ്റെടുക്കുന്ന സമയത്ത് ഹാജരാക്കിയില്ല എന്ന മുടന്തന്‍ന്യായം ചൂണ്ടിക്കാട്ടികൊണ്ട് നഷ്ടപരിഹാരമായി സര്‍ക്കാര്‍ നല്കുന്ന നാമമാത്രമായ തുക കോടതിയില്‍ കെട്ടിവയ്ക്കുകയാണുണ്ടായത്. സ്ഥലമുടമയുടെ രേഖാമൂലമുളള സമ്മതപത്രം റവന്യൂഅധികാരികള്ക്ക് ലഭിച്ചാല്‍ മാത്രമേ റവന്യൂ ഇന്‍സ്പെക്ടര്‍ക്ക് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുളളൂ.
പ്രക്ഷോഭത്തിന്റെ ഭാഗമെന്ന നിലയില്‍ കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ തീരുമാനപ്രകാരം മൂലമ്പിളളിയിലെ പത്ത് കുടുംബങ്ങള്‍ സമ്മതപത്രം നല്കുവാന് വിസമ്മതിച്ചു. 2008 ഫെബ്രുവരി 6-ാം തീയതി വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ റവന്യൂഅധികാരികള്‍ സുഭദ്രാ പരമേശ്വരന്റെ വീടു വളഞ്ഞു. കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളിക്കിടയില്‍ റവന്യൂ അധികാരികള്‍ സുഭദ്രാ പരമേശ്വരന്റെ ഒപ്പ് സമ്മതപത്രത്തില്‍ രേഖപ്പെടുത്തുവാന്‍ പരിശ്രമിച്ചു. ചെറുത്തു നില്പ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മോഹാലസ്യപ്പെട്ടുവീണ സുഭദ്രയുടെ വിരലടയാളം സമ്മതപത്രത്തില്‍ ബലമായി രേഖപ്പെടുത്തിക്കൊണ്ടാണ് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്ന് കോര്‍ഡിനേഷന്‍ കമ്മറ്റി ആരോപിച്ചിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും വീടു നിര്‍മിക്കാന്‍ ആവശ്യമായ പെയിലിങ്ങിന്റെ തുക ഇതുവരെ നല്‍കിയിട്ടില്ല. അഞ്ച് സെന്റ് ഭൂമി മൂലമ്പിളളി പുഴപ്പുറമ്പോക്ക് നികത്തിയെടുത്ത് പുനരധിവാസത്തിനായി നല്‍കിയിട്ടുണ്ടെങ്കിലും ധനസഹായം ലഭിക്കാത്തതിനാല്‍ വീട് നിര്‍മിക്കാനായിട്ടില്ല. വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നതുവരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കാമെന്നേറ്റിരുന്ന വാടകയും കഴിഞ്ഞ ഒന്നര വര്‍ഷമായി ജില്ലാഭരണാധികാരികള്‍ സാങ്കേതിക കാര്യങ്ങളുടെ മറവില്‍ തടഞ്ഞുവച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സുഭദ്രയുടെ മരണം.
ദിലീപ്, ദീപ, ദീപ്തി എന്നിവരാണ് മക്കള്‍. സംസ്കാരം നടത്തി. മൂലമ്പിള്ളി സമരനേതാക്കളായ സി.ആര്. നീലകണ്ഠന്, ഫ്രാന്‍സിസ് കളത്തിങ്കല്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ് തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: