Categories: Vicharam

അധ്വാനവര്‍ഗ സൈദ്ധാന്തികന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോണ്‍ഗ്രസിന്റെ മരങ്ങാട്ടുപിള്ളി വാര്‍ഡ്‌ കമ്മിറ്റി പ്രസിഡന്റായിരുന്നു അറുപത്‌ കൊല്ലം മുമ്പ്‌ കരിങ്ങോഴക്കന്‍ തോമസ്‌ മാണി മകന്‍ കുഞ്ഞുമാണി. കെപിസിസി മെമ്പറായും കോട്ടയം ഡിസിസിയുടെ സെക്രട്ടറിയായുമൊക്കെ വിലസിനടന്നൊരു കാലമുണ്ട്‌ പഴയ ചരിത്ര പുസ്തകത്തില്‍. ആ പോക്ക്‌ പോയിരുന്നെങ്കില്‍ മാണി പണ്ടേക്ക്‌ പണ്ടേ കേരളത്തിന്റെ മുഖ്യമന്ത്ര ആകുമായിരുന്നു എന്ന്‌ കരുതുന്നവര്‍ ഏറെയുണ്ട്‌. സോണിയയുടെ അടുക്കള വഴി ആന്റണി കേന്ദ്ര പ്രതിരോധനായതിന്റെ വിശേഷം കേട്ടപ്പോള്‍ മാണിമനസിലും അതിലും വലിയ ചില നഷ്ടമോഹങ്ങള്‍ പുത്തിരുന്നുവെന്ന്‌ കേള്‍ക്കുന്നു.

എന്തായാലും കരിങ്ങോഴക്കന്‍ മാണി മാണി എന്ന കെ.എം. മാണി വേലിക്കകത്ത്‌ ശങ്കരന്‍ മകന്‍ അച്യുതാനന്ദനേക്കാള്‍ കേമനും വിശ്വസിക്കാന്‍ കൊള്ളാവുന്നവനുമാണെന്ന്‌ ഇടതുനേതാക്കള്‍ ചൂണ്ടക്കൊളുത്ത്‌ നീട്ടിയിരിക്കുന്നു. പതിനൊന്ന്‌ ബജറ്റ്‌ അവതരിപ്പിച്ച മാണി ഇപ്പോള്‍ തല പുകഞ്ഞ ചിന്തയിലാണ്‌. മാണി സാറിനെ ഏതെങ്കിലും ഒരു വഴിക്കാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ഒപ്പം കൂടിയ ജോര്‍ജ്‌ പുണ്യവാളന്റെ വെളിപാടിന്‌ പിന്നാലെയാണ്‌ കോടിയേരി മാണിയുടെ പേരുയര്‍ത്തിയത്‌ എന്നതാണ്‌ ആശങ്കയ്‌ക്ക്‌ കാരണം. സത്യം പറയാന്‍ ജോര്‍ജിന്‌ വിലക്കില്ലെന്ന്‌ മാണിസാര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്‌.

സോണിയയുടെ യുപിഎ സര്‍ക്കാര്‍ തന്റെ പാര്‍ട്ടിയെ കറിവേപ്പില പോലെ അവഗണിക്കുകയാണെന്ന ആക്ഷേപം മാണിക്കുണ്ട്‌. രണ്ടില പോലെ രണ്ട്‌ എംപിമാര്‍ മാത്രമുള്ള എല്ലാ പാര്‍ട്ടികള്‍ക്കും കേന്ദ്രത്തില്‍ മന്ത്രിയെ കൊടുത്തവര്‍ തന്നെയും തന്റെ മകന്‍ ജോസൂട്ടിയെയും അപമാനിക്കുകയാണെന്ന വേദന ഇടയ്‌ക്കിടെ അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്‌. ആറ്‌ മക്കളില്‍ ഏക ആണ്‍തരിയായ ജോസിനെ വളര്‍ത്തി വലുതാക്കി എംപിയാക്കിയത്‌ പലതും മനസില്‍ കണ്ടിട്ട്‌ തന്നെയാണ്‌. ഇടതന്റെ ചൂണ്ടയില്‍ നിന്ന്‌ ഇരട്ടക്കൊളുത്ത്‌ ഉണ്ടാക്കാനാകുമോ എന്നാണ്‌ മധ്യ കേരളത്തിന്റെ രാഷ്‌ട്രീയം ആറ്‌ പരിറ്റാണ്ടായി നിയന്ത്രിക്കുന്ന മാണിയുടെ ആലോചന. ഒന്നുകില്‍ കേരളത്തില്‍ മുഖ്യമന്ത്രി, അല്ലെങ്കില്‍ ജോസുമോനൊരു കേന്ദ്രമന്ത്രിപ്പട്ടം. അറിഞ്ഞൊന്നു കളിച്ചാല്‍ ഇപ്പോള്‍ അത്‌ നടക്കും എന്ന്‌ മാണിക്കറിയാം. ഏത്‌ കുറ്റിച്ചൂലിനും കേന്ദ്രമന്ത്രിയാകാം എന്ന്‌ തെളിയിക്കുന്ന പുനസംഘടനകള്‍ പലത്‌ കഴിഞ്ഞിട്ടും മാണിയുടെ മകന്‍ മാത്രം കയ്യാലപ്പുറത്തിരിക്കുന്നതൊരു വൃത്തികേടായിട്ടേ അറിവുള്ളവരും കരുതുകയുള്ളൂ.

സരിതാഘാതമേറ്റ്‌ ഉമ്മന്‍ചാണ്ടി പടിയിറങ്ങണോ വേണ്ടയോ എന്ന ചര്‍ച്ച കൊഴുക്കുമ്പോഴാണ്‌ മാണിസഖാവിന്‌ അഭിവാദ്യങ്ങള്‍ എന്ന മുദ്രാവാക്യം വിളികള്‍ മുഴങ്ങുന്നത്‌. അത്‌ കേട്ടപ്പോഴേ മരങ്ങാട്ടുപിള്ളിക്കാരന്റെ മനസില്‍ ലഡു പൊട്ടിയതാണ്‌. 1979ല്‍ കപ്പിനും ചുണ്ടിനുമിടില്‍ തൂവിപ്പോയ കൂടിയ ബ്രാന്‍ഡ്‌ ലഹരിയാണ്‌ മുന്നില്‍. അന്ന്‌ ഇടങ്കോലിട്ടവര്‍ ഇന്നും സജീവമായി രംഗത്തുണ്ട്‌. അവരെ മറികടക്കാനാണ്‌ ഒരിടത്‌ സംബന്ധം. പി.കെ. വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിപദം രാജിവെച്ചപ്പോഴായിരുന്നു കെ.എം. മാണി കേരളാ മുഖ്യന്‍ എന്ന ചൊല്ല്‌ ആദ്യം കേട്ടത്‌. അന്ന്‌ കോരിയ കുളിര്‌ ഇന്നും മാറിയിട്ടില്ല. പക്ഷേ ലീഗ്‌ പാര വെച്ചു. മാണിക്ക്‌ പകരം നമ്മുടെ മുനീറിന്റെ ബാപ്പ സി.എച്ച്‌. മുഹമ്മദ്കോയ മുഖ്യനായി. രണ്ട്‌ മാസത്തില്‍ കുടുതല്‍ സഹിക്കാനായില്ല മാണിക്ക്‌. പാലം വലിച്ചു. സിഎച്ച്‌ വീണു. അപ്പോഴും മനസണ്‍നു കുളിര്‍ത്തു. കരുണാകരന്‍ നയിക്കുന്ന കോണ്‍ഗ്രസ്‌ ഇടഞ്ഞു. മാണിയെ അനുവദിച്ചാല്‍ കോട്ടയം ഹൈറേഞ്ച്‌ മേഖലയില്‍ പള്ളിപ്പട കോണ്‍ഗ്രസിനെ തുന്നം പാടിക്കുമെന്നായിരുന്നു കണ്ടെത്തല്‍. അല്ലെങ്കില്‍ത്തന്നെ അന്നേ പൗണ്‍ഡ്രക കരുണാകരനായാണ്‌ കോട്ടയം മേഖലയില്‍ മാണിയുടെ നടപ്പ്‌. കരുണാകരന്‍ മാളയുടെ മാണിക്യമാണെങ്കില്‍ താന്‍ പാലായുടെ മാണിക്യമാണെന്നായിരുന്നു പ്രചാരണം. പലകുറി കോണ്‍ഗ്രസിലേക്ക്‌ ക്ഷണമുണ്ടായിട്ടും മാണി പോകാതിരുന്നത്‌ ഒരു പാര്‍ട്ടിയില്‍ രണ്ട്‌ ലീഡര്‍മാര്‍ വാഴില്ലെന്നതു കൊണ്ടായിരുന്നുവത്രെ. അന്ന്‌ കൈവിട്ട പട്ടമാണ്‌ പിന്നെയും പാറിപ്പറന്ന്‌ മുന്നില്‍ വന്ന്‌ മാടി വിളിക്കുന്നത്‌.

നാല്‍പത്തെട്ട്‌ കൊല്ലമായി മാണിയില്ലാത്ത നിയമസഭയില്ല. പാലായില്‍ തുടങ്ങി പാലായോളം വളര്‍ന്ന്‌ പാലാ തന്നെയാണ്‌ കേരളം എന്ന്‌ പലരെക്കൊണ്ടും പറയിച്ച പാരമ്പര്യവും ഭരണനൈപുണ്യവുമുണ്ട്‌ മാണിക്ക്‌. പതിനൊന്ന്‌ തവണ ബജറ്റ്‌ അവതരിപ്പിച്ചതിന്റെ ഖ്യാതി വേറെ. പിളര്‍ന്ന്‌ പിളര്‍ന്ന്‌ കേരളാ കോണ്‍ഗ്രസ്‌ പല തുണ്ടായിട്ടും മാണിയുടെ പാര്‍ട്ടി തന്നെയായിരുന്നു കൂട്ടത്തില്‍ എന്നും കൊമ്പത്ത്‌. 1964ലാണ്‌ പിളരും തോറു വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന മാണി ഇഫക്ട്‌ കേരളത്തില്‍ പിറന്നത്‌. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരില്‍ മധ്യകേരളത്തിന്റെ കുത്തകയുമായാണ്‌ മാണി ഇക്കുറി നിലയുറപ്പിച്ചത്‌. പതിനഞ്ച്‌ സീറ്റിന്റെ ബിഷപ്പ്‌. പച്ച ബെല്‍റ്റില്‍നിന്ന്‌ കുഞ്ഞാപ്പയും പാലാ ബെല്‍റ്റില്‍ നിന്ന്‌ കുഞ്ഞുമാണിയും ചേര്‍ന്ന്‌ കേരളം അടക്കിവാഴുകയാണെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്‌.

പെരുന്നയില്‍ നിന്ന്‌ താക്കോല്‍സ്ഥാനം തേടിയുള്ള ‘ഭൂരിപക്ഷ അവകാശപ്പോരാട്ടം’ ഒരു വഴിക്കായപ്പോള്‍ മാണി ഒന്നൊരുങ്ങിയിറങ്ങിയതാണ്‌. ഉപമുഖ്യമന്ത്രിയാകാനും മാണിസാര്‍തന്നെ യോഗ്യനെന്ന്‌ അന്നും വെളിപ്പെട്ടത്‌ ജോര്‍ജ്‌ പുണ്യവാളന്‍തന്നെ. അസുഖം മനസിലായപ്പോഴേ കുഞ്ഞാപ്പ അത്‌ വെട്ടി. സിഎച്ചിന്റെ പഴയ പാരമ്പര്യവും അന്ന്‌ കുഞ്ഞാലിക്കുട്ടി പറയാന്‍ മറന്നില്ല. ഇപ്പോള്‍ യുഎന്‍ പുരസ്ക്കാരജേതാവ്‌ പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയുടെ ശൈലി കുഞ്ഞാപ്പയ്‌ക്ക്‌ പിടിക്കുന്നില്ല. ഒരുവിധപ്പെട്ട ഫോണ്‍വിളികളൊന്നും മിസ്ഡ്കാളാക്കാത്ത തന്നെയും കടത്തിവെട്ടി ഉമ്മന്‍ചാണ്ടി. ഇങ്ങനെ പോയാല്‍ ഭരണം വിടാനും മടിക്കില്ലെന്നായിരുന്നു പ്രഖ്യാപനം. അതിന്‌ പിന്നാലെയാണ്‌ പൂക്കളുമായി മുന്നില്‍ വന്നുനില്‍ക്കുന്ന തൊഴിലാളിവര്‍ഗ പാര്‍ട്ടിക്കാര്‍ക്ക്‌ മുന്നില്‍ വാതില്‍ പാതിചാരി മാണി ‘വേണ്ടണം’ എന്ന്‌ മൊഴിയുന്നത്‌.

ലോകകമ്യൂണിസം പൊളിഞ്ഞടിയുന്നതിനുംമുമ്പേ പാലായില്‍ വിരിഞ്ഞ അത്ഭുത പ്രത്യയശാസ്ത്രമാണ്‌ മാണീസ്ക്യാപിറ്റല്‍ എന്ന്‌ വിളിക്കപ്പെടുന്ന അധ്വാനവര്‍ഗ സിദ്ധാന്തം. മെയ്യനങ്ങി ഒരു പണിയുമെടുക്കാതെ റബര്‍ വിറ്റുതിന്നുന്ന ഒരു കൂട്ടരുടെ വോട്ടിന്മേലാണ്‌ അഭ്യാസമെങ്കിലും മാണിയന്‍ പ്രത്യയശാസ്ത്രം അങ്ങ്‌ ബ്രിട്ടീഷ്‌ പാര്‍ലമെന്റിന്റെ പടി കയറി. ഉമ്മന്‍ചാണ്ടിയുടെ സമ്പര്‍ക്കക്രാന്തി യുഎന്നിലെത്തും മുമ്പേ മാണീസ്ക്യാപിറ്റല്‍ ഓക്സ്ഫോഡ്‌ സര്‍വകലാശാലയിലെത്തി. അപ്പോള്‍ പിന്നെ മാര്‍ക്സിന്റെ ദാസ്ക്യാപിറ്റലിനേക്കാള്‍ മെച്ചമാണ്‌ മാണീസ്‌ ക്യാപിറ്റലെന്ന്‌ ഇടതന്മാര്‍ ചിന്തിച്ചതില്‍ തെറ്റില്ല.

ഡിഫിക്കാരുടെ വെളുത്ത കൊടിയും സിപിഎമ്മിന്റെ ചുവന്നകൊടിയും കൂട്ടിക്കെട്ടിയാല്‍ മാണികോണ്‍ഗ്രസിന്റെ കൊടിയാകും. പിന്നെ പള്ളിയെയും പട്ടക്കാരെയും മൈക്ക്‌ വെച്ചുകെട്ടി തെറി പറയുമെങ്കിലും തെരഞ്ഞെടുപ്പടുക്കുമ്പോള്‍ അരമനവാതിലിലും അടുക്കളപ്പുറത്തും അടക്കം പറയുന്നിടത്തുമൊക്കെ നാണമില്ലാതെ കേറിച്ചെല്ലുന്ന ശീലം കൂടപ്പിറപ്പാണ്‌ താനും. ആയാലൊരു മുഖ്യന്‍. എന്തായാലും മാണിയുടെ കച്ചവടത്തില്‍ നഷ്ടക്കണക്കുകള്‍ കുറവാണ്‌.

എം. സതീശന്‍