കെയ്റോ: ആഭ്യന്തര കലാപം മൂലമുണ്ടായ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ഈജിപ്തില്‍ പുറത്താക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്നവര്ക്കുനേരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേര് കൊല്ലപ്പെട്ടു. 300ലധികംപേര്‍ക്ക് പരിക്കേറ്റു.മുസ്ലിം ബ്രദര്‍ഹുഡ് അനുകൂലികളാണ് മരിച്ചതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
മുര്‍സിയെ പട്ടാളം പാര്‍പ്പിച്ചിരിക്കുന്ന ഇടമെന്നു സംശയിക്കുന്ന നസര്‍ നഗരത്തിലെ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡ് ക്ലബ്ബിനു മുന്നില്‍ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചവര്‍ക്കെതിരെയാണ് ഇന്നലെ സൈനിക നടപടിയുണ്ടായത്.
ബാരക്കുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചവരെ സൈന്യം വെടിവയ്ക്കുകയായിരുന്നു. ഹൊസ്നി മുബാറക്കിന്റ പതനശേഷം കഴിഞ്ഞവര്‍ഷം തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ ജൂലൈ മൂന്നിനാണ് സൈന്യം അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
തുടര്‍ന്ന് പരമോന്നത ഭരണഘടനാ കോടതി ജഡ്ജായ അദ്ലി മന്സോറിനെ താത്കാലിക പ്രസിഡന്റായി നിയമിച്ചു. പിന്നാലെ മുര്‍സിയെ പ്രസിഡന്റ് പദത്തില്‍ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം തെരുവിലിറങ്ങുകയായിരുന്നു.
വെള്ളിയാഴ്ച്ച സൈന്യവും മുര്‍സി അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു പേര് മരിച്ചിരുന്നു. അതേസമയം, ഈജിപ്തിലെ പ്രശ്നപരിഹാര സാധ്യതകള്‍ അടയുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കയേറുകയാണ്.
ഇടക്കാല പ്രധാനമന്ത്രിയായി മൊഹമ്മദ് എല്ബരാദിയെ നിയമിച്ചതിലും അവ്യക്ത ഉടലെടുത്തിരുന്നു. മുര്‍സിയുടെ കടുത്ത വിമര്‍ശകനായ എല്‍ബരാദിയുടെ നിയമന വാര്‍ത്ത താത്കാലിക പ്രസിഡന്റ് മന്‍സോറിന്റെ വക്താവ് നിഷേധിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: