സുക്രെ: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വര്‍ഡ് സ്നോഡന് ഉണ്ടെന്നു കരുതി ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മൊറാലസിന്റ വിമാനം തടഞ്ഞുവച്ചു പരിശോധിച്ച നടപടിയെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. വേണ്ടിവന്നാല്‍ ബൊളീവിയയിലെ യുഎസ് എംബസി അടയ്ക്കുമെന്ന് മൊറാലസ് മുന്നറിയിപ്പ് നല്കി. ലാറ്റിനമേരിക്കന്‍ നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതിന്പിന്നാലെയാണ് മൊറാലസിന്റെ പ്രകോപനപരമായ പ്രതികരണം.
ബൊളീവിയയില്‍ അമേരിക്കന്‍ എംബസിയുടെ ആവശ്യമില്ല. അതടച്ചുപൂട്ടാന്‍ എന്റെ കൈവിറയ്ക്കില്ല. നമുക്കും ആത്മാഭിമാനമുണ്ട്. പരമാധികാരമുണ്ട്. യുഎസിന്റെസഹായമില്ലാതെതന്ന രാഷ്ട്രീയമായും ജനാധിപത്യപരമായി മെച്ചപ്പെട്ടവരാണ് നമ്മള്, മൊറാലസ് പറഞ്ഞു.
ഈ അപമാനം അസഹനീയം. ഒരു യൂറോപ്യന്‍ രാഷ്ട്രത്തലവനോ അമേരിക്കന്‍ പ്രസിഡന്റിനോ ഇത്തരമൊര് അനുഭവം നേരിടേണ്ടിവന്നെങ്കില്‍ അതു യുദ്ധത്തിനു കാരണമായേനെയെന്നും മൊറാലസ് ചൂണ്ടിക്കാട്ടി.
റഷ്യയില്‍ ഊര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് മൊറാലസ് സഞ്ചരിച്ച ജെറ്റ് വിമാനത്തില്‍ സ്നോഡനുണ്ടെന്ന സംശയം ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം ഓസ്ട്രിയയിലേക്ക് വഴിതിരിച്ചു വിട്ടു. വിയന്ന എയര്‍പോര്‍ട്ടില്‍ ഇറക്കിയ വിമാനത്തില്‍ ഓസ്ട്രിയന്‍ അധികൃതര്‍ പരിശോധന നടത്തിയെങ്കിലും സ്നോഡന് ഇല്ലെന്നു വ്യക്തമായി. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്, ഇറ്റലി എന്നിവര്‍ മൊറാലസിന്റെ വിമാനത്തെ വ്യോമാതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്ന് പിന്നാലെ ആരോപണമുയര്‍ന്നു. എന്നാല്‍ മൊറാലസിനെ ആക്ഷേപം ഫ്രാന്‍സും സ്പെയിനും നിഷേധിച്ചിരുന്നു. പക്ഷേ, അവരുടെ വാദം തള്ളിയ മൊറാലസ് അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ തനിക്ക് വ്യോമ നിരോധനം ഏര്‍പ്പെടുത്തിയതെന്ന് കുറ്റപ്പെടുത്തി. യുഎസിന്റെ നിയന്ത്രണത്തില്‍ നിന്ന് യൂറോപ്പ് പുറത്തുവരണമെന്ന മൊറാലസിന്റെ നിര്‍ദേശവും സ്ഥിതിഗതികള്‍ വഷളാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: