മോസ്കോ: അമേരിക്ക ചാരവൃത്തിക്കുറ്റം ചുമത്തിയ മുന്‍ സിഐഎ ഉദ്യോഗസ്ഥന് എഡ്വേര്‍ഡ് സ്നോഡന് കയറിയിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബൊളീവിയന്‍ പ്രസിഡന്റ് ഇവൊ മൊറാലസിന്റെ വിമാനം വഴിതിരിച്ചുവിട്ടു.
ഗ്യാസ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം റഷ്യയില്‍ നിന്ന് മൊറാലസ് ബൊളീവിയയിലേക്ക് മടങ്ങവെയാണ് സംഭവം.
മൊറാലസ് സഞ്ചരിച്ച ജെറ്റ് വിമാനത്തില്‍ സ്നോഡന് ഇരിപ്പുണ്ടെന്ന് സംശയം ഉയര്‍ന്നു. സ്നോഡന് ബൊളീവിയയില്‍ അഭയംപ്രാപിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതും സംശയത്തിന്റെ ബലമേറ്റി. തുടര്‍ന്ന് വിമാനം ഓസ്ട്രിയയിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം വിയന്ന എയര്‍ പോര്‍ട്ടില്‍ ഇറക്കിയശേഷം ഓസ്ട്രിയന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്നോഡന് ഇല്ലെന്നു വ്യക്തമായി.
അതേസമയം, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്പെയിന്, ഇറ്റലി എന്നിവര്‍ മൊറാലസിന്റെ വിമാനത്തെ വ്യോമാതിര്‍ത്തി കടക്കാന്‍ അനുവദിച്ചില്ലെന്ന് ബൊളീവിയ ആരോപിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ലാറ്റിനമേരിക്കന്‍ നേതാക്കള്‍ അടിയന്തരയോഗം ചേരണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫ്രാന്‍സും സ്പെയിനും ആരോപണം നിഷേധിച്ചു.
തങ്ങളുടെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കാന്‍ മൊറാലസിനെ അനുവദിച്ചെന്നും സ്പെയിന് വെളിപ്പെടുത്തി. ലോകത്തെമ്പാടുമുള്ള ഇന്റര്‍നെറ്റ് സംവിധാനങ്ങളില്‍ നിന്നു വിവരങ്ങള്‍ ചോര്‍ത്തുന്ന യുഎസ് പ്രിസം പദ്ധതി പുറത്തുവിട്ടതിലൂടെയാണ് സ്നോഡന്അമേരിക്കയുടെ കണ്ണിലെ കരടായത്.
ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ രാഷ്ട്രീയ അഭയം അഭ്യര്‍ഥിച്ച സ്നോഡന് ഇപ്പോഴും മോസ്കോ ഷെര്മെറ്റിയെവോ വിമാനത്താവളത്തിലുണ്ടെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: