തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സെക്യൂരിറ്റി ജീവനക്കാരന് സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്. ഒരു എഡിജിപിക്കും തട്ടിപ്പില്‍ പങ്കുണ്ടന്നും ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഎസിന്റെ സുരക്ഷാചുമതലയിലുള്ള സിജുവെന്ന പോലിസുകാരന് തട്ടിപ്പുസംഘത്തിലെ സജീവപ്രവര്‍ത്തകനും വക്താവുമാണ്. ഇക്കാര്യം വിഎസിന് അറിയാമെന്ന് കരുതുന്നില്ല. താന്‍ വി എസിനോട് ഇത് പറഞ്ഞിട്ടുമില്ല. വി എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തും ഇപ്പോഴും ഇയാള്‍ സുരക്ഷാചുമതലയിലുണ്ട്. വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സരിത.എസ്.നായരുടെ ക്രെഡിറ്റ് ഇന്ററസ്റ്റ് എന്ന സ്ഥാപനത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുന്നത് സിജുവാണ്. ഓഫിസില്‍ പരാതിയുമായെത്തുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതും സിജുവാണ്. സിജുവിനെതിരെ തന്റെ പക്കല്‍ തെളിവുണ്ടെന്നും പരാതി നല്‍കും.
പതിനായിരം കോടി രൂപയുടെ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടെന്നും വന്‍ സ്രാവുകള്‍ പിടികൂടാനുണ്ടെന്നും താന്‍ പറഞ്ഞിട്ടില്ല. താന്‍ ഇത്തരത്തില്‍ എവിടെയെങ്കിലും പറഞ്ഞതായി തെളിയിച്ചാല്‍ അംഗീകരിക്കാം. പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന് സ്ഥിരമായി നിയമസഭയില്‍ ഉരുവിടുന്നത് അപമാകരമാണ്. തന്റെ പേരുപറഞ്ഞ് നിയമസഭ തടസ്സപ്പെടുത്തുന്നതില്‍നിന്ന് പ്രതിപക്ഷം പിന്മാറണം. സരിത.എസ്.നായരുടെ ടീം സോളാറിന് അനര്‍ട്ടിന്റെ അംഗീകാരം ലഭിച്ചിരുന്നുവെങ്കില്‍ കേരളത്തില്‍ പതിനായിരം കോടിയുടെ തട്ടിപ്പ് നടക്കുമായിരുന്നുവെന്നാണ് താന്‍ പറഞ്ഞത്. അനര്‍ട്ടിന്റെ ഏജന്റാകാന്‍ കഴിയാത്ത സാഹചര്യത്തില്‍ മറ്റ് ഏജന്‍സികളുടെ പേര് പറഞ്ഞ് ഡ്യൂപ്ലിക്കേറ്റ് സോളാര്‍ നിര്‍മിച്ച് അവര്‍ തട്ടിപ്പ് നടത്തിവരികയായിരുന്നു. അഞ്ചുകോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞത്. എന്നാല്‍, ഇതില്‍ക്കൂടുതല്‍ തട്ടിപ്പാണ് ഇവര്‍ നടത്തിയിട്ടുള്ളത്. തട്ടിപ്പിനിരയായി ഒന്നേകാല്‍ക്കോടി രൂപ നഷ്ടപ്പെട്ട ഒരു വ്യക്തി തന്നെ പരാതിയുമായി സമീപിച്ചിരുന്നു. തട്ടിപ്പിനിരയായ പല മാന്യന്മാരും പേര് വെളിപ്പെടുമെന്ന് ഭയന്നാണ് പുറത്തുപറയാതിരിക്കുന്നത്.
സോളാര്‍ തട്ടിപ്പുസംഘം 2006 മുതല്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്‍ഡിഎഫ് നേതാക്കള്‍ക്ക് നേരിട്ട് തട്ടിപ്പില്‍ പങ്കുണ്ടെന്ന് പരാതിപ്പെടുന്നില്ല. എന്നാല്‍, അനര്‍ട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി നേതാക്കന്മാരെ സമീപിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കണം. മുന്‍ ആഭ്യന്തരമന്ത്രി കോടിയേരിയുടെ ഓഫിസില്‍ സരിത പോയിട്ടുണ്ട്. ബിജുവിന്റെ ഭാര്യ രശ്മി കൊല്ലപ്പെടുമെന്ന ഭയമുണ്ടെന്നും സംരക്ഷണം വേണമെന്നും കാണിച്ച് രശ്മിയുടെ അച്ഛന് 2006ല്‍ പരാതി നല്‍കിയിരുന്നു. ഭരിക്കുന്നവര്‍ അന്നത് ഗൗരവമായെടുത്തിരുന്നെങ്കില്‍ ഒരു ജീവന് രക്ഷിക്കാമായിരുന്നു. ചന്തയില്‍പ്പോലും ഉപയോഗിക്കാത്ത വാക്കുകളാണ് മുഖ്യമന്ത്രിക്കെതിരേ പ്രതിപക്ഷം പ്രയോഗിച്ചത്. ഇങ്ങനെ പോയാല്‍ നിയമസഭയുടെ പേര് അഡള്‍ട്ട്സ് ഒണ്‍ലി എന്നാക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: