കാസര്‍കോട്: വിമുക്തഭടന്മാര്ക്ക് ആശ്രയമാകേണ്ട സൈനിക ക്ഷേമ ഓഫീസില്‍ ഒന്നരവര്‍ഷത്തോളമായി ജില്ലാ ഓഫീസര്‍ ഇല്ല. സൈനിക സര്‍വ്വീസില്‍ നിന്നും പിരിഞ്ഞവര്‍ക്കും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികള്‍ സമയബന്ധിതമായി പ്രാവര്‍ത്തികമാക്കേണ്ടത് സൈനികക്ഷേമ ഓഫീസ് വഴിയാണ്. എന്നാല്‍ പലവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ ജില്ലാ ഓഫീസര്‍ ഇല്ലാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്. ആനുകൂല്യങ്ങള്‍ക്ക് സിവില്‍ സ്റ്റേഷനിലെ മുകള്‍ നിലയിലെ ഓഫീസ് കയറിയിറങ്ങുകയാണ് വിമുക്തഭടന്മാരും ആശ്രിതരും. നേരത്തെയുണ്ടായ ജില്ലാ ഓഫീസര്‍ കെ.കെ.പ്രഭാകരന് സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതാണ് സൈനികക്ഷേമ ഓഫീസിനെ നാഥനില്ലാ കളരിയാക്കിയത്. തുടര്‍ന്ന് ൨൦൧൨ മാര്‍ച്ച് ഒന്നാം തീയ്യതി മുതല്‍ കണ്ണൂറ് ജില്ലാ ഓഫീസര്‍ കെ.കെ.ഭാസ്കരന് സര്‍ക്കാര്‍ ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ രണ്ടുഓഫീസുകളിലേയും ജോലികള്‍ ഫലത്തില്‍ ജില്ലാ ഓഫീസര്‍ക്ക് ഭാരമായി തീര്‍ന്നിരിക്കുകയാണ്. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കണ്ണൂറ് ജില്ലാ ഓഫീസറെ കാസര്‍കോട്ട് ലഭിക്കുക. പലപ്പോഴും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിന് ഇത് തടസ്സമാകുന്നു. ഫയലുകള്‍ കണ്ണൂരില്‍ കൊണ്ടുപോയി ഒപ്പിട്ട് വാങ്ങേണ്ടിവന്ന സന്ദര്‍ഭം പോലും ഉണ്ടായി. ജില്ലാ ഓഫീസര്‍ ഇല്ലാത്തത് ഓഫീസിണ്റ്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെപ്പോലും അവതാളത്തിലാക്കിയിരിക്കുകയാണ്. ഒരു പാര്‍ട്ട്ടൈം സ്വീപ്പര്‍ അടക്കം അഞ്ച് പേരാണ് ഓഫീസില്‍ ജോലിക്കായുള്ളത്. പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോ ആവശ്യക്കാര്‍ക്ക് ജില്ലാ ഓഫീസറെ നേരില്‍കാണുന്നതിനോ അവസരം ലഭിക്കുന്നില്ല. നിലവില്‍ ചുമതല നല്‍കിയിരിക്കുന്ന കണ്ണൂറ് ജില്ലാ ഓഫീസര്‍ അടുത്തമാസം വിരമിക്കാനിരിക്കുകയാണ്. സാമ്പത്തിക സഹായങ്ങള്‍, മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം, സ്കോളര്‍ഷിപ്പ്, സര്‍വ്വീസിലിരിക്കെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി, പ്രത്യേക ആനുകൂല്യങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. ജില്ലാ ഓഫീസറുടെ ഒഴിവ് നികത്താത്തത് കലക്ട്രേറ്റില്‍ നടക്കുന്ന യോഗങ്ങളില്‍ ചര്‍ച്ചയും ഉയര്‍ന്നിരുന്നു. ജില്ലാ കലക്ടര്‍ക്ക് ഇതുസംബന്ധിച്ച് ചുമതല വഹിക്കുന്ന ഭാസ്കരന് അപേക്ഷയും നല്‍കിയിരുന്നു. സര്‍ക്കാറില്‍ ഈ ആവശ്യം ഉന്നയിക്കുമെന്ന് കലക്ടര്‍ ഉറപ്പും നല്കി. എന്നാല്‍ ഒന്നരവര്‍ഷം തികയുമ്പോഴും ഇതിന് പരിഹാരമായില്ല. ഇതിനിടയില്‍ പകരം ആളെ നിയമിച്ചിരുന്നുവെന്നും ലീവിലാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുമുണ്ട്. രാജ്യസേവനത്തിനുവേണ്ടി ജീവിതം മാറ്റിവെച്ചവരെ അവഹേളിക്കുന്ന സമീപനമാണ് സര്ക്കാറിണ്റ്റേതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: