“യാത്ര പറഞ്ഞ് പോയതിന് ശേഷവും പടിവാതില്ക്കല്
അവരോരോരുത്തരും ഒരു നിമിഷം തങ്ങിനില്ക്കുന്നു;
എന്തോ ഓര്‍ത്തെന്നപോലെ അവര്‍ തിരിഞ്ഞുനോക്കുന്നു
പക്ഷേ, അവര്‍ മടങ്ങുന്നില്ല, ഒരിക്കലുമവര്‍ മടങ്ങുന്നില്ല “
അനുഭവങ്ങളും കൂടിക്കാഴ്ച്ചകളും കഥയും കവിതയുമാക്കിയ അനുഗൃഹീത എഴുത്തുകാരി ആരുടെ വിയോഗത്തിലായിരിക്കും ഇങ്ങനെ കുറിച്ചതെന്നറിയില്ല. എങ്കിലും തോന്നുന്നു എന്തോ ഓര്‍ത്ത് എവിടെയോ തിരിഞ്ഞുനോക്കി നില്ക്കുന്നുണ്ടാകും മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയെന്ന്.
സര്‍ഗധനയായ എഴുത്തുകാരിയുടെ വിയോഗത്തിന് നാലാണ്ട്. പറഞ്ഞതൊക്കെ നേരോ നുണയോ എന്ന സംശയം കേട്ടവര്‍ക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. എങ്കിലും പറയാനുള്ളതൊക്കെ പറഞ്ഞു കൊണ്ടേയിരുന്നു ആമി. പറഞ്ഞു തീര്‍ത്തല്ല കമല പോയതെന്ന് ഏറെ അടുപ്പമുള്ളവര്‍ സങ്കടം പറയുന്നു. മാധവിക്കുട്ടിയായും കമലാദാസായും ഒടുവില്‍ കമല സുരയ്യയായും അവര്‍ പറഞ്ഞതെല്ലാം പെറുക്കിക്കൂട്ടാന്‍ അക്ഷരപ്രേമികള്‍ മത്സരിച്ചു. സൗന്ദര്യവും സാഹിത്യവും വിനയവും ഒത്തുചേര്‍ന്ന ഒരു ചെറുപ്പക്കാരി പറയാന്‍ തുടങ്ങിയപ്പോള്‍ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചത് മലയാളി മാത്രമല്ല, ലോകമെമ്പാടും അവര്‍ പറഞ്ഞ എന്റെ കഥ വായിക്കപ്പെട്ടു. ആരാധകരുടെ എണ്ണം കടലുപോലെ വലുതായിക്കൊണ്ടിരുന്നു. നിലയ്ക്കാത്ത പ്രണയത്തിന്റെ ദാസിയായി സ്വയം വിശേഷിപ്പിച്ച മാധവിക്കുട്ടി അങ്ങനെ എക്കാലത്തെയും പ്രണയമാതൃകയുമായി.
അനുഭവങ്ങളെല്ലാം ഇങ്ങനെ വിളിച്ചു കൂവരുതേ കമലേ എന്ന് മറ്റുള്ളവര്‍ ഉപദേശിച്ചത് കുറച്ചൊന്നുമല്ല. പക്ഷേ തന്റേടിയും ധീരയുമായ ഒരെഴുത്തുകാരിയായിരുന്നില്ല മാധവിക്കുട്ടി. ഹൃദയശുദ്ധിയുള്ള സ്നേഹധനയായ ഒരു നാട്ടിന്‍പുറത്തുകാരിയായിരുന്നു അവര്‍. അതിനൊപ്പം അപൂര്‍വ്വമായ ഒരു പ്രതിഭാശക്തി അവരെ വലയം ചെയ്തിരുന്നു. പറഞ്ഞതെല്ലാം വിവാദമാകുമ്പോള്‍ കൂസലില്ലാതെ പൊട്ടിച്ചിരിച്ചിട്ടുണ്ടാകില്ല കമല. വിഷമിച്ചിരുന്നു, വല്ലാതെന്ന് സുഹൃത്തുക്കള്‍. ഓരോ വിമര്‍ശനവും പുലഭ്യം പറച്ചിലും അവഗണനയും വല്ലാതെ അലട്ടിയിരുന്നെന്നും ഈ നിരന്തര സമ്മര്‍ദ്ദങ്ങളാണ് അവരെ രോഗിയാക്കിയതെന്നും അടുപ്പക്കാര്‍ ആണയിട്ടുറപ്പിക്കുന്നു.
ശരിയായിരിക്കാം, 75 വയസ് മരിക്കാനുള്ള പ്രായമാണോ. ഈ വയസിനുള്ളില്‍ കമലയെച്ചൊല്ലി എത്ര വിമര്‍ശനങ്ങള്‍, വിവാദങ്ങള്‍. സാധുവായിരുന്നു അവര്‍. പൂനെയിലെ ഫ്ലാറ്റിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കേരളത്തെ സ്വപ്നം കണ്ട്, പ്രിയസുഹൃത്തുക്കളെ കാണാന്‍ കൊതിച്ച് ശ്വാസം മുട്ടി കഴിയുകയായിരുന്നു മലയാളത്തിന്റെ പ്രിയ എഴുത്തുകാരി. മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ഫോണിലൂടെയെങ്കിലും അവരോട് സംസാരിക്കാന്‍ ഈ ലേഖികക്കും ഭാഗ്യമുണ്ടായി, തീരെ ദുര്‍ബലമായ ശബ്ദത്തില്‍ തീരെ വയ്യ, പറ്റണില്ല കുട്ടീ അവിടെയാണെനിക്കെന്നും ഇഷ്ടം എന്ന് പറഞ്ഞാണ് അവര്‍ അന്ന് ഫോണ്‍ വച്ചത്.
മാധവിക്കുട്ടി (എത്രയൊക്കെ പേരുകളുണ്ടെങ്കിലും അങ്ങനെ വിളിക്കാനാണിഷ്ടം) എന്ന എഴുത്തുകാരി തുറന്നിട്ട ലോകം വിശാലമായിരുന്നു. അസാധാരണമായ വാക്കുകളും വരികളും പറഞ്ഞു തീര്‍ക്കാത്ത കഥയും ബാക്കി വച്ച് അവര്‍ പോയിട്ട് നാല് വര്‍ഷമെന്ന് വിശ്വസിക്കാനാകുന്നില്ല. വിയോഗവാര്‍ത്തയുടെ ആദ്യകേള്‍വിയിലെന്നപോലെ നെഞ്ചില്‍ ഇന്നും നൊമ്പരം കനക്കാത്തവരുണ്ടോ. നിങ്ങളോരോരുത്തരും മണ്ണായിത്തീരുമ്പോഴും ഞാന്‍ ബാക്കിയാകുമെന്ന് മാധവിക്കുട്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് കവിതയായി കുറിച്ചത് സത്യമാകുന്നത് ഇങ്ങനെയൊക്കെയാകും..
രതി. എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: