ബെയ്ജിംഗ്: ഉത്തരകൊറിയയില്‍ നിന്നുള്ള ഉന്നത സൈനികോദ്യോഗസ്ഥനടക്കമുള്ള സംഘം ബെയ്ജിംഗിലെത്തി. ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഉയര്‍ന്ന റാങ്കിലുള്ള സൈനികോദ്യോഗസ്ഥന് പ്രത്യേക പ്രതിനിധിയായി ബെയ്ജിംഗിലെത്തിയത്. ഉത്തരകൊറിയന്‍ സൈന്യത്തിലെ വൈസ് മാര്‍ഷലായ ഋയോംഗ് ഹേയ്ക്കൊപ്പം രാഷ്ട്രീയ പ്രതിനിധികളും ഉദ്യോഗസ്ഥപ്രമുഖരുമുണ്ട്. ഐക്യരാഷ്ടരസഭയെപ്പോലും വെല്ലുവിളിച്ച് ഉത്തരകൊറിയ നടത്തുന്ന ആണവപരീക്ഷണങ്ങളുടെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ചൈനയെ അനുനയിപ്പിക്കുക എന്നതാണ് ഉത്തരകൊറിയയുടെ ലക്ഷ്യം. ഐക്യരാഷ്ട്രസഭ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തെ ചൈന പിന്തുണയ്ക്കുന്നുമുണ്ട്. ഉത്തരകൊറിയയുടെ പ്രകോപനപരമായ നീക്കങ്ങളില്‍ പ്രതിഷേധിച്ച് ചൈന ഈ രാജ്യവുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ ചൈനീസ് പൊളിറ്റ് ബ്യൂറോ അംഗവും നിലവിലെ പ്രധാനമന്ത്രിയുമായ ലി കെ ക്വിയാങ്ങ് പ്യോങ്ങ്യാങ്ങിലെത്തിയിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളിലെയും ഉന്നതര്‍ തമ്മിലുള്ള സുപ്രധാന കൂടിക്കാഴ്ച്ചയാണിത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ ഹേ അടുത്ത മാസം ചൈന സന്ദര്‍ശിക്കുന്നു എന്നതും ഉത്തരകൊറിയയുടെ നീക്കവുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.
കഴിഞ്ഞ മാസം ഉത്തരകൊറിയ ദക്ഷിണ കൊറിയക്കെതിരെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനിടെ, ഉത്തരകൊറിയയുമായുള്ള അതിര്‍ത്തിയില്‍ ചൈന ആയുധ പരിശീലനം നടത്തിയതായി റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. പൊതുവേ ഉത്തരകൊറിയയുമായി സൗഹൃദം പുലര്‍ത്തിയിരുന്ന ചൈന നിലപാടുകളില്‍ മാറ്റം വരുത്തുന്നത് കിം ജോംഗ് ഉന്‍ നേതൃത്വത്തെ പരിഭ്രാന്തിയിലാക്കുന്നു എന്നു വേണം കരുതാന്‍. അതേസമയം, ആഴ്ചകളായി കൊറിയന്‍ മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത് ചൈനയുടെ അവസരോചിതമായ ഇടപെടല്‍ മൂലമായിരുന്നു. ഉത്തരകൊറിയയ്ക്കെതിരെ സൈനിക നടപടികള്‍ പാടില്ലെന്ന് അമേരിക്കയോട് അഭ്യര്‍ത്ഥിച്ച ചൈന ചര്‍ച്ചക്ക് തയ്യാറാകാന്‍ ഉത്തരകൊറിയയോടും ആവശ്യപ്പെട്ടിരുന്നു. ഉത്തരകൊറിയയെ അനുനയിപ്പിക്കാന്‍ അമേരിക്ക ചൈനയുടെ സഹായമാണ് അഭ്യര്‍ത്ഥിച്ചത്.
എന്തായാലും സൗഹൃദരാഷ്ട്രമെന്ന നിലയിലാണ് ചൈനയെ കാണുന്നതെങ്കിലും ആണവപദ്ധതിയുടെ പേരില്‍ യുഎന്‍ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പിന്താങ്ങിയ ചൈനയുടെ നടപടിയും ലോക സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഏറെ ഗൗരവത്തോടെ ഉത്തരകാറിയ കാണുന്നു എന്നുവേണം കരുതാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: