ചങ്ങനാശ്ശേരി: അഗ്നിശമന സേനയ്‌ക്ക്്് വ്യാജസന്ദേശം നല്‍കിയ കേസില്‍ അറസ്റ്റിലായിരിക്കെ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഒളിവിലായിരുന്ന പ്രതി പോലീസിന്റെ പിടിയിലായി. ചങ്ങനാശ്ശേരി മുളയ്‌ക്കല്‍ നവാസി(23)നെയാണ് ചങ്ങനാശ്ശേരി സിഐ നിഷാദ്‌മോനും സംഘവും ഞായറാഴ്ച ഒറ്റപ്പാലത്തു നിന്ന് അറസ്റ്റ്‌ചെയ്തത്. പ്രതി രക്ഷപ്പെട്ടതിന് പോലീസുകാരനെതിരെ അച്ചടക്ക നടപടി ഉണ്ടായിരുന്നു. തീപിടിച്ചുവെന്ന് പറഞ്ഞ്് അഗ്നിശമനസേനയ്‌ക്ക് സ്ഥിരമായി ഫോണ്‍ചെയ്ത് കബളിപ്പിച്ചുവന്ന കേസില്‍ ഇയാള്‍ ഏപ്രില്‍ 16ന് അറസ്റ്റിലായിരുന്നു.ചങ്ങനാശ്ശേരി പോലീസിന്റെ കസ്റ്റഡിയില്‍ ആയിരിക്കെ 17ന് പുലര്‍ച്ചെയാണ് ഇയാള്‍ രക്ഷപ്പെട്ടത്്. പലസ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച ഇയാള്‍ ഒറ്റപ്പാലത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്നു. സിഐ നിഷാദ്‌മോന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകാന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വേഷം മാറിയെത്തിയാണ് പോലീസ് ഇയാളെ കുടുക്കിയത്. നിരവധിമോഷണകേസുകളിലും സ്ത്രീകളെ ഫോണില്‍ വിളിച്ച് ശല്യംചെയ്യുന്ന കേസിലും നവാസ് പ്രതിയാണ്.
ഫിബ്രവരി, ഏപ്രില്‍ മാസങ്ങളില്‍ വെങ്കോട്ടയിലും പൊട്ടശ്ശേരിയിലും തീപിടിച്ചതായി ഇയാള്‍ അഗ്നിശമനസേനയെ വിളിച്ചറിയിച്ചു. ഈ രണ്ടിടത്തും സേന എത്തിയെങ്കിലും തീപിടുത്തമില്ലായിരുന്നു. സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് അഗ്നിശമനസേന പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. ഒരുവര്‍ഷം മുമ്പ് വെങ്കോട്ടയില്‍ തീപിടുത്തമുണ്ടായതായി കാട്ടി അഗ്നിശമന സേനക്ക് വ്യാജസന്ദേശം നല്‍കിയ കേസില്‍ ഇയാള്‍ ജയില്‍വാസം അനുഭവിച്ചിരുന്നു. കുന്നന്താനത്ത് തീപിടുത്തമുണ്ടായതായി തിരുവല്ല അഗ്നിശമനസേന യൂണിറ്റിന് വ്യാജസന്ദേശം നല്‍കിയകേസും ഇയാള്‍ക്കെതിരെയുണ്ട്. കോട്ടയത്ത് 108ല്‍ വിളിച്ച് റോഡില്‍ അപകടത്തില്‍പെട്ട് ആള്‍കിടക്കുന്നതായും ആംബുലന്‍സ് വേണമെന്നും പറഞ്ഞ് കബളിപ്പിച്ച സംഭവമുണ്ടായി. ഈ സന്ദേശം വ്യാജമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന ആംബുലന്‍സുകാര്‍ കോട്ടയം ഈസ്റ്റ്‌പോലീസില്‍ പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പളളി ഇടക്കുന്നം പളളിയില്‍ 2010ല്‍ നിര്‍മ്മാണത്തിന് ഇട്ടിരുന്ന ഇരുമ്പ് സാധനങ്ങള്‍ മോഷ്ടിച്ചിരുന്നു. ചങ്ങനാശ്ശേരി പാലാത്ര കണ്‍സ്ട്രക്ഷനില്‍ നിന്ന് തൊഴിലാളികളുടെ മൊബൈല്‍ഫോണും ഇയാള്‍ കവര്‍ന്നിരുന്നതായി പോലീസ് പറഞ്ഞു. ഈ ഫോണ്‍ ഉപയോഗിച്ചാണ് ഇയാള്‍ ഈ വിളികള്‍ നടത്തിരുന്നത്. ഇയാള്‍ അഗ്നിശമന സേനയിലേക്ക് വിളിച്ച നമ്പരിലേക്ക് തിരിച്ചുവിളിച്ചാല്‍ അസഭ്യം പറയുകയായിരുന്നു പതിവ്.
















