ബംഗളൂരു: തുടര്‍ച്ചയായ മൂന്നാം വിജയം സ്വപ്നം കണ്ടിറങ്ങിയ രാഹുല്‍ ദ്രാവിഡിനും സംഘത്തിനും കോഹ്ലിക്കും കൂട്ടര്‍ക്കും മുന്നില്‍ അടിതെറ്റി. ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയമാണ് ദ്രാവിഡിന്റെ രാജസ്ഥാന് റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്‍സ് 19.4 ഓവറില്‍ 117 റണ്‍സിന് ഓള് ഔട്ടായി. 35 റണ്‍സെടുത്ത ക്യാപ്റ്റന്‍ ദ്രാവിഡും 33 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയും മാത്രമാണ് രാജസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് 13 പന്തുകള്‍ ബാക്കിനില്‍ക്കേ 123 റണ്‍സ് നേടിയാണ് വിജയം സ്വന്തമാക്കിയത്. 49 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്രിസ് ഗെയിലും 25 റണ്‍സ് നേടി പുറത്താകാതെ നിന്ന സൗരഭ് തിവാരിയും ചേര്‍ന്നാണ് മികച്ച വിജയം സമ്മാനിച്ചത്. സിദ്ധാര്‍ത്ഥ് ത്രിവേദി എറിഞ്ഞ 18-ാം ഓവറിലെ അഞ്ചാം പന്ത് സിക്സറിന് പറത്തി ക്രിസ് ഗെയിലാണ് വിജയറണ്‍ നേടിയത്. വിജയത്തോടെ റോയല്‍ ചലഞ്ചേഴ്സ് നെറ്റ് റണ്‍റേറ്റില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ പിന്തള്ളി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഏഴ് മത്സരങ്ങള്‍ കളിച്ച ബാംഗ്ലൂരിന്റെ അഞ്ചാമത്തെ വിജയമാണിത്. ആറ് കളികളില്‍ നിന്ന് രാജസ്ഥാന്റെ രണ്ടാമത്തെ പരാജയമാണിത്. ബാംഗ്ലൂരിന്റെ വിനയ്കുമാറാണ് മാന്‍ ഓഫ് ദി മാച്ച്.
നേരത്തേ, ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. റോയല്‍സിന്റെ ഓപ്പണര്‍മാരായ വാട്സണ് (6) അജിന്‍ക്യ രഹാനെ (14) എന്നിവര്‍ തുടക്കത്തിലേ പുറത്തായതോടെ രണ്ടിന് 26 എന്ന നിലയിലായി. പിന്നീട് 35 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും 33 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയും ചേര്‍ന്നാണു രാജസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരയകയറ്റിയത്. എന്നാല്‍ സ്കോര്‍ 66-ല്‍ എത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബിന്നിയും 97-ല്‍ എത്തിയപ്പോള്‍ ദ്രാവിഡും 105-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ഹോഡ്ജും മടങ്ങി. പിന്നീട് അവിശ്വസനീയമായ രീതിയിലാണ് രാജസ്ഥാന് ബാറ്റിംഗ്നിര തകര്‍ന്നടിഞ്ഞത്. 12 റണ്‍സ് മാത്രം എടുക്കുന്നതിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകളും രാജസ്ഥാന് നഷ്ടമായത്.റോയല്‍ ചലഞ്ചേഴ്സിനുവേണ്ടി ആര്.പി. സിംഗും വിനയ് കുമാറും മൂന്നു വിക്കറ്റ് വീതം നേടി.
രാജസ്ഥാന് റോയല്‍സ് ഉയര്‍ത്തിയ 118 എന്ന വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ബാംഗ്ലൂരിന് വേണ്ടി ഓപ്പണര്‍മാരായ ദില്‍ഷനും ഗെയിലും ചേര്‍ന്ന് മികച്ച തുടക്കം നല്കി. 6.4 ഓവറില്‍ സ്കോര്‍ 53-ല്‍ എത്തിയശേഷമാണ് 25 റണ്‍സെടുത്ത ദില്ഷന് മടങ്ങിയത്. പിന്നീടുവന്ന കോഹ്ലിക്കു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഫാള്ക്നറുടെ പന്തില്‍ ഒരു റണ്‍സെടുത്ത കോഹ്ലിയുടെ സ്റ്റാമ്പ് തെറിച്ചു. സ്കോര്‍ 64-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത എ.ബി. ഡിവില്ലിയേഴ്സിനെയും ബാംഗ്ലൂരിന് നഷ്ടമായി. എന്നാല്‍ ഗെയിലിന് കൂട്ടായി സൗരഭ് തിവാരി ക്രീസിലെത്തിയതോടെ വിജയം ബാംഗ്ലൂരിന് സ്വന്തമായി. 44 പന്തില്‍നിന്ന് ഒരു സിക്സിന്റെയും നാലു ഫോറുകളുടേയും അകമ്പടിയോടെ ഗെയില്‍ 49 റണ്‍സ് നേടിയപ്പോള്‍ 29 പന്തില്‍ നിന്ന് രണ്ട് ബൗണ്ടറികളും ഒരു സിക്സറുമടക്കം തിവാരി 25 റണ്‍സുമെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: