മനസ്സ് സംശയാത്മകവസ്തുവാണെങ്കില്‍ ബുദ്ധിയാണ് വിവേചനം ചെയ്ത് നിര്‍ണയിക്കുന്ന ഘടകം. വേദാന്തഗ്രന്ഥങ്ങളില്‍ പലപ്പോഴും മനസ്സിനെയും ബുദ്ധിയേയും ഒന്ന് തന്നെയായി നിര്‍വചിക്കാറുണ്ട്. മനസ് വിവേചനപൂര്‍വം ഒരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ അതിനെയാണ് ബുദ്ധിയെന്ന് പറയുന്നത്. മനസിനേക്കാളും ബുദ്ധി സൂക്ഷ്മമാണ്. കാരണം കേള്‍ക്കുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത സീമകളിലും അത് വീരോചിതമായി കടന്നുചെല്ലുന്നു. പൂര്‍വപരിചിതങ്ങളല്ലാത്ത സാമ്രാജ്യതിര്‍ത്തികളേയും അത് വെട്ടിപ്പിടിച്ച് വിജയകാഹളം മുഴക്കുന്നു.
ഗാഢസുഷുപ്ത്യവസ്ഥയില്‍ നാം നിലകൊള്ളുമ്പോഴുള്ള ബോധരാഹിത്യമോ ശൂന്യതയോകൊണ്ട് നിര്‍മിക്കപ്പെട്ടിട്ടുള്ളതാണ് ഈ ‘ആനന്ദമയകോശം.’ ജാഗ്രത് സ്വപ്നാവസ്ഥകള്‍ രണ്ടിലുമുള്ളപ്പോള്‍ വ്യക്തികള്‍ ഏത് തരത്തിലുള്ളവരായാലും തരക്കേടില്ല. സുഷുപ്തിയുടെ ഈ ‘കോട്ടവാതില്‍’ കടന്നാല്‍ അവര്‍ ധനികരോ ദരിദ്രരോ ജീവിതായോധനത്തില്‍ വിജയികളോ നിരാശാഭരിതരോ അരോഗികളോ രോഗികളോ യുവാക്കളോ വൃദ്ധരോ ആരായാലും, അവരെയും ഒരേതരത്തില്‍ നിര്‍ബാധമായ സമാധാനത്തേയും ആനന്ദത്തേയും അനുഭവിക്കുകതന്നെ ചെയ്യുന്നു. അവിടെ അവര്‍ക്ക് വിശുദ്ധമായ ‘അഭയാവസ്ഥ’ – സര്‍വനിശൂന്യത – സ്വയം അനുഭവഗോചരമാകുന്നു.
ഒരു കേവലബുദ്ധിക്ക് ഈ കോശം അബോധത്തിന്റെ – അറിയപ്പെടുന്ന യാതൊന്നിന്റെയും അസാന്നിധ്യത്താലുള്ള ഒരു ശൂന്യതയുടെ – നിലപാട് മാത്രമാണ്. ഏതായാലും ഈ അവസ്ഥയില്‍ മനുഷ്യന് താന്‍ മുമ്പൊന്നും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള എന്തോ ഒരാനന്ദാനുഭൂതിയുണ്ടാവുന്നുണ്ട്. അസദാത്മകമാണെങ്കിലും ആനന്ദം സദാത്മകമായിട്ടാണ് അവന് അനുഭവപ്പെടുന്നു.
– സ്വാമി ചിന്മയാനന്ദന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: