നെടുമ്പന: ജലക്ഷാമം മൂലം നട്ടംതിരിയുന്ന ഗ്രാമങ്ങള്‍ക്ക് അശ്വാസം പകര്‍ന്ന് സേവാഭാരതി രംഗത്ത്.
കരീപ്ര, നെടുമ്പന പഞ്ചായത്തുകളില്‍ വീടുകള്‍ തോറും കുടിവെള്ളമെത്തിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ മാതൃകയാകുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കാലം കൊണ്ട് ആയിരക്കണക്കിന് ഗ്രാമീണര്‍ക്കാണ് സംഘടന കുടിനീര് പകര്‍ന്നത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍ കുളം ശുചീകരിക്കുന്നതിനും കുടിവെള്ളമെത്തിക്കുന്നതിനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ ബദ്ധശ്രദ്ധരാണ്.
നെടുമ്പന പഞ്ചായത്തിലെ ഇളവൂരില്‍ സേവാഭാരതിയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നാലാംദിവസവും കുടിവെള്ള വിതരണം നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഇളവൂരില്‍ ആര്‍എസ്എസിന്റെ സേവാവിഭാഗം നടത്തുന്ന പ്രവര്‍ത്തനം ഇളവൂര്‍ നിവാസികള്‍ക്ക് വലിയ ആശ്വാസമാണ് പകരുന്നത്.
ദിവസവും വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കുടിവെള്ള വിതരണം ജലക്ഷാമം അനുഭവപ്പെടുന്ന മിക്ക പ്രദേശങ്ങളിലും എത്തി രാത്രിയോടെ അവസാനിക്കും. ഏതാനും ദിവസങ്ങള്‍ കൂടി വിതരണം തുടരുമെന്ന് സേവാഭാരതി ഭാരവാഹികളായ ശ്രീകുമാര്‍, ബാലചന്ദ്രന്‍പിള്ള, ഹരി തുടങ്ങിയവര്‍ അറിയിച്ചു.
രാജേഷ്, രഞ്ജിത്, മണികണ്ഠന്, ഷിജു, സന്ദീപ്, അനൂപ്, കിരണ്‍, പ്രദീപ്, അഖില്‍, രാഹുല്‍, സൂരജ് തുടങ്ങിയ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ജലവിതരണം നടക്കുന്നത്.കരീപ്ര പഞ്ചായത്തില്‍ പ്ലാക്കോട് വാര്‍ഡിന്റെ എല്ലാ ഭാഗങ്ങളിലും ബിജെപിയുടെയും സേവാഭാരതിയുടെയും ആഭിമുഖ്യത്തില്‍ കുടിവെള്ള വിതരണം ഒരാഴ്ചയായി തുടര്‍ന്നു വരുന്നു. അഞ്ഞൂറോളം വീടുകളില്‍ നേരിട്ട് കുടിവെള്ളം എത്തിക്കുന്നതാണ് പദ്ധതി. സേവാഭാരതി ഭാരവാഹികളായ ഡി. വിജയകുമാര്‍, അനീഷ്, ബിജെപി പ്ലാക്കോട് വാര്‍ഡ് മെമ്പര്‍ ഗീതാമണി, ബിജു, ഷാജി, കൃഷ്ണകുമാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് ഓമനക്കുട്ടന് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: