വൃന്ദാവന്‍: വര്‍ഷങ്ങള്‍ക്ക് മുമ്പേ നഷ്ടമായ ആഘോഷങ്ങള്‍ വീണ്ടെടുക്കുകയാണ് വൃന്ദാവനിലെ വിധവകള്‍. മടുപ്പിക്കുന്ന ജീവിതാനുഭവങ്ങളില്‍ നിന്ന് പുറത്തുകടന്ന് ഇവരും ഇത്തവണ ഹോളി ആഘോഷങ്ങളില്‍ പങ്കാളികളായി. നൂറ്റാണ്ടുകളായി തുടരുന്ന ദുഷിച്ച ആചാരങ്ങളില്‍ നിന്ന് ഇവരെ മോചിപ്പിക്കുന്നതിന്റെ ഭാഗമായി ചില സംഘടനകളാണ് വൃന്ദാവനിലെ വിധവകള്‍ക്കായി ആഘോഷം സംഘടിപ്പിച്ചത്. സാമൂഹിക മാറ്റത്തിനുള്ള സമയമാണിതെന്നും ജനങ്ങള്‍ മുന്നോട്ട് വന്ന് ഇത്തരം ശ്രമങ്ങളില്‍ പങ്കാളികളാകണമെന്നും സംഘാടകര്‍ പറഞ്ഞു.
പതിവ് ആഘോഷരീതികള്ക്കപ്പുറം പൊതുസമൂഹത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയ ഒരു പറ്റം സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടക്കിയെത്തിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആഘോഷത്തിന് നേതൃത്വം നല്കിയ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി വിധവകള്‍ക്കായി സാംസ്ക്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. പതിവ് രീതികള്‍ ഉപേക്ഷിച്ച് ഇവര്‍ പുറത്തുനിന്നെത്തിയ അതിഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനും തയ്യാറായി. വൃന്ദാവനിലെ വിധവകളായ സ്ത്രീകളുടെ സങ്കല്‍പ്പമനുസരിച്ച് മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നത് നിഷിദ്ധമാണ്. എന്നാല്‍ ഇതൊരു സാംസ്ക്കാരിക മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് ആഘോഷത്തിന് നേതൃത്വം നല്കിയ വിവിധ സംഘടനകള്‍ അഭിപ്രായപ്പെട്ടു.
പതിനാറോ പതിനേഴോ വയസ്സില്‍ ഭര്‍ത്താവ് മരിക്കുകയും തുടര്‍ന്ന് ജീവിതകാലം മുഴുവന്‍ വെള്ളച്ചേലയും ചുറ്റി വിധവകളായി കഴിയുകയും ചെയ്യുന്ന ഒട്ടേറെപ്പേര്‍ വൃന്ദാവനിലുണ്ട്. കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് മോക്ഷം എന്ന സങ്കല്‍പ്പവുമായാണ് ഇവര്‍ അഭയം തേടി വൃന്ദാവനിലെത്തുന്നത്. എന്തായാലും നരച്ച വെള്ളച്ചേലകളില് നിന്ന് ഒരു പറ്റം ജീവിതങ്ങളെ നിറങ്ങളുടെ പഴയ ലോകത്തേക്ക് കൈപിടിച്ചു നടത്തുക എന്ന ലക്ഷ്യവുമായി ഒട്ടേറെ സംഘടനകള്‍ ഇപ്പോള്‍ വൃന്ദാവന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നുണ്ട്. വളരെ പരിതാപകരമായ അവസ്ഥയില്‍ കഴിയുന്ന വൃന്ദാവനിലെ വിധവകളുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടതിന് ശേഷം ഇവരുടെ ജീവിതത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: