അഹമ്മദാബാദ്: എല്ലാ ഇന്ത്യാക്കാര്‍ക്കും വേണ്ടത് സുരക്ഷിതത്വമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. അവരെ ന്യൂനപക്ഷമെന്നും ഭൂരിപക്ഷമെന്നും വേര്‍തിരിക്കുന്നത് മറ്റൊന്നിനും വേണ്ടിയല്ല, അത് വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ്. സര്‍ക്കാരുദ്യോഗസ്ഥര്‍ പാവപ്പെട്ടവരെ സേവിക്കുകയാണ് വേണ്ടത്. അല്ലാതെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാരിന് പാദസേവ ചെയ്യുകയല്ല ചെയ്യേണ്ടത്. പ്രാചീനമായ അറിവുകള്‍ ഒരിക്കലും പരാജയപ്പെടുകയില്ല. അതില്‍ തനിക്ക് ഇത്രവിശ്വാസമുണ്ടാകാന് കാരണം അതാണെന്നും മോദി ചൂണ്ടിക്കാട്ടി.
ഈ രാജ്യത്തിന് വേണ്ടത് പുതിയ ചട്ടങ്ങളല്ല, പ്രവര്‍ത്തനങ്ങളാണ്. പ്രവൃത്തിയുടെ അടയാളം പോലുമില്ലാതിരിക്കുമ്പോഴാണ് ചട്ടങ്ങള്‍ ആവശ്യമായി വരുന്നതെന്നും യുപിഎ സര്‍ക്കാരിനെ മുന്‍നിര്‍ത്തി മോദി പറഞ്ഞു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിച്ച് രാജ്യത്തെ വികസിപ്പിക്കണം. അടച്ചിട്ട പെട്ടിക്കുള്ളിലിരുന്ന ചിന്തിക്കുകയല്ല സമീപനങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണലാണ് ജനാധിപത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പാവപ്പെട്ടവരില്‍ പാവപ്പെട്ടവര്‍ക്ക് ശാക്തീകരിക്കപ്പെട്ടതായി അനുഭവപ്പെടണം.
വ്യക്തികള്‍ വരും പോകും. അതിനാല്‍ ആശയങ്ങളെ സ്ഥാപനവത്കരിക്കേണ്ടത് വളരെ ആവശ്യമാണ്. നേതാവും വ്യക്തിത്വ വികസന പദ്ധതികളും നിലനില്‍ക്കില്ല. അതിന് മന്ത്രങ്ങളൊന്നുമില്ല. താന്‍ ലോകത്തിലെ മന്ത്രതന്ത്രാദികളില്‍ നിന്നും അകന്നു നില്‍ക്കുകയാണെന്നും നരേന്ദ്രമോദി പറഞ്ഞു.
വികസനം ഉറപ്പുവരുത്താന്‍ പൊതുജന പങ്കാളിത്തം ഇന്ന് ആവശ്യമായി വന്നിരിക്കുകയാണ്. എന്നാലിന്ന് ഇന്ത്യയില്‍ ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള വിടവ് ഭീകരമായി വര്‍ധിച്ചിരിക്കുന്നു. സര്‍ക്കാരിന് ഇടപെടാനുള്ള ഇച്ഛയുണ്ടെങ്കില്‍ പ്രശ്നം എത്രവലുതാണെങ്കിലും ശരി പരിഹാരം ഉണ്ടാക്കാന്‍ കഴിയും. സാധാരണക്കാരില്‍ ദേശീയതാത്പര്യം ഊട്ടിയുറപ്പിച്ച് അവരെ രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാക്കുന്ന കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു.
രാഷ്ട്രീയക്കാര്‍ അഞ്ചു കൊല്ലം ഭരിക്കാനുള്ള കരാര്‍ നല്‍കിയതായാണ് ജനങ്ങള്‍ കരുതുന്നത്. ജനാധിപത്യമെന്നത് ജനങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള ഉടമ്പടിയാണ്. രണ്ട് വിഷയങ്ങളിലെ ശക്തികൊണ്ട് ഇന്ത്യ ചൈനയെ കവച്ചുവയ്ക്കുന്നു. ജനസംഖ്യയില്‍ ഏറ്റവും കൂടുതലുള്ള ചെറുപ്പക്കാരുടെ സംഭാവനയും ജനാധിപത്യവും ആണ് ഇന്ത്യയെ ശക്തിപ്പെടുത്തുന്നത്. നമ്മുടെ മനോഗതിയാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്നം. നമ്മള്‍ക്ക് കാഠിന്യങ്ങളെ അവസരങ്ങളാക്കി മാറ്റാന്‍ സാധിക്കണം. ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ട അധികാരപ്പെട്ടവരുടെ വിവേകമില്ലായ്മ രാജ്യത്തെ അഴിമതി പാലൂട്ടി വളര്‍ത്തുന്നു.
നയങ്ങളിലധിഷ്ഠിതമായ ഭരണം രാജ്യത്ത് തീര്‍ച്ചയായും വരണം. സൈനിക-സാമ്പത്തിക അധികാരത്തിന്റെ യുഗം കഴിഞ്ഞിരിക്കുന്നു. 21-ാം നൂറ്റാണ്ട് അറിവിന്റെതാണ്. ചരിത്രപരമായി നോക്കിയാല്‍ അറിവിനാണ് മുന്‍ഗണനയെങ്കില്‍ ഇന്ത്യയാണ് ലോകത്തെ നയിച്ചതെന്ന് തിരിച്ചറിയാനാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: