ന്യൂദല്‍ഹി: സുരക്ഷാ, സാമ്പത്തിക മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ്സിംഗ് വ്യക്തമാക്കി. നിലവിലുള്ള സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദിനംപ്രതി ദുര്‍ബലമായി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച് നല്കിയ അഭിമുഖത്തിലാണ് ദേശീയതലത്തില്‍ രാഷ്ട്രീയ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
ബിജെപി മത്സരരംഗത്തേക്കിറങ്ങുന്നത് യുപിഎ സര്‍ക്കാരിന്റെ പരാജയങ്ങളെ മാത്രം അവതരിപ്പിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടാകില്ല. രാഷ്ട്രീയ സംഭവവികാസങ്ങളും തെരഞ്ഞെടുപ്പില്‍ ചോദ്യംചെയ്യപ്പെടും. ബിജെപി കൂടുതല്‍ ശക്തിയാര്‍ജിച്ചതായും രാജ്നാഥ്സിംഗ് പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തെക്കേ ഇന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലും കൂടുതല്‍ നേട്ടം കൈവരിക്കാനാകുമെന്ന് ബിജെപി കരുതുന്നു. കര്‍ണാടകത്തില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് ഭരിക്കുന്നത്. കഴിഞ്ഞതവണ കര്‍ണാടകത്തില്‍നിന്നും ലഭിച്ച സീറ്റുകളേക്കാള്‍ കൂടുതല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നേടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില പ്രതിസന്ധികളുണ്ടെങ്കിലും അവയെല്ലാം മറികടക്കാനാവുമെന്ന ശുഭാപ്തിവിശ്വാസം രാജ്നാഥ്സിംഗ് പ്രകടിപ്പിച്ചു. ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും നിലവിലുള്ള സ്ഥിതി മെച്ചപ്പെടുത്താനും പാര്‍ട്ടിക്ക് കഴിയും. ഇത് സാധ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അധികാരം പല സ്ഥലങ്ങളിലായാണ് കേന്ദ്രീകരിക്കപ്പെടുന്നത്. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. യുപിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് അധികാരം രണ്ട് സ്ഥലങ്ങളിലായാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ മറ്റൊരു പാര്‍ട്ടിക്കും ഈ അവസ്ഥയില്ല. ആരാണോ പ്രധാനമന്ത്രി അവിടെയായിരിക്കണം അധികാരം ഉണ്ടാവേണ്ടത്, സിംഗ് പറയുന്നു. ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി നടക്കുകയാണ്. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം നിര്‍ണായകമായിരിക്കുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: