ന്യൂദല്‍ഹി: സ്വാമി വിവേകാനന്ദന് ആദരവ് അര്‍പ്പിച്ച് ഗോപിനാഥ് മുതുകാട് ഭാരതയാത്രയ്ക്കൊരുങ്ങുന്നു .വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഉത്തിഷ്ഠ ഭാരതയാത്ര സപ്റ്റംബര്‍ 11ന് കൊല്‍ക്കത്തയില്‍ ബേലൂര്‍ മഠത്തില്നിന്ന ആരംഭിക്കും.കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയില്‍ ഒക്ടോബര്‍ 31ന് യാത്ര സമാപിക്കും. വിവേകാനന്ദനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെ റോഡുമാര്‍ഗമാണ് യാത്ര കടന്നുപോകുക.
യുഎസില്‍ വിവേകാനന്ദന് പ്രസംഗിച്ച ചിക്കാഗോയിലെ ഹാളില്‍ ജൂലൈ നാലിന് നടക്കുന്ന പരിപാടിയോടെ യാത്രയ്ക്ക് ഔദ്യോഗിക തുടക്കമാകും. ഭാരതയാത്രയ്ക്കു മുന്നോടിയായി ആഗസ്റ്റ് 16 മുതല്‍ 30 വരെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേരളയാത്ര സംഘടിപ്പിക്കും. യാത്രയുടെ പ്രചാരണാര്‍ഥം ഏപ്രില്‍ ഒന്നുമുതല്‍ കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ കുട്ടികള്‍ക്കായി വിവേക വിസ്മയംമാജിക് ഷോ യാത്ര നടത്തും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍നിന്നു യാത്ര ആരംഭിക്കും.
മാജിക്കിലൂടെ ദേശീയതയുടെ സന്ദേശം പരത്തി മുതുകാട് നടത്തുന്ന അഞ്ചാമതു ഭാരതയാത്രയാണിത്. 2002, 2005ല്‍, 2007, 2010 വര്‍ഷങ്ങളിലാണ് മുതുകാട് ഇതിനു മുന്‍പു ഭാരതയാത്രകള്‍ നടത്തിയത്. സെപ്റ്റംബറില്‍ നടത്തുന്ന അഞ്ചാമത്തെ യാത്ര ജീവിതത്തില്‍ ഇത്തരത്തിലുള്ള തന്റെ അവസാന ഭാരതയാത്രയായിരിക്കുമെന്നു മുതുകാട് പറഞ്ഞു.
‘ഉണരുക ഭാരതമേ’ എന്ന വിവേകാനന്ദന്റെ വാക്കുകള്‍ ഭാരതയാത്രയുടെ മുദ്രാവാക്യമാകും. വിവേകാനന്ദന്റെ സന്ദേശങ്ങള്‍ രാജ്യത്തുടനീളം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര നടത്തുന്നതെന്ന് മുതുകാട് പറഞ്ഞു. എല്ലാവര്ക്കും ആസ്വാദ്യകരമായ കലയെന്ന നിലയില്‍ മാജിക്കിലൂടെ വിവിധ സന്ദേശങ്ങള്‍ മനുഷ്യമനസ്സില്‍ ആഴത്തില്‍ ഉറപ്പിക്കാനാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: