പത്തനാപുരം: മാലൂര്‍ യുപിസ്കൂളില്‍ ആക്രമണം കാട്ടിയതിന് പോലീസ് പിടികൂടിയ പ്രതിയെ പോലീസ് സ്റ്റേഷന് ഉപരോധിച്ച് സിപിഎമ്മുകാര്‍ ഇറക്കിക്കൊണ്ടുപോയി.
പട്ടാഴി വടക്കേക്കര പഞ്ചായത്തിലെ മാലൂര്‍ യുപിസ്കൂളില്‍ പണിമുടക്കുദിവസം അതിക്രമിച്ചു കയറിയ സിപിഎമ്മുകാര്‍ പ്രഥമ അധ്യാപിക ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ തടഞ്ഞുവെക്കുകയും അസഭ്യം പറയുകയുമായിരുന്നു.
പ്രഥമ അധ്യാപികയുടെ പരാതിയെത്തുടര്‍ന്ന് പത്തനാപുരം പോലീസ് സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായ ദിനേശ്ലാലിനെയാണ് പിടികൂടിയത്. തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ്സ്റ്റേഷന് ഉപരോധിച്ചു.
ഒരുമണിക്കൂര്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കു ശേഷം സിപിഎം ജില്ലാസെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പുനലൂര്‍ സിഐ വിജയനുമായി ചര്‍ച്ച നടത്തിയതിനുശേഷം സ്കൂളില്‍ അതിക്രമം കാട്ടിയ ദിനേശ്ലാലിനെ വിട്ടയച്ചു. ഇതോടെ ഉപരോധം അവസാനിപ്പിച്ചു.
പണിമുടക്കിന്റെ രണ്ടാംദിവസമായ വ്യാഴാഴ്ചയാണ് സ്കൂളില്‍ ആക്രമണം ഉണ്ടായത്. പ്രഥമഅധ്യാപിക ലളിത, ഹയറുനിസാമ്മാള്, ബിന്ദു എന്നീ അധ്യാപകരാണ് സ്കൂളില്‍ ഉണ്ടായിരുന്നത്.
അതിക്രമം കാട്ടിയും അസഭ്യവാക്കുകള്‍ പറഞ്ഞുമെത്തിയ സംഘം കസേരകള്‍ അടിച്ചു തകര്‍ക്കുകയും കതകുകള്‍ വലിച്ചടച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
ഇതിനു മുമ്പും അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും സ്കൂളിനു പുറത്താക്കി സ്കൂളിലെ പ്രധാനകവാടം പൂട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി അധ്യാപകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: