ശാസ്താംകോട്ട: കുന്നത്തൂര്‍ ജോയിന്റ് ആര്‍ടി ഓഫീസ് അഴിമതിയുടെ കൂത്തരങ്ങായി. കൈക്കൂലി തുക ഏജന്റുമാരുടെ അക്കൗണ്ട് വഴി ജീവനക്കാര്‍ക്ക് പങ്കുവെക്കുന്നതായി വിജിലന്സ്അന്വേഷണത്തില് കണ്ടെത്തിയതായി സൂചന.
ചക്കുവള്ളിയില്‍ പ്രവര്‍ത്തിക്കുന്ന കുന്നത്തൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസിലാണ് അഴിമതി കൊടികുത്തിവാഴുന്നത്. ഓഫീസര്‍മാരും ചില ഏജന്റുമാരും അടങ്ങുന്ന മാഫിയാസംഘമാണ് ഓഫീസ് നിയന്ത്രിക്കുന്നത്. നിരവധി പരാതികളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പല തിരിമറികളുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കണ്ടെത്താനായത്.
ഇവിടുത്ത പ്രധാന ഏജന്റും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജോണ്സണ്, മറ്റൊരു ഏജന്റ് രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കൈക്കൂലിവാങ്ങുന്നതും വീതം വയ്ക്കുകയും ചെയ്യുന്നതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. അതാത് ദിവസങ്ങളില്‍ ലഭിക്കുന്ന കൈക്കൂലിതുകയായ പതിനായിരക്കണക്കിന് രൂപ ഏജന്റുമാര്‍ വാങ്ങി അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമത്രെ. തുടര്‍ന്ന് തൊട്ടടുത്ത ദിവസം രാവിലെ എടിഎം വഴി ഈ തുക പിന്‍വലിച്ച് ജീവനക്കാര്‍ക്ക് വീതം വച്ച് നല്‍കുന്നതാണത്രെ ഇവിടത്തെ രീതി. രാവിലെ ഓഫീസ് സമയത്തിന് മുമ്പ് ബുദ്ധിപൂര്‍വം ഈ തുക ഓഫീസര്‍മാര്‍ക്ക് കൈമാറുന്നതിനാല്‍ ഓഫീസിലെ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഈ തുക രേഖപ്പെടുത്തും.
കൈക്കൂലി വാങ്ങുന്നില്ലെന്ന് രേഖാമൂലം തെളിയിക്കാനാണത്രെ ഈ തന്ത്രം. ആര്‍ടി ഓഫീസിലെ അഴിമതി നിയന്ത്രിക്കാനാണ് ക്യാഷ് ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കിയത്. ഈ സംവിധാനം ദുരുപയോഗം ചെയ്താണ് ഇവിടെ ജീവനക്കാര്‍ തീവെട്ടിക്കൊള്ള നടത്തുന്നത്.
ഏജന്റുമാര്‍ കൈക്കൂലി പിരിച്ചുനല്കുന്നതിന് പ്രത്യുപകാരമായി ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരുടെ മൂന്ന് ഒഴിവുകളില്‍ ഏജന്റുമാരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. ഒരു ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നീ ഒഴിവുകളായിരുന്നു ഇവിടെ. ഇതില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഏജന്റ് രാജേഷിന്റെ ഭാര്യയെയും ഡ്രൈവറായി രാജേഷിനെയും നിയമിക്കുകയായിരുന്നു. മറ്റൊരു ഒഴിവില്‍ ജോയിന്റ് ആര്.ടി.ഒയുടെ സഹോദരിപുത്രനായ ഡിവൈഎഫ്ഐയുടെ പത്തനംത്തിട്ടയിലുള്ള പ്രാദേശികനേതാവിനെയും നിയമിച്ചു.
ജോയിന്റ് ആര്‍ടിഒ ശരവണന് നിരധി വിജിലന്‍സ് കേസുകളില്‍ അന്വേഷണം നേരിട്ടുവരുന്നയാളാണ്.
സര്‍വീസില്‍ പല തവണ റിമാര്‍ക് വീണ ഇദ്ദേഹം ഏറെ നാളത്തെ സര്‍വീസ് ഉണ്ടായിട്ടും ഇപ്പോഴും ജോയിന്റ് ആര്ടിഒയാണെന്ന് സര്‍വീസ് റിക്കാര്‍ഡുകള്‍ വ്യക്തമാക്കുന്നു. ഇതിനിടെ അഴിമതിയെ ചോദ്യം ചെയ്ത പ്രദേശവാസിയായ ഒരു അഭിഭാഷകനെതിരെ ഓഫീസിലെ ജീവനക്കാരിയുടെ മൊഴിയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്. എന്നാല്‍ തന്നെ ജോയിന്റ് ആര്‍ടിഒ നിര്‍ബന്ധിച്ച് മൊഴി നല്‍കിയതാണെന്ന് ജീവനക്കാരി പറയുന്നു.
എം. എസ്. ജയചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: