കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് വഴിയൊരുക്കുന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉന്നതതല യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. മേയര്‍ പ്രസന്ന ഏണസ്റ്റ്, ജില്ലാ കളക്ടര്‍ പി.ജി. തോമസ്,
റെയില്‍വേ ഡിആര്‍എം രാജേഷ് അഗര്‍വാള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. റെയില്‍വേ സ്റ്റേഷനിലെ സ്ഥലസൗകര്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കുന്ന തരത്തില്‍ പൂര്‍ണമായ പുനക്രമീകരണം നടത്തും. പഴയ സ്റ്റേഷന് കെട്ടിടത്തിന്റെ സ്ഥാനത്ത് പാര്‍ക്കിംഗ് ഏരിയ നിര്‍മിക്കും. നിലവിലെ പാര്‍സല്‍ ഓഫീസ് ഈ ഭാഗത്തേക്ക് മാറ്റി സ്ഥാപിക്കും. റിസര്‍വേഷനുള്ള നിലവിലെ സംവിധാനം കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യമാകുന്ന രീതിയില്‍ മെച്ചപ്പെടുത്തും. റെയില്‍വേ സ്റ്റേഷന്റെ മുന്‍ഭാഗത്തെ വൃത്താകൃതിയിലുള്ള ഉദ്യാനമടക്കമുള്ള സ്ഥലം പുനഃക്രമീകരിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്ന് പോകാനുള്ള സൗകര്യമൊരുക്കും. റിസര്‍വേഷന്‍ കേന്ദ്രത്തിനും മെമു ഷെഡിനും സമീപത്തും പാര്‍ക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തും. റെയില്‍വേ സ്റ്റേഷനിലെ സ്ഥലസൗകര്യങ്ങള്‍ മികച്ച ആസൂത്രണ പദ്ധതിയിലൂടെ ഏകോപിപ്പിക്കും. റെയില്‍വേ സ്റ്റേഷന് സൗന്ദര്യവത്ക്കരണം, വെളിച്ചവിതാനം മെച്ചപ്പെടുത്തല്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. റെയില്‍വേ സ്റ്റേഷന്റെ കൊല്ലം-ചെങ്കോട്ട റോഡിലെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള രണ്ടാം പ്രവേശന കവാടം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. രണ്ടാംകവാടം വരെയുള്ള നടപ്പാലത്തിന്റെ വിപുലപ്പെടുത്തല്‍ സംസ്ഥാന സര്‍ക്കാരിന്റെ റോഡ് സുരക്ഷാ ഫണ്ട് ലഭ്യമാക്കി നിര്‍മിക്കും. റെയില്‍വേ സ്റ്റേഷനുള്ളില്‍ വിശ്രമ മുറികള്‍, ഡോര്‍മറ്ററികള്‍ എന്നിവയില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഉറപ്പാക്കും. റെയില്‍വേ ഹോസ്പിറ്റല്‍ മെച്ചപ്പെടുത്തുന്നതിന് ഹോസ്പിറ്റല്‍ അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍ദേശിച്ചു. ഐപി, ഒപി കണ്സള്ട്ടേഷന് മുറികള്‍ വനിതകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക വാര്‍ഡുകള്‍ എന്നിവ ഇവിടെ പുതുതായി നിര്‍മിക്കുമെന്ന് ഡിആര്‍എം അറിയിച്ചു. ഹോസ്പിറ്റല്‍ അഡ്വൈസറി കമ്മിറ്റി രൂപീകരിക്കുമെന്നും ഡിആര്‍എം അറിയിച്ചു.
ചീനാകൊട്ടാരം ചരിത്രസ്മാരകം എന്ന നിലയില്‍ സംരക്ഷിക്കാന്‍ കോര്പ്പറേഷന് ഫണ്ട് ലഭ്യമാക്കുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് യോഗത്തില്‍ പറഞ്ഞു. മൂന്നാംകുറ്റി കെ ജെ ഹോസ്പിറ്റല്‍ നിന്ന് അറുനൂറ്റിമംഗലം റെയില്‍വേ ഗേറ്റ് വരെയുള്ള വഴി അടച്ചിട്ട റെയില്‍വേ നടപടി പുന: പരിശോധിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. പ്രദേശവാസികളുടെ യാത്രാസൗകര്യം നിഷേധിക്കാത്ത തരത്തില്‍ വിഷയം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ റെയില്‍വേ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
നഗരത്തിലെ ഖരമാലിന്യം ഇരവിപുരത്തേയും മറ്റ് സ്ഥലങ്ങളിലേയും പ്ലാറ്റ്ഫോം നിര്‍മാണത്തിന് പരിഗണിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ജനസാധാരണ് ടിക്കറ്റ് കൗണ്ടറുകള്‍, കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്, പോസ്റ്റ് ഓഫീസുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി.
മാര്‍ച്ച് മൂന്നാം വാരത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേര്‍ന്ന് പ്രവര്‍ത്തന പദ്ധതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ജി. തോമസ് അറിയിച്ചു.
യോഗത്തില്‍ റെയില്‍വേ ഡിവിഷണല്‍ എഞ്ചിനീയര്‍ എ.വി. ശ്രീകുമാര്‍, കൊല്ലം എഡിഇ എന്‍ മാരിയപ്പന്, ഡിഡിഎം എ സുന്ദര്‍ എന്നിവര്‍ വിവിധ പദ്ധതികള്‍ വിശദീകരിച്ചു. എഡിഎം ഒ രാജു, ആര്‍ഡിഒ വി. ജയപ്രകാശ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ കെ. സലിം, കോര്പ്പറേഷന് സെക്രട്ടറി സബീനാപോള്‍, ജോയിന്റ് ആര്‍ടിഒ ആര്. തുളസീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: