ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ത്രിദിന പരിശീലന മത്സരത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ ടീം മികച്ച സ്കോറിലേക്ക് നീങ്ങുന്നു. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ എ ടീം നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് തഴയപ്പെട്ട ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഒന്നാം ദിവസം ഇന്ത്യ എ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. ഗംഭീര്‍ 112 റണ്‍സെടുത്തു. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 77 റണ്‍സുമായി മനോജ് തിവാരിയും 34 റണ്‍സുമായി മുരളീധരന് ഗൗതവുമാണ് ക്രീസില്‍.
ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഗംഭീറും ജീവന്‍ജ്യോത് സിംഗും ചേര്‍ന്ന ഓപ്പണിംഗ് ബാറ്റ്സ്മാന്മാര് ഭേദപ്പെട്ട തുടക്കം ഇന്ത്യ എക്ക് നല്‍കുകയും ചെയ്തു. ഒന്നാം വിക്കറ്റില്‍ 67 റണ്‍സാണ് ഇവര്‍ നേടിയത്. 24 റണ്‍സെടുത്ത ജീവന്ജ്യോത്സിംഗിനെ ഡോഹര്‍ട്ടിയുടെ പന്തില്‍ വാട്സണ് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ രോഹിത് ശര്‍മ്മ ഗംഭീറിന് മികച്ച പിന്തുണ നല്കി. ഇരുവരും ചേര്‍ന്ന് സ്കോര്‍ 195-ല്‍ എത്തിച്ചു. ഇതിനിടെ ഗംഭീര്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. പിന്നീട് 162 പന്തില്‍ നിന്ന് 13 ബൗണ്ടറിയും മൂന്ന് സിക്സറിന്റെയും കരുത്തില്‍ 112 റണ്‍സെടുത്ത ഗംഭീറിനെ ഹെന്റിക്വസിന്റെ പന്തില്‍ വാട്സണ് പിടികൂടിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. തുടര്‍ന്നെത്തിയ മനോജ് തിവാരി രോഹിത് ശര്‍മ്മക്ക് മികച്ച പിന്തുണ നല്കി. എന്നാല്‍ സ്കോര്‍ 266-ല്‍ എത്തിയപ്പോള്‍ രോഹിത് ശര്‍മ്മ മടങ്ങി. എട്ട് ബൗണ്ടറിയും മൂന്ന് സിക്സറുമടക്കം 77 റണ്‍സെടുത്ത രോഹിത് ശര്‍മ്മയെ ഡോഹര്‍ട്ടിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡ് പിടികൂടി. തുടര്‍ന്നെത്തിയ അഭിഷേക് നായര്‍ വെറും നാല് റണ്‍സെടുത്ത് മടങ്ങി. ഡോഹര്‍ട്ടിയുടെ പന്തില്‍ കവാന് ക്യാച്ച് നല്‍കിയാണ് അഭിഷേക് നായര്‍ മടങ്ങിയത്. സ്കോര്‍: നാലിന് 272. പിന്നീട് മനോജ് തിവാരിയും ഗൗതവും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ ഇന്ത്യന്‍ എ സ്കോര്‍ 338-ല്‍ എത്തിച്ചത്. ഓസ്ട്രേലിയക്ക് വേണ്ടി സേവിയര്‍ ഡോഹര്‍ട്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: