ചവറ: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ വന്‍ജലചൂഷണം നടത്തുന്നതായി ആക്ഷേപം. കെഎംഎംഎല്‍ നില കൊള്ളുന്ന 210 ഏക്കറില്‍ 58 കുഴല്‍ക്കിണറുകളാണ് 1500 അടി താഴ്ചയില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുന്നത്. കമ്പനിയുടെ ഒരു ദിവസത്തെ പ്രവര്‍ത്തനത്തിന് 60 ലക്ഷം ലിറ്റര്‍ ജലമാണ് ആവശ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ കുഴല്‍കിണറുകള്‍ നിര്‍മിക്കാന്‍ നിയമം അനുവദിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഈ ജലചൂഷണം നടന്നുകൊണ്ടിരിക്കുന്നത്. പന്മന പഞ്ചായത്ത് ആകെ അഞ്ച് കുഴല്‍കിണറുകള്‍ക്കേ അനുമതി നല്‍കിയിട്ടുള്ളുവെന്നാണ് പഞ്ചായത്ത് വാദം. സമീപവാസികള്‍ കുടിക്കാനും കുളിക്കാനും പോലും വെള്ളമില്ലാതെ നട്ടം തിരിയുമ്പോഴാണ് ഇത്തരത്തില്‍ വന്‍ ജലചൂഷണം നടക്കുന്നത്. കെഎംഎംഎല്‍ ടി പി യൂണിറ്റിന്റെ പടിഞ്ഞാറുവശം ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന മേക്കാട്, ചിറ്റൂര്‍ വാര്‍ഡുകളിലെ ജനങ്ങള്‍ നാടുവിട്ടുപോകേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം മണ്ണും ജലവും വായുവും വിഷമയമായിതീര്‍ന്നിരിക്കുകയാണെന്ന് പരാതിയുണ്ട്.
കെഎംഎംഎല്‍ മാനേജ്മെന്റും പരിസരമലിനീകരണ നിയന്ത്രണസംവിധാനവും ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാത്തതിനാലാണ് ഈ ദുരവസ്ഥ. കമ്പനിയില്‍ നിന്ന് പുറംതള്ളുന്ന മലിനവസ്തുക്കളായ ആസിഡും അയണോക്സൈഡും കാഡ്മിയവുമെല്ലാം ഒഴുക്കിവിട്ട് നാടിന്റെ ജൈവസമ്പത്ത് നശിപ്പിച്ചുകഴിഞ്ഞു. പൊട്ടിപ്പൊളിഞ്ഞ ആസിഡ് റിക്കവറി പ്ലാന്റില്‍ നിന്നും മാലിന്യം കടലിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ ഭൂഗര്‍ഭജലവും മലിനമായിക്കഴിഞ്ഞു. പ്രദേശത്തെ വയലുകളെല്ലാം ആസിഡ് കലര്‍ന്ന മലിനജലം കെട്ടിക്കിടക്കുകയാണ്. മത്സ്യസമ്പത്ത്, കാര്‍ഷികവിളകള്‍, നാണ്യവിളകള്‍ എല്ലാം തന്നെ ഇല്ലാതായി. നാടിന്റെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തനമാരംഭിച്ച കെഎംഎംഎല്‍ മണ്ണിരയില്ലാത്ത മണ്ണാണ് നാട്ടുകാര്‍ക്ക് സമ്മാനമായി നല്‍കിയത്.
സാന്ദ്രത കൂടിയ ക്ലോറിനും ഹൈഡ്രജന്‍ ക്ലോറൈഡും തിങ്ങിനിറഞ്ഞ വായു ശ്വസിക്കേണ്ട ഗതികേടിലാണ്. പ്രദേശത്തെ കിണറുകളിലുള്ളത് ആസിഡ് കലര്‍ന്ന ജലമാണെന്ന് പരിസ്ഥിതി മലിനീകരണനിയന്ത്രണബോര്‍ഡ് വരെ സ്ഥിരീകരിച്ചുകഴിഞ്ഞു. എന്നിട്ടം ഇതിനൊരു പരിഹാരം കാണാന്‍ സര്‍ക്കാരോ കെഎംഎംഎല്‍ മാനേജ്മെന്റോ മുന്നോട്ടുവന്നിട്ടില്ല. ക്ഷേമപ്രവര്‍ത്തനങ്ങളുടെ പേരില്‍ കോടിക്കണക്കിന് രൂപ ചിലവാക്കുന്നതായി മാനേജ്മെന്റ് പറയുന്നു. പക്ഷേ ഇതിന്റെ ഒരംശം പോലും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടുന്നില്ല. ഈ പണം മുഴുവന്‍ ഇടനിലക്കാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് ദുരുപയോഗം ചെയ്യുകയാണ്. മലപ്പുറം, കോഴിക്കോട് പ്രദേശങ്ങളിലെ വായനശാലകള്‍ക്കും റോഡുകള്‍ക്കും വേണ്ടി പോലും ഈ പണം ചെലവാക്കപ്പെടുന്നതായാണ് ആക്ഷേപം.
ഹരി ചേനങ്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: