കൊല്ലം: ഗ്രാമ സംസ്കൃതിയുടെ ഉപാസകനായിരുന്ന കവിയാണ് മണ്മറഞ്ഞതെന്ന് തപസ്യ കലാസാഹിത്യവേദി ജില്ലാ സെക്രട്ടറി കെ. നരേന്ദ്രന് അനുസ്മരിച്ചു. കല്ലടയുടെ തുടിപ്പുകളില്‍ നിറയുന്നത് പ്രാണജലമാണെന്ന അറിവിനെ അഗ്നിയാക്കി സമൂഹത്തിന് പകരുകയായിരുന്നു വിനയചന്ദ്രന് ചെയ്തത്. പ്രകൃതി ചൂഷണത്തിനും കയ്യേറ്റത്തിനുമെതിരെ പാടിയും പറഞ്ഞും പൊരുതിയ കവിയുടെ ജീവിതം അതിവേഗം അന്യവല്‍ക്കരിക്കപ്പെടുന്ന ഗ്രാമവിശുദ്ധിയുടെ നേര്ചിത്രമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കുഞ്ഞിരാമന്‍നായര്‍ക്ക് ശേഷം മലയാളം കണ്ട അവധൂത കവിയായിരുന്നു അദ്ദേഹം. നിസ്വനായിരുന്ന കവി ആശ്രമധര്‍മ്മം ശീലിക്കാന്‍ പ്രകൃതിയോടിണങ്ങി സഞ്ചരിച്ചു. ആര്‍ഷ സംസ്കൃതിയില്‍ അഭിമാനിച്ചു. പരമ്പരാഗത കവിതാസംവിധാനങ്ങളില് നിന്ന് കുതറിമാറി നാട്ടിടവഴികളുടെ ചരല് പാതകളില്‍ തനതു കവിത വിരിയിച്ചെടുത്ത പ്രതിഭയായിരുന്നു വിനയചന്ദ്രനെന്ന് നരേന്ദ്രന് പറഞ്ഞു. മലയാള ഭാഷയുടെ സൗന്ദര്യം മുഴുവനായും ആവാഹിച്ച കവിയായിരുന്നു ഡി. വിനയചന്ദ്രനെന്ന് യുവമോര്‍ച്ച ജില്ലാ കമ്മറ്റി. ദ്രാവിഡ വൃത്തങ്ങളുടെ താളങ്ങളും ആസുരികതയുടെ പ്രചണ്ഡതയും അദ്ദേഹം കവിതയിലൂടെ മലയാളത്തിന് സമ്മാനിച്ചു. മലയാള മണ്ണിന്റെ നനവുള്ള കവിതകളും കല്ലടയാറിന്റെ തീരങ്ങളും അവിടുത്തെ ജീവിതങ്ങളും തന്റെ കവിതകളിലൂടെ ജനമനസ്സുകളില്‍ എത്തിച്ച കവിയുടെ വിയോഗം മലയാള സാഹിത്യത്തിന് തീരാനഷ്ടമാണെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ആര്. രാധാകൃഷ്ണന് പറഞ്ഞു.
പി. കുഞ്ഞിരാമന്‍നായര്‍ക്ക് ശേഷം കേരള കവിതാ പ്രസ്ഥാനത്തെ നാട്ടറിവിലൂടെ മുന്നോട്ട് കൊണ്ടുപോയ മഹാപ്രതിഭയുടെ വിയോഗം മലയാള ഭാഷയ്ക്ക് തീരാനഷ്ടമാണെന്ന് മഹാത്മാഗാന്ധി സാംസ്കാരിക സമിതി. മലയാളത്തിന്റെ പ്രിയകവി ‘കല്ലട’യെന്ന ഗ്രാമത്തെ കവിതയുടെ ലോകത്തേക്ക് കൊണ്ടുവന്നു. ‘നരകം ഒരു പ്രേമഗീതമെഴുതുന്നു’ എന്ന കവിതാ സമാഹാരത്തിലൂടെ പ്രശസ്തിയിലേക്കുയര്‍ന്ന കവിയുടെ ജീവിതം മലയാളഭാഷയുടെ ആധുനിക ചരിത്രത്തിന്റെ ഭാഗമാണെന്നും അനുശോചന പ്രമേയം ചൂണ്ടിക്കാട്ടി. സജീവ് പരിശവിളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ.എം.ജി. ജയകൃഷ്ണന്, വിഷ്ണു കരുമാലില്‍, പ്രമോദ് കണ്ണന്, ഇളമ്പള്ളൂര്‍ ഷാജഹാന്, ക്ലീറ്റസ് പട്ടകടവ്, ജോസഫ് അരവിള, സുമേഷ് എസ്. പിള്ള, ഇ. എമ്മേഴ്സണ്, ജോണ്സണ് നാന്തിരിക്കല്‍ എന്നിവര്‍ സംസാരിച്ചു.
കവി ഡി. വിനയചന്ദ്രന്റെ നിര്യാണത്തില്‍ കെടിയുസി ജില്ലാ പ്രസിഡന്റ് കുരീപ്പുഴ ഷാനവാസ് അനുശോചിച്ചു. കവിയും സാംസ്കാരിക നായകനുമായ പ്രൊഫ.ഡി. വിനയചന്ദ്രന്റെ നിര്യാണം കേരള സാംസ്കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് എന്‍സിപി കലാസാംസ്കാരിക വിഭാഗം ജനറല്‍ സെക്രട്ടറി പി.എസ്. രാജേന്ദ്രന് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ആര്.കെ. ശശിധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തി. ചെയര്മാന് എന്‍. നാഗപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. ഉപ്പുകട എം.എം. സലീം, താമരക്കുളം സലീം, പെരുമ്പുഴ സുനില്‍കുമാര്‍, തൊടിയൂര്‍ കുട്ടപ്പന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: