കൊല്ലം: ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വഞ്ചിച്ചതായി വീട്ടമ്മ. താനുമായുള്ള വിവാഹബന്ധം നിലവിലിരിക്കെ ബന്ധുക്കളുടെ ഒത്താശയോടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചതായും തന്റെ സ്വര്‍ണാഭരണങ്ങളും പണവും കൈവശപ്പെടുത്തിയതായും തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ഫാത്തിമ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം തേവലക്കര മണലുവെട്ടത്ത് ജമാലുദ്ദീന്‍ കുഞ്ഞിന്റെ മകന് ഷെറിനുമായി 2010 ജൂണ്‍ ആറിനാണ് തന്റെ വിവാഹം നടന്നത്. ഈ വിവാഹബന്ധത്തില്‍ ഒന്നരവയസുള്ള ആണ്‍കുഞ്ഞുണ്ട്. വിവാഹ സമയത്ത് നല്കിയ നൂറുപവന്‍ സ്വര്‍ണാഭരണങ്ങളും പിന്നീട് നല്കിയ 25 ലക്ഷം രൂപയും ഷെറിനും ബന്ധുക്കളും ചേര്‍ന്ന് തട്ടിയെടുത്തെന്ന് യുവതി പറഞ്ഞു. പിന്നെയും പത്തുലക്ഷം രൂപയും കൂടി സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ തന്നെ ഉപദ്രവിക്കുകയും ഇതിനു വഴങ്ങാതായതോടെ തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തെന്ന് യുവതി പറഞ്ഞു. ഇതിനിടെ 2012 നവംബര്‍ ഒമ്പതിന് ഷെറിന് ആലപ്പുഴ സ്വദേശിനിയായ യുവതിയെ ഇസ്ലാം മതാചാരപ്രകാരം ജമാഅത്തിന്റെ അറിവോടെ വിവാഹം കഴിച്ചു. ഇതുനിയമപരമായി ചോദ്യം ചെയ്ത് കായംകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ കേസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വള്ളികുന്നം പോലീസ് ഷെറിനെയും മറ്റു പ്രതികളെയും ഇതുവരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു. തനിക്ക് എത്രയും പെട്ടെന്ന് നീതി ലഭ്യമാക്കണമെന്നും ഷെറിനെപ്പോലെ കല്യാണത്തട്ടിപ്പ് നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും ഫാത്തിമ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: