കൊട്ടാരക്കര: വിവേചനങ്ങള്‍ക്കെതിരെ ജനാധിപത്യ പോരാട്ടം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി പട്ടികജാതി- പട്ടികവര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ പി. ഐഷാപോറ്റി എംഎല്‍എയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തി. ഇരുപത്തൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി ആരംഭിച്ച ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാര്‍ച്ച് നടന്നത്.
പട്ടികജാതി ജനവിഭാഗങ്ങള്‍ക്കായി ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങളോട് നീതിപുലര്‍ത്താത്ത ജനപ്രതിനിധികളോട് ഒരിക്കലും സന്ധിചെയ്യുവാന്‍ കഴിയില്ല എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം എം. ശിവപ്രസാദ് പറഞ്ഞു.
സ്വാതന്ത്ര്യം കിട്ടി ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും കേരളത്തിലെ പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുവാന്‍ കഴിയാതെ പോയതിന് ഇരുമുന്നണികള്‍ക്കും തുല്യ പങ്കാണുള്ളതെന്നും ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ജനാധിപത്യ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂപരിഷ്ക്കരണ നിയമം പൊളിച്ചെഴുതി പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷിഭൂമി ലഭ്യമാക്കുക, സ്വകാര്യമേഖലയില്‍ പട്ടികജാതി സംവരണം നടപ്പിലാക്കുക, പട്ടികജാതി വികസനനയം പ്രഖ്യാപിക്കുക, കടങ്ങള്‍ എഴുതിത്തള്ളുക, സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കുക, ഹിന്ദു-നായാടി സമുദായത്തെ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക തുടങ്ങി 21 ഇന അവകാശങ്ങള്‍ അടങ്ങിയ നിവേദനം എംഎല്‍എയ്ക്ക് സമര്‍പ്പിച്ചു.
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന മാര്‍ച്ച് എംഎല്‍എയുടെ വസതിക്ക് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന യോഗത്തില്‍ കാവൂര്‍ കെ.എസ്. രാജന് അധ്യക്ഷത വഹിച്ചു. സംയുക്തസമിതി നേതാക്കളായ ചിറ്റയം രാമചന്ദ്രന്, പന്മന വിശ്വനാഥന്, കോട്ടാത്തല സുരേഷ്, എസ്.എന്‍. പുരം സുനില്‍, ബാലന്, രത്നമ്മ, വെളിയം ശിവദാസന്‍, ബിനീഷ് ബാബു, കെ. വിജയരാജന്‍, ബ്രഹ്മദാസ്, ആനക്കോട്ടൂര്‍ ഷാജി, ജയാ മണികണ്ഠന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: