പെര്‍ത്ത്: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനമത്സരത്തില്‍ ഓസ്ട്രേലിയക്ക് 54 റണ്‍സ് ജയം. ടോസ് നേടിയ വിന്‍ഡീസ് ഓസ്ട്രേലിയയെ ബാറ്റിംഗിനയക്കുകയായിരുന്നു. 50 ഓവറില്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗ് ആരംഭിച്ച കരീബിയന്‍ നിര 38.1 ഓവറില്‍ 212 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 എന്ന നിലയില്‍ കംഗാരുപ്പട മുന്നിലെത്തി.
. ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസിന്റെ തീരുമാനം ശരിയെന്ന് തോന്നുന്ന വിധമായിരുന്നു തുടക്കം. ജോര്‍ജ് ബെയ്‌ലിയുടെ സെഞ്ച്വറി നേട്ടത്തോടെയാണ് കളി കരീബിയന്‍ കയ്യില്‍നിന്നും വഴുതിയത്. സ്കോര്‍ 16 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍ ക്വാജയെ മടക്കിക്കൊണ്ട് വിന്‍ഡീസ് ആദ്യ വിക്കറ്റ് വീഴ്‌ത്തി. 3 റണ്‍സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 25 ല്‍ എത്തിയപ്പോള്‍ ചെറുത്തുനിന്ന ഫിഞ്ചും മടങ്ങി. 11 റണ്‍സെടുത്ത ഫിഞ്ച് ഡാരന്‍ ബ്രാവോക്ക് പിടി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഹ്യൂഗ്സും മൈക്കിള്‍ ക്ലാര്‍ക്കും ചേര്‍ന്ന് സ്കോര്‍ 56 ല്‍ എത്തിച്ചപ്പോള്‍ ഇരുവരെയും വിന്‍ഡീസ് പുറത്താക്കി. ഇതോടെ ഓസീസ് 4 ന് 56 എന്ന നിലയിലായി. തുടര്‍ന്നാണ് കളിയുടെ നിയന്ത്രണം ബെയ്‌ലി ഏറ്റെടുത്തത്. ബെയ്‌ലിയെ തടയാന്‍ കരീബിയന്‍പടക്ക് കഴിഞ്ഞില്ല.
ബെയ്‌ലിയും മാത്യു വെയ്ഡും ചേര്‍ന്ന് സ്കോര്‍ 93 ല്‍ എത്തിച്ചു. വെയ്ഡിനെ (16) പുറത്താക്കിക്കൊണ്ട് നരെയ്ന്‍ ആണ് ഈ കൂട്ടുകെട്ടിനെ പിരിച്ചത്. അഞ്ച് റണ്‍സ്കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മാക്സ്‌വെല്ലിനെ പുറത്താക്കിക്കൊണ്ട് സമി ഓസീസിന് വീണ്ടും ആഘാതമേല്‍പ്പിച്ചു. ഇതോടെ ഓസീസ് 6 ന് 98 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഈ നിലയില്‍നിന്നാണ് കംഗാരുക്കള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ് നടത്തിയത്.
ഫോള്‍ക്ക്നറും ബെയ്‌ലിയും ചേര്‍ന്ന സഖ്യം വിന്‍ഡീസ് ബൗളിംഗിനെ ചെറുത്തുനിന്നു. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സ്കോര്‍ 198 ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 39 റണ്‍സെടുത്ത ഫോള്‍ക്കനറിനെയും സമിയാണ് പുറത്താക്കിയത്. മിച്ചല്‍ ജോണ്‍സണ്‍ 16 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ജോര്‍ജ് ബെയ്‌ലി 10 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും കരുത്തില്‍ 125 റണ്‍സ് കടന്നു. വിന്‍ഡീസിനുവേണ്ടി സമി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.മറുപടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിനുവേണ്ടി കീറോണ്‍ പവല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഗെയ്‌ല് (4) തുടക്കത്തിലേ മടങ്ങി. സര്‍വനും തിളങ്ങാനായില്ല. 3 ന് 33 എന്ന നിലയിലായ വിന്‍ഡീസിനെ പവലും ഡാരന്‍ ബ്രാവോയും ചേര്‍ന്നാണ് മാന്യമായ സ്കോറിലെത്തിച്ചത്. സ്കോര്‍ 159 ല്‍ എത്തിയപ്പോഴാണ് നാലാം വിക്കറ്റ് വീണത്. 45 റണ്‍സെടുത്ത ബ്രാവോയെ മാക്സ്‌വെല്‍ പുറത്താക്കി. പവലും (83) പുറത്തായതോടെ വിന്‍ഡീസ് തകര്‍ന്നു. ബാക്കിയാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ചും മാക്സ്‌വെല്‍ നാലും വിക്കറ്റുകള്‍ വീഴ്‌ത്തി. ബെയ്‌ലിയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: