പെര്‍ത്ത്: വെസ്റ്റിന്‍ഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം. ഒമ്പത് വിക്കറ്റിനാണ് ഓസ്ട്രേലിയ ആദ്യ പോരാട്ടത്തില്‍ സന്ദര്‍ശകരെ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് ഏകദിനത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറിനാണ് പുറത്തായത്. 23.5 ഓവറില്‍ വെറും 70 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ബാറ്റ്സ്മാന്മാര് കൂടാരം കയറിയത്. 2004 ജനുവരി 25ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 54 റണ്‍സിനും 2011 ഒക്ടോബര്‍ 18ന് ബംഗ്ലാദേശിനെതിരെ ചിറ്റഗോംഗില്‍ 61 റണ്‍സിനും വിന്‍ഡീസ് പുറത്തായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി ജെയിംസ് ഫള്‍ക്നറും വെസ്റ്റിന്‍ഡീസിന് വേണ്ടി ജാസണ്‍ ഹോള്‍ഡറും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഓസ്ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് മാന്‍ ഓഫ് ദി മാച്ച്.
തുടര്‍ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 40.4 ഓവര്‍ ബാക്കിനില്‍ക്കേ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്താണ് മികച്ച വിജയം സ്വന്തമാക്കിയത്. 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന മാക്സ്വെല്ലാണ് ഓസ്ട്രേലിയക്ക് മികച്ച വിജയം സമ്മാനിച്ചത്. 10 റണ്‍സെടുത്ത ഫ്ലിഞ്ചിന്റെ വിക്കറ്റ് മാത്രമാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. 8 റണ്‍സെടുത്ത കവാജയായിരുന്നു മാക്സ്വെലിന് കൂട്ടായി ക്രീസിലുണ്ടായിരുന്നത്.
നേരത്തെ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് ഓസീസ് ഫാസ്റ്റ് ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞപ്പോള്‍ വിന്‍ഡീസ് ബാറ്റിംഗ്നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നടിഞ്ഞു. വെസ്റ്റിന്‍ഡീസ് നിരയില്‍ മൂന്ന്പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 16 റണ്‍സെടുത്ത ക്യാപ്റ്റന്‍ സമിയാണ് ടോപ് സ്കോറര്‍. ഓപ്പണറായി ഇറങ്ങിയ കീറന്‍ പവലും ഡാരന്‍ ബ്രാവോയും 11 റണ്‍സ് വീതമെടുത്തു. ക്രിസ് ഗെയില്‍ (4), സര്‍വന്‍ (0), ഡ്വെയ്ന്‍ ബ്രാവോ (0), കീറന്‍ പൊള്ളാര്‍ഡ് (0), ഡെവണ്‍ തോമസ് (3) തുടങ്ങിയ മുന്‍നിര ബാറ്റ്സ്മാന്മാര് തീര്‍ത്തും പരാജയപ്പെട്ടതോടെയാണ് വിന്‍ഡീസ് നിര 70 റണ്‍സിന് ഓള് ഔട്ടായത്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ വഴങ്ങിയ 17 എക്സ്ട്രാ റണ്‍സാണ് അവരുടെ ടോപ്സ്കോര്‍.
6.5 ഓവറില്‍ രണ്ട് മെയ്ഡനടക്കം 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും 7 ഓവറില്‍ 10 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ മക്കായും അഞ്ച് ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ഫള്‍ക്നറും ചേര്‍ന്നാണ് വിന്‍ഡീസ് നിരയെ അവരുടെ മൂന്നാമത്തെ ചെറിയ സ്കോറിന് എറിഞ്ഞിട്ടത്.
71 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് വെടിക്കെട്ട് തുടക്കമാണ് മാക്സ്വെല് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഫ്ലിഞ്ചിനൊപ്പം മാക്സ്വെല് 3.3 ഓവറില്‍ 39 റണ്‍സ് അടിച്ചുകൂട്ടി. 10 റണ്‍സെടുത്ത ഫ്ലിഞ്ചിനെ ഹോള്‍ഡര്‍ മടക്കിയെങ്കിലും കവാജയെ കൂട്ടുപിടിച്ച് 9.2 ഓവറില്‍ മാക്സ്വെല് ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: