ചെന്നൈ: ഇന്ത്യന്‍ ടീമിന്റെ നീലക്കുപ്പായമണിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് നായകന് മഹേന്ദ്രസിംഗ് ധോണി. ചെറിയ പട്ടണത്തിന്റെ പ്രതിനിധിയായതാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു മത്സരത്തിനോ പരമ്പരയ്ക്കോ തെരഞ്ഞെടുത്തില്ലെന്നു കരുതി ഒരിക്കലും ഉത്കണ്ഠപ്പെടുകയില്ല. അടുത്ത മത്സരത്തില്‍ മാത്രമായിരിക്കും പൂര്‍ണമായ ശ്രദ്ധ. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ മോഡറേറ്ററായിരുന്ന പാനലിനു മുന്നില്‍ സംസാരിക്കവെ ധോണി പറഞ്ഞു.
റാഞ്ചി പോലുള്ള ചെറിയ പട്ടണങ്ങളെ ആരും ശ്രദ്ധിക്കാറില്ല. അവിടങ്ങളില്‍ ഒരു ചെറുസംഘം മുതിര്‍ന്ന കളിക്കാരുണ്ട്. മാത്രമല്ല നല്ല ലീഗ് ക്രിക്കറ്റും നടക്കാറുണ്ട്. റാഞ്ചിയിലെ മുന്‍കാല ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ധോണി പറഞ്ഞു.
താരതമ്യം ചെയ്യുമ്പോള്‍ റാഞ്ചിയില്‍ മുതിര്‍ന്ന കളിക്കാര്‍ ഒരുപാടുണ്ട്. എന്നാല്‍ അത്തരത്തിലൊരു ചെറിയപട്ടണത്തില്‍ നിന്നും വരുന്നു എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതാണ് പ്രതിസന്ധികളെ നേരിടാന്‍ നമ്മളെ കരുത്തരാക്കുന്നതും. ആരോഗ്യപാനീയമായ ബൂസ്റ്റിന് പ്രോത്സാഹിപ്പിക്കാനുള്ള ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ധോണി.
അത്തരം ചെറുപട്ടണങ്ങളിലെ കളിക്ക് നല്ല മാധ്യമ കവറേജ് ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. തന്റെ കളിക്കിടെ മറ്റു കാര്യങ്ങളില്‍ സമയം കണ്ടെത്തുന്നതിനെക്കുറിച്ചും ധോണിയോട് ചോദ്യമുണ്ടായി. എല്ലാ പ്രവൃത്തികളുടെയും കേന്ദ്രം കളിയാണെന്നായിരുന്നു ധോണിയുടെ മറുപടി.
അത് വളരെ എളുപ്പമാണ്. ക്രിക്കറ്റിനെ മാത്രം പിന്തുടരുക. അതില്ലെങ്കില്‍ പിന്നെ മറ്റൊന്നുമില്ല. പരസ്യങ്ങള്‍ക്കും മറ്റുമായുള്ള ഷൂട്ടിംഗ് ക്രിക്കറ്റില്ലാത്ത ഒഴിവുസമയങ്ങളില്‍ മാത്രമേയുള്ളൂ. അല്ലെങ്കില്‍ ഒഴിവുവേളകള്‍ പ്രധാനപ്പെട്ട ആള്‍ക്കാരുമായി ഇടപഴകാന്‍ വിനിയോഗിക്കും. അദ്ദേഹം പറഞ്ഞു. ജിമ്മില്‍ താന്‍ അധികം ചെലവഴിക്കാറില്ല. ഫീല്‍ഡ് വിട്ടാല്‍ പിന്നെ വിശ്രമിക്കും. നന്നായി ഭക്ഷണം കഴിക്കും. എന്തു വേണമോ അത്. ഭക്ഷണത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓപ്പണര്‍ വീരേന്ദ്രസെവാഗ്, മുന്‍ക്യാപ്റ്റന്‍ അനില്‍കുംബ്ലെ, മുന്‍ കോച്ച് ജോണ്‍ റൈറ്റ് എന്നിവരും പാനലില്‍ ഉണ്ടായിരുന്നു. പരാജയങ്ങളില്‍ തളരാതെ മുന്നേറുകയാണ് വേണ്ടതെന്ന് ഏകദിനത്തില്‍ വേഗത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി, ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ വെമ്പുന്ന സെവാഗ് പറഞ്ഞു. വിശ്രമം കുടുംബത്തോടൊപ്പം സംഗീതം ആസ്വദിച്ചുകൊണ്ടാണെന്നും സെവാഗ് പറഞ്ഞു. തന്റെ ബാറ്റിംഗ് സാങ്കേതികമായി ശരിയല്ല, എന്നാല്‍ താന്‍ മാനസികമായി കരുത്തനാണ്. സെവാഗ് കൂട്ടിച്ചേര്‍ത്തു.
കഴിവും കഠിനപ്രയത്നവും ആയിരുന്നു കുംബ്ലെ സംസാരിച്ച വിഷയം. ക്രിക്കറ്റില്‍ ഉന്നതങ്ങളിലെത്തണമെങ്കില് കഴിവും കഠിനപ്രയത്നവും തന്നെ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: