മുംബൈ: രഞ്ജി ട്രോഫി കിരീടം മുംബൈക്ക്. ഫൈനലില്‍ സൗരാഷ്ട്രയെ ഇന്നിംഗ്സിനും 125 റണ്‍സിനും തകര്‍ത്താണ് മുംബൈ രഞ്ജി ട്രോഫിയില്‍ മുത്തമിട്ടത്. മുംബൈയുടെ 40-ാം രഞ്ജി കിരീടമാണിത്. ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 208 റണ്‍സ് വേണ്ടിയിരുന്ന സൗരാഷ്ട്രയെ 36.3 ഓവറില്‍ വെറും 82 റണ്‍സിന് ഓള് ഔട്ടാക്കിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും നാല് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കറുമാണ് മുംബൈക്ക് ഉജ്ജ്വല വിജയം സമ്മാനിച്ചത്. സ്കോര്‍ സൗരാഷ്ട്ര 148, 82. മുംബൈ 355. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ മുംബൈയുടെ വസീം ജാഫറാണ് മാന്‍ ഓഫ് ദി മാച്ച്. 75 വര്‍ഷത്തിന് ശേഷം ആദ്യമായി രഞ്ജി ട്രോഫിയുടെ ഫൈനലിലെത്തിയ സൗരാഷ്ട്രക്ക് മുംബൈയുടെ കരുത്തിന് മുന്നില്‍ പിടിച്ചുനില്ക്കനായില്ല.
ആറിന് 287 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 355 റണ്‍സിന് അവസാനിച്ചു. 41 റണ്‍സോടെ ഹികന്‍ ഷായും 18 റണ്‍സോടെ ധവാല്‍ കുല്‍ക്കര്‍ണിയുമാണ് മൂന്നാം ദിവസം കളി പുനരാരംഭിച്ചത്. എന്നാല്‍ തലേന്നത്തെ സ്കോറിനോട് ഒരു റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തതോടെ ഏഴാം വിക്കറ്റും മുംബൈക്ക് നഷ്ടമായി. 18 റണ്‍സെടുത്ത കുല്‍ക്കര്‍ണിയെ സിദ്ധാര്‍ത്ഥ് ത്രിവേദിയുടെ പന്തില്‍ ഷിതാന്‍ഷു കൊടക് പിടികൂടി. പിന്നീട് ഹികന്ഷായും അങ്കിത് ചവാനും ചേര്‍ന്ന് മുംബൈ സ്കോര്‍ 329-ല്‍ എത്തിച്ചു. 55 റണ്‍സെടുത്ത ഷായെ പുറത്താക്കി സൗര്യ സനന്ദിയയാണ് ഈ കൂട്ടുകെട്ട് പിരിച്ചത്. സ്കേര്‍ 344-ല്‍ എത്തിയപ്പോള്‍ 10 റണ്‍സെടുത്ത ഷര്‍ദുല്‍ താക്കൂറിനെയും 355-ല്‍ എത്തിയപ്പോള്‍ 41 റണ്‍സെടുത്ത അങ്കിത് ചവാനെയും മക്വാന സ്വന്തം പന്തില്‍ പിടിച്ചുപുറത്താക്കിയതോടെ മുംബൈ ഇന്നിംഗ്സിന് തിരശ്ശീലവീണു.
റെക്കോര്‍ഡ് റണ്‍വേട്ട നടത്തിയ വാസിം ജാഫറിന്റെ സെഞ്ച്വറിയുടെ കരുത്തിലാണ് മുംബൈ വന്‍ ലീഡ് നേടിയത്. രഞ്ജി കരിയറിലെ 32-ാം സെഞ്ച്വറി നേടിയ ജാഫര്‍ ദല്‍ഹിയുടെ അജയ് ശര്‍മയുടെ 31 സെഞ്ചുറിയെന്ന റെക്കോര്‍ഡാണ് തിരുത്തിയത്. രഞ്ജിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് ജാഫര്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ജാഫറിന്റെ റെക്കോര്‍ഡ് അമോല്‍ മജുംദാര്‍ അടുത്തിടെ മറികടന്നിരുന്നു.
207 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്ങ്സില്‍ ബാറ്റിങ് തുടങ്ങിയ സൗരാഷ്ട്രയെ വെറും 82 റണ്‍സിന് മുംബൈ ചുരുട്ടിക്കെട്ടി. സൗരാഷ്ട്രയുടെ രണ്ടാം ഇന്നിംഗ്സില്‍ വെറു രണ്ടുപേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 22 റണ്‍സെടുത്ത ധര്‍മ്മേന്ദ്രസിംഗ് ജഡേജയും 16 റണ്‍സെടുത്ത സൗര്യ സനന്ദിയയുമാണ് രണ്ടക്കം കടന്നത്. ബാക്കിയുള്ളവരില്‍ മൂന്നുപേര്‍ പൂജ്യത്തിനും പുറത്തായി. 14.3 ഓവറില്‍ 32 റണ്‍സ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ധവാല്‍ കുല്‍ക്കര്‍ണിയും 9 ഓവറില്‍ 15 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ അജിത് അഗാര്ക്കറുമായിരുന്നു സൗരാഷട്രയുടെ അന്തകര്‍. ശേഷിച്ച ഒരു വിക്കറ്റ് അഭിഷേക് നായര്‍ക്കാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: