ധര്‍മ്മശാല: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് ആശ്വാസജയം. പരമ്പര മുമ്പ് തന്നെ കൈവിട്ട ഇംഗ്ലണ്ടിന് രക്ഷകനായത് ഇയാന്‍ ബെല്ലായിരുന്നു. സെഞ്ച്വറിനേട്ടത്തോടെ ചെറുത്തുനിന്ന ബെല്‍ ഏഴ് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിച്ചത്. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 49.4 ഓവറില്‍ 226 റണ്‍സിന് ഇന്ത്യയെ പുറത്താക്കി.മറുപടി ബാറ്റിംഗ്ആരംഭിച്ച ഇംഗ്ലണ്ട് 16 പന്തുകള്‍ ശേഷിക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയം ഇംഗ്ലണ്ട് നേടിയെങ്കിലും പരമ്പര ഇന്ത്യ നേടി (3-2).
അവിശ്വസനീയമായ തകര്‍ച്ചയായിരുന്നു തുടക്കത്തില്‍ ഇന്ത്യക്ക് നേരിട്ടത്. സുരേഷ് റെയ്നയും രവീന്ദ്ര ജഡേജയും ഭുവനേശ്വര്‍കുമാറും നടത്തിയ ചെറുത്തുനില്‍പ്പാണ് ദയനീയ അവസ്ഥയില്‍നിന്നും ഇന്ത്യയെ സാമാന്യം ഭേദപ്പെട്ട നിലയിലെത്തിച്ചത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. സ്കോര്‍ 13 ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ശര്‍മ്മയെ ബ്രസ്നന്റെ പന്തില്‍ ട്രെഡ്വെല് പിടികൂടി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലി വിക്കറ്റ് വലിച്ചെറിഞ്ഞ് മടങ്ങി. നേരിട്ട ആദ്യപന്തില്‍തന്നെ ബ്രസ്നന് വിക്കറ്റ് നല്കി. യുവരാജ് സിംഗും പൂജ്യനായി മടങ്ങിയതോടെ ഇന്ത്യ 3 ന് 24 എന്ന നിലയിലായി. അതിനുശേഷം ഗംഭീര്‍-റെയ്ന കൂട്ടുകെട്ട് അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയവര്‍ക്കും തെറ്റി. സ്കോര്‍ 49 ല്‍ എത്തിയപ്പോള്‍ 24 റണ്‍സെടുത്ത ഗംഭീറിനെ ട്രെഡ്വെല് മടക്കി. മികച്ച ഫോമിലായിരുന്ന ധോണിയാണ് പിന്നീടെത്തിയത്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ അവസരത്തിനൊത്ത് ഉയരാന്‍ ധോണിക്ക് സാധിച്ചില്ല. 15 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെ ഫിന് എല്‍ബിയില്‍ കുടുക്കി മടക്കി.
ഇന്ത്യ 5 ന് 79 എന്ന നിലയിലേക്ക് കൂപ്പുകുത്തി. മധ്യനിരയില്‍ ജഡേജ എത്തിയതോടെയാണ് തുടര്‍ച്ചയായുള്ള വിക്കറ്റ്വീഴ്ചക്ക് അറുതിയായത്. ജഡേജയും റെയ്നയും ചേര്‍ന്ന് ദയനീയ സ്ഥിതിയില്‍നിന്നും ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി. സ്കോര്‍157 ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞത്. 39 റണ്‍സെടുത്ത രവീന്ദ്ര ജഡേജ ട്രെഡ്വെലിനെതിരെ കൂറ്റനടിക്ക് ശ്രമിക്കുമ്പോള്‍ ബെല്ലിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.
സ്കോര്‍ 177 ല്‍ എത്തിയപ്പോള്‍ ഇന്ത്യയുടെ രക്ഷകനായ റെയ്ന പുറത്തായതോടെ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. എന്നാല്‍ അശ്വിനും ഭുവനേശ്വര്‍കുമാറും ചേര്‍ന്ന് ഇന്ത്യയെ 200 കടത്തി.
അവസരത്തിനൊത്തുയര്‍ന്ന ഇരുവരും പന്തുകള്‍ നിരവധിതവണ അതിര്‍ത്തി കടത്തി. സ്കോര്‍ 211 ല്‍ എത്തിയപ്പോള്‍ 19 ന് അശ്വിന് സമിത് പട്ടേലിന്റെ പന്തില്‍ പുറത്തായി. വാലറ്റത്ത് 30 പന്തില്‍നിന്നും 31 റണ്‍സെടുത്ത് ഭുവനേശ്വര്‍ തിളങ്ങി. ഇംഗ്ലണ്ടിനുവേണ്ടി ബ്രസ്നന് നാല് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന്റെ തുടക്കം മികച്ചതായിരുന്നു. സ്കോര്‍ 53 ല്‍ എത്തിയശേഷമാണ് ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്കായത്. 22 റണ്‍സെടുത്ത കുക്കിനെ ഇഷാന്ത് ക്ലീന്ബൗള് ചെയ്തു.
പിന്നീടെത്തിയ പീറ്റേഴ്സണ് (6) ഉടന്‍തന്നെ മടങ്ങി. എന്നാല്‍ ബെല്‍ ഒരു വശം കാത്തുനിന്നത് ഇന്ത്യക്ക് ഭീഷണിയായി. പിന്നീടെത്തിയ റൂട്ട് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബെല്ലും മോര്‍ഗനും (40) ചേര്‍ന്ന് ഇംഗ്ലീഷ് ജയം പൂര്‍ത്തിയാക്കി. 143 പന്തുകളില്‍നിന്നും 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും കരുത്തില്‍ 113 റണ്‍സെടുത്ത ബെല്ലാണ് കളിയിലെ താരം. സുരേഷ് റെയ്ന പരമ്പരയുടെ താരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: