റാഞ്ചി: ടീം ഇന്ത്യ ഇങ്ങനെയൊക്കെയാണ്. ചിലപ്പോള്‍ തോല്‍വി തുടര്‍ക്കഥയാക്കും; ജയിക്കാന്‍ തുടങ്ങിയാലോ ജയിച്ചുകൊണ്ടേയിരിക്കും. മുഹമ്മദ് അസറുദ്ദീന്റെ കാലത്തായാലും സൗരവ് ഗാംഗുലിയുടെ കാലത്തായാലും ഇന്നിപ്പോള്‍ മഹേന്ദ്ര സിങ് ധോണിയുടെ കാലത്തായാലും അതിനു വലിയ മാറ്റമൊന്നുമില്ല. ആ സ്വഭാവ സവിശേഷതയ്ക്കു മറ്റൊരു ഉദാഹരണം കൂടെ സൃഷ്ടിച്ചിരിക്കുന്നു ഇന്ത്യന്‍ ടീം.
രാജ്കോട്ടിലെ തോല്‍വിയോടെ ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര തുടങ്ങിയ ഇന്ത്യ കൊച്ചിയിലെ തകര്‍പ്പന്‍ വിജയത്തോടെ തിരിച്ചുവന്നു. ഇപ്പോഴിതാ അതിലും ഗംഭീരമൊരു ജയത്തോടെ പരമ്പരയില്‍ 2-1നു മുന്നിലെത്തിയിരിക്കുന്നു. ധോണിയുടെ സ്വന്തം മണ്ണിലെ അങ്കത്തില്‍ അലിസ്റ്റര്‍ കുക്കിനെയും സംഘത്തെയും ഏഴു വിക്കറ്റിനു തച്ചുടച്ചുകളഞ്ഞു ഇന്ത്യ.
ഇംഗ്ലണ്ട് മുന്നില്‍ വച്ച 156 റണ്‍സ് വിജയ ലക്ഷ്യം വെറും മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ധോണിക്കൂട്ടം മറികടന്നു. അങ്ങനെ റാഞ്ചിയിലെ പുതിയ സ്റ്റേഡിയത്തിലെ കന്നിമത്സരം ഇന്ത്യ അവിസ്മരണീയമാക്കി. സ്കോര്‍: ഇംഗ്ലണ്ട് -155 (42.2 ഓവര്‍).ഇന്ത്യ- മൂന്നിന് 157 (28.1).
ബാറ്റുകൊണ്ടും പന്തുകൊണ്ടും ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിക്കളഞ്ഞു ഇന്ത്യ. ഷാമി അഹമ്മദിന്റെയും (1 വിക്കറ്റ്) ഇഷാന്ത് ശര്‍മയുടെയും (2) ഭുവനേശ്വര്‍ കുമാറിന്റെയും (1)അഗ്നി സ്പര്‍ശമുള്ള പന്തുകളും നല്ല തുടക്കമെന്ന ഇംഗ്ലീഷ് മോഹങ്ങളെ കരിച്ചു. പിന്നാലെ മൂന്നു ഇരകളെ കണ്ടെത്തിയ രവീന്ദ്ര ജഡേജയും രണ്ടു പേരെ മടക്കിയ ആര്. അശ്വിന്റെ മന്ത്രമൊളിപ്പിച്ച ചുഴറ്റിയേറുകളും കുക്കിന്റെ കൂട്ടുകാരുടെ അന്ത്യ കൂദാശ നടത്തി. ചെറിയ സ്കോര്‍ പ്രതിരോധിക്കാന്‍ എത്തിയ സന്ദര്‍ശകരെ കാത്തിരുന്നത് വിരാട് കോഹ്ലിയെന്ന തീക്കാറ്റ്. 79 പന്തില്‍ 77 റണ്‍സ് അടിച്ചെടുത്ത കോഹ്ലിയുടെ പ്രതിഭയുടെ ജ്വാല അവര്‍ക്കു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു. 9 ഫോറുകളും രണ്ടു സിക്സറുകളും ഇന്ത്യന്‍ യുവ തുര്‍ക്കിയുടെ ബാറ്റില്‍ നിന്നു മൂളിപ്പറന്നു. കോഹ്ലി തന്നെ കളിയിലെ കേമനുമായി. യുവരാജ് സിങ്ങും (21 പന്തില്‍ 30) ഇംഗ്ലണ്ടിന്റെ മുറിവില്‍ ഉപ്പു പുരട്ടി. ആറു തവണ പന്ത് അതിര്‍ത്തി കടത്തിയ യുവിയെ ജയിംസ് ട്രെഡ്വെല് ബൗള്‍ ഡാക്കി. ഓപ്പണര്‍ അജിന്‍ക്യ രഹാനെയും (0) തുടക്കത്തില്‍ തന്നെ മടക്കാനായെന്നതും ഗൗതം ഗംഭീറിനെ(33) സ്വതസിദ്ധമായ കളിക്കു അനുവദിച്ചില്ലെന്നതും മാത്രമായി മത്സരത്തില്‍ ഇംഗ്ലണ്ടിനു ലഭിച്ച നല്ല ഓര്‍മകള്‍. രണ്ടു വിക്കേറ്റ്ടുത്ത ട്രെഡ്വെല് ഇംഗ്ലിഷ് ബൗളര്‍മാരില്‍ കേമന്‍.
നേരത്തെ അച്ചടക്കമുള്ള ബൗളങ്ങിലൂടെ ഇംഗ്ലീഷ് ബാറ്റിങ് നിരയെ വെള്ളം കുടിപ്പിച്ചു കളഞ്ഞു ഇന്ത്യ. റാഞ്ചിയിലെ പുത്തന്‍ പിച്ചിലെ ചെറിയ മൂവ്മെന്റും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലിഷ് മുന്‍ നിരയെ തകര്‍ത്തു ഒപ്പം മധ്യനിരയെയും വാലറ്റത്തെയും അരിഞ്ഞു വീഴ്ത്തി സ്പിന്നര്‍മാരും നിറഞ്ഞാടി.
കൊച്ചിയിലെ പരാജയത്തിന്റെ ആഘാതത്തില്‍ നിന്ന് കരകയറിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ഇംഗ്ലണ്ടിന്റെ പ്രകടനം. നായകന് അലിസ്റ്റര്‍ കുക്കും (17) ഇയാന്‍ ബെല്ലും (25) ചേര്‍ന്ന് സന്ദര്‍ശകര്‍ക്കു ഭേദപ്പെട്ട തുടക്കം നല്കി. ഇന്ത്യന്‍ പേസ് നിരയിലെ യുവ രക്തങ്ങള്‍ ഷാമി അഹമ്മദും ഭുവനേശ്വര്‍ കുമാറും കൃത്യതയോടെ പന്തെറിഞ്ഞപ്പോള്‍ കുക്കും ബെല്ലും റണ്ണെടുക്കാന്‍ ബുദ്ധിമുട്ടി. എങ്കിലും ഇടയ്ക്കൊക്കെ പന്തു ബൗണ്ടറി കടന്നു. പക്ഷേ എട്ടാം ഓവറില്‍ കുക്കിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി ഷാമി ഇംഗ്ലീഷ് നൗകയില്‍ ആദ്യ തുളയിട്ടു. അപ്പോള്‍ അവരുടെ സ്കോര്‍, 24. കെവിന് പീറ്റേഴ്സന് വന്നതോടെ ഇംഗ്ലണ്ടിന്റെ റണ്ണൊഴുക്കു കൂടി. ബെല്‍- പീറ്റേഴ്സന് സഖ്യം 41 പന്തില്‍ 44 റണ്‍സ് ചേര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് കരകയറുമെന്നു തോന്നി.
എന്നാല്‍ കൊടുങ്കാറ്റിനു മുന്‍പുള്ള ശാന്തതയായിരുന്നു അത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ പീറ്റേഴ്സന് (17) ധോണിയുടെ ഗ്ലൗസില്‍ ഒതുങ്ങി, പിന്നാലെ ബെല്ലിന്റെ കളി (25) ഭുവനേശ്വറിന്റെ പന്തില്‍ ധോണിയുടെ അത്യുജ്വലമായൊരു ക്യാച്ചില്‍ അവസാനിച്ചു. പിന്നെ ജഡേജയുടെയും അശ്വിന്റെയും വാഴ്ച്ച. അശ്വിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിനു ശ്രമിച്ച ഇയോണ്‍ മോര്ഗന് (10) യുവരാജിന്റെ കൈപ്പിടിയില്‍. തുടര്‍ന്ന് ജഡേജയുടെ ഡബിള്‍ സ്ട്രൈക്ക്; ക്രെയ്ഗ് ക്വീസ്വെറ്ററും സമിത് പട്ടേലും സംപൂജ്യര്‍.ജോയ് റൂട്ട് കൂട്ടാളികളുടെ മടക്കത്തിനു സാക്ഷിയായി ഒരു വശത്തു നിന്നു. ടിം ബ്രസ്നന് എത്തിയപ്പോള്‍ മറ്റൊരു ചെറു കൂട്ടുകെട്ട്. മികച്ച ടൈമിങ്ങിലൂടെ അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ റൂട്ട് രക്ഷാപ്രവര്‍ത്തിനു ചുക്കാന്‍ പിടിച്ചു. ഒടുവില്‍ റൂട്ടിനെ (39) മടക്കി ഇഷാന്ത് 47 റണ്‍സിന്റെ സഖ്യം പൊളിച്ചു. അധികം വൈകാതെ ബ്രസ്നനും (25) അശ്വിന്റെ പന്തില്‍ ബൗള്‍ഡായി.
പിന്നെയെല്ലാം ചടങ്ങുകള്‍. സ്റ്റീവന്‍ ഫിന് (3), ജേഡ് ഡെമര്‍ ബാഷുമൊന്നും പ്രതിരോധിക്കാന്‍ മെനക്കെടാതിരുന്നപ്പോള്‍ ഇംഗ്ലീഷ് സ്കോറിനു മാന്യതകൈവന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: