റാഞ്ചി: ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നേടിയ ഗംഭീര ജയത്തിന്റെ ലഹരി അടങ്ങിയിട്ടില്ല ടീം ഇന്ത്യയുടെയും ആരാധകരുടെയും മനസില്‍. ശരിക്കും മൃതസഞ്ജീവനി പോലൊരു ജയം. അതില്‍ ഊര്‍ജമുള്‍ക്കൊണ്ട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിന് ടീം ഇന്ത്യ ഇന്നിറങ്ങും. നായകന് മഹേന്ദ്ര സിങ് ധോണിയുടെ സ്വന്തം നാട്ടിലെ ജെഎസ്സിഎ സ്റ്റേഡിയം അങ്കത്തട്ട്. കപ്പിത്താന്റെ മണ്ണിലെ ഈ കളത്തില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നതു ഇതാദ്യം. അതിനാല്‍ത്തന്നെ അവര്‍ക്കു ജയിക്കണം. കാര്യങ്ങളെല്ലാം വിചാരിച്ചപോലെ നടന്നാല്‍ പരമ്പരയില്‍ ഇന്ത്യയ്ക്കു 2-1നു മുന്നിലെത്താം. അതല്ല ഇംഗ്ലീഷ് പട കളംവാണാല് വീണ്ടും നിരാശയുടെ പാളയത്തിലേക്കു മടങ്ങേണ്ടിവരും ധോണിപ്പടയ്ക്ക്.റാഞ്ചിയിലെ മത്സരത്തിലെ പ്രധാന ശ്രദ്ധാ കേന്ദ്രം ധോണി തന്നെ. ക്യാപ്റ്റന്റെ തകര്‍പ്പന്‍ ഫോം ടീമിനു നല്കുന്ന ഉത്തേജനം ഒന്നു വേറെയാണ്. 2011 ലോകകപ്പ് വിജയത്തിനുശേഷമുള്ള 27 ഇന്നിങ്ങ്സുകളില്‍ നിന്നു ധോണി കുറിച്ചത് 11 അര്‍ധശതകങ്ങളാണ്. സ്ട്രൈക്ക് റേറ്റ് 92.39ഉം ആവറേജ് 83.28ഉം. അവസാന അഞ്ചു മത്സരങ്ങളില്‍ ധോണിയുടെ നേട്ടം 307 റണ്‍സ്. ടീം പ്രതിസന്ധിയിലാകുമ്പോഴാണ് ധോണിയിലെ യഥാര്‍ഥ പോരാളി ഉണരുന്നത്. കൊച്ചിയിലെ മത്സരവും അതിനു സാക്ഷ്യമായി. നിലയുറപ്പിച്ചശേഷമുള്ള വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ധോണി എതിരാളിയുടെ തന്ത്രങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. രവീന്ദ്ര ജഡേജയിലെ ഹിറ്ററെ പ്രചോദിപ്പിച്ചതും ക്യാപ്റ്റന്റെ കളി തന്നെ. ബൗളിങ്ങിലും മികവു കാട്ടിയ ജഡേജ ഓള് റൗണ്ടറെ തിരഞ്ഞുള്ള ഇന്ത്യന്‍ പരിശ്രമങ്ങള്‍ക്കു ഒരു പരിധിവരെ ഫലം നല്കിയെന്നു പറയാം. മധ്യനിര ബാറ്റിങ് ഫോം വീണ്ടെടുത്തതും ഇന്ത്യയ്ക്കു മനക്കരുത്തേകുന്നു. സുരേഷ് റെയ്നയും യുവരാജ് സിങ്ങുമൊക്ക താളം കണ്ടെത്തി. സുദീര്‍ഘമായ ഇന്നിങ്ങ്സിനു സാധിച്ചില്ലെങ്കിലും വിരാട് കോഹ്ലി ഫോമിന്റ ലക്ഷണം കാട്ടിയെന്നതും ഇന്ത്യയ്ക്കു ശുഭസൂചനയായി. ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ താളപ്പിഴകളാണു ധോണിക്കും സംഘത്തിനും തലവേദന. ഗംഭീറും താളം കണ്ടെത്തിയാല്‍ ഇന്ത്യയ്ക്ക മികച്ച തുടക്കം.
ബൗളര്‍മാരില്‍ ടീനേജ് പേസര്‍ ഭുവനേശ്വര്‍ കുമാറിലാണു പ്രധാന പ്രതീക്ഷ. കൊച്ചിയില്‍ ഇംഗ്ലീഷ് സൂപ്പര്‍ താരം കെവിന് പീറ്റേഴ്സന്റെയടക്കം മുന്നു വിക്കറ്റുകള്‍ പിഴുത ഭുവനേശ്വര്‍ മൂര്‍ച്ച തെളിയിച്ചുകഴിഞ്ഞു. തുടര്‍ച്ചയായി പത്തു ഓവറുകള്‍ പന്തെറിഞ്ഞ ഭുവി കായികക്ഷമതയുടെ കാര്യത്തിലും താന്‍ പിന്നിലല്ലെന്നും കാട്ടിക്കൊടുത്തു. തുടക്കത്തില്‍ പിച്ചില്‍ സ്വിങ്ങുണ്ടായാല് ഇംഗ്ലണ്ടിനെ വിഷമ വൃത്തത്തിലാക്കാന്‍ ഭുവനേശ്വറിനാകും. നിറം മങ്ങിയ സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കിയക്കും. അങ്ങനെയെങ്കില്‍ അശോക് ദിന്‍ഡ ഭുവനേശ്വറിന്റെ കൂട്ടാളിയാവും. പരിശീലനത്തിനിടെ ധോണിയുടെ വിരലിനു പരുക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നും ഇന്നു ധോണി കളത്തിലിറങ്ങുമെന്നും ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
മറുവശത്ത്, കടുത്ത പ്രതികാര ചിന്തയോടെയാവും ഇംഗ്ലണ്ട് കളത്തിലിറങ്ങുക. കനത്ത തോല്‍വിയുടെ ആഘാതം മാറ്റാന്‍ വമ്പന്‍ ജയം കുക്കിനും കൂട്ടര്‍ക്കും മതിയായേ തീരു. പീറ്റേഴ്സന് ദീര്‍ഘനേരം ക്രീസില്‍ നില്ക്കാന് പരാജയപ്പെടുന്നുവെന്നതാണു ഇംഗ്ലണ്ടിന്റെ പ്രധാന പ്രശ്നം. രാജ് കോട്ടിലും (44) കൊച്ചിയിലും (42) നന്നായി തുടങ്ങിയെങ്കിലും പെരുമയ്ക്കൊത്ത പ്രകടനത്തിനു കെപിക്കായില്ല. സന്ദര്‍ശകരുടെ ബൗളിങ് നിരയില്‍ പരിചയസമ്പത്തിന്റെ അഭാവമുണ്ട്. എങ്കിലും ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ അവര്‍ക്കായിരുന്നു. ജയിംസ് ട്രെഡ്വെല്ലിന്റെയും സമിത് പട്ടേലിന്റെയും സ്പിന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സ്റ്റീവന്‍ ഫിന്നും ഡെമര്ബാഷുംഅടങ്ങുന്ന പേസ് ബൗ ളര്മാരുടെ ആക്രമണോത്സുകതയെയും തള്ളിക്കളയാനാവില്ല. എന്നാല്‍ ജഡേജയും ധോണിയും നടത്തിയ കടന്നാക്രമണം അവര്‍ക്കു താങ്ങാനാവുന്നതിനും അപ്പുറമായിരുന്നു.അതിന്റ ആഘാതത്തില്‍ നിന്നു അവര്‍ കരകയറിയാല്‍ ഇന്ത്യയ്ക്കു കാര്യങ്ങള്‍ എളുമാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: