കൊച്ചി: ഇന്ന് കൊച്ചിയില്‍ ക്രിക്കറ്റ് കാര്‍ണിവല്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ഏകദിനത്തിനാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നത്. അലകടല്‍ പോലെ ഇരമ്പിയാര്‍ക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് തങ്ങളുടെ ഭാഗ്യഗ്രൗണ്ടുകളില് ഒന്നുകൂടിയായ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ഉച്ചക്ക് 12നാണ് മത്സരം ആരംഭിക്കുന്നത്. കാണികള്‍ക്ക് രാവിലെ 9 മുതല്‍ സ്റ്റേഡിയത്തിലേക്ക് പ്രവേശനം നല്‍കും.
ഇംഗ്ലണ്ടിനോട് ആദ്യ മത്സരം പരാജയപ്പെട്ടശേഷമാണ് ഇന്ത്യ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. മറുഭാഗത്ത് പഴയ ഇംഗ്ലീഷ് ടീമില്‍ നിന്ന് ഏറെ മുന്നോട്ടു പോയി ഇന്നത്തെ ഇംഗ്ലണ്ട്. ജയിക്കാന്‍ മാത്രം ശീലിച്ച അവര്‍ക്ക് ഇന്ന് ഇന്ത്യയില്‍ ആതിഥേയരേക്കാള്‍ മേധാവിത്വമുണ്ട്.
അഞ്ച് വര്‍ഷത്തിനുശേഷമാണ് കൊച്ചിയില്‍ ഒരു ഇന്റര്‍നാഷണല്‍ പോരാട്ടം നടക്കുന്നത്. 2010-ല്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം മഴകാരണം ഒരുപന്തുപോലും എറിയാന്‍ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതിന് മുമ്പ് 2007 ഒക്ടോബര്‍ രണ്ടിനാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരം നടന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 84 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരെ കൊച്ചിയില്‍ രണ്ടാം തവണയാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ആദ്യ പോരാട്ടം 2006 ഏപ്രില്‍ ആറിനായിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിന് വിജയിച്ചിരുന്നു. ഇത് ഇന്ത്യക്ക് മാനസികമായ മുന്‍തൂക്കം നല്‍കും.
രാജ്കോട്ടില്‍ നടന്ന ആദ്യ ഏകദിനത്തില്‍ കളിച്ച അതേ ടീമിനെതന്നെയാകും ഇരു ടീമുകളും ഇന്ന് അണിനിരത്തുക. പിച്ചിലെ പുല്ല് നീക്കം ചെയ്യുന്നതടക്കമുള്ള എല്ലാ ജോലികളും ഇന്നലെ തീര്‍ന്നു.
ഇന്നലെ ഇന്ത്യന്‍ ടീം നെറ്റില്‍ കഠിനമായ പരിശീലനത്തിലേര്‍പ്പെട്ടു. ആദ്യദിവസം ഫീല്‍ഡിംഗ് പരിശീലനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍ ഇന്നലെ ബാറ്റിംഗ്, ബൗളിംഗ് പരിശീലനമാണ് നടത്തിയത്. രാവിലെ 11.30 ഓടെയാണ് ടീം ഇന്ത്യ പരിശീലനത്തിനായി സ്റ്റേഡിയത്തില്‍ എത്തിയത്. ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, കേരള രഞ്ജി താരമായ മനുകൃഷ്ണന്, പ്രശാന്ത് പരമേശ്വരന്, എം. നിയാസ്, സന്ദീപ് തുടങ്ങിയവരും നെറ്റ്സില്‍ പന്തെറിയാനെത്തിയിരുന്നു. നെറ്റ്സില്‍ ഏറെനേരം ബാറ്റിംഗ് പരിശീലനം നടത്തിയ ഗംഭീറും വിരാട്കോഹ്ലിയും രഹാനെയും റെയ്നയും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു.
പരിശീലനത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിനെത്തിയ ഓപ്പണിംഗ് ബാറ്റ്സ്മാന് ഗൗതം ഗംഭീര്‍ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. രാജ്കോട്ട് ഏകദിനത്തിലെ പരാജയം മറന്നുവെന്നും കൊച്ചിയില്‍ വിജയത്തോടെ പരമ്പരയില്‍ തിരിച്ചുവരുമെന്നും ഗംഭീര്‍ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ ഇഷാന്ത് ശര്‍മ്മയുടെ ബൗളിംഗിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇഷാന്ത് മികച്ച ബൗളറാണെന്നും പാക്കിസ്ഥാനെതിരായ പരമ്പരയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയതുകൊണ്ടു മാത്രം ഇഷാന്തിനെ കുറ്റക്കാരനാക്കരുതെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.
ഉച്ചകഴിഞ്ഞ് പരിശീലനത്തിനെത്തിയ ഇംഗ്ലണ്ട് ടീം ഇന്നലെ നെറ്റ് പരിശീലനത്തോടൊപ്പം ഫീല്‍ഡിംഗിലും കഠിന പരിശീലനം നടത്തി. തുടര്‍ന്ന് പത്രസമ്മേളനത്തിനെത്തിയ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് പിച്ചില്‍ പൂര്‍ണ സംതൃപ്തി രേഖപ്പെടുത്തി. ഇയാന്‍ ബെല്‍, പീറ്റേഴ്സണ്, മോര്ഗന്, റൂട്ട് എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ബാറ്റ്സ്മാന്മാരും ട്രെഡ്വെല്ലും ഡെന്‍ബാഷും ഫിന്നും ഉള്‍പ്പെടെയുള്ള യുവ ബൗളര്‍മാരും മികച്ച ഫോമിലാണെന്നതും മത്സരം തങ്ങള്‍ക്ക് അനുകൂലമാക്കുമെന്ന് കുക്ക് പറഞ്ഞു. അതേസമയം ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ വിലകുറച്ചുകാണില്ലെന്നും കുക്ക് കൂട്ടിച്ചേര്‍ത്തു.
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ചരിത്രത്തിലെ എട്ടാം ഏകദിനമാണ് ഇന്ന് നടക്കുന്നത്. നാല് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയം ഏറ്റുവാങ്ങി. ഓസ്ട്രേലിയക്കെതിരായ ഒരു മത്സരം കനത്ത മഴകാരണം ഉപേക്ഷിച്ചു. ഓസ്ട്രേലിയക്കെതിരെയും സിംബാബ്വെക്കെതിരെയും ഓരോ മത്സരങ്ങളില്‍ പാജയപ്പെട്ട ടീം ഇന്ത്യ ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന് എന്നീ ടീമുകളെയാണ് ഇവിടെ പരാജയപ്പെടുത്തിയിട്ടുള്ളത്.
നാല് ഫ്ലഡ് ലൈറ്റ് ടവറുകളിലായി 404 ലൈറ്റുകളാണ് പകലും രാത്രിയുമായി നടക്കുന്ന മത്സരത്തിന് വെളിച്ചം പകരുക. കൊച്ചിയില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര ഡേ നൈറ്റ് ഏകദിനം കൂടിയാണിത്. ഐപിഎല്‍ നാലാം സീസണില്‍ കൊച്ചി ടാസ്ക്കേഴ്സ് കേരളയുടെ മത്സരങ്ങള്‍ക്കായി തയ്യാറാക്കിയ ഫ്ലഡ് ലൈറ്റ് സംവിധാനം ആദ്യമായാണ് അന്താരാഷ്ട്ര ഏകദിനത്തിനായി ഉപയോഗിക്കുന്നത്. എന്തായാലും പരമ്പരയില്‍ ആധിപത്യം ഉറപ്പിക്കാന്‍ ഇംഗ്ലണ്ടും തിരിച്ചുവരവിനായി ഇന്ത്യയും ഇറങ്ങുന്നതോടെ മത്സരം പ്രവചനാതീതമായി മാറുകയാണ്.
- വിനോദ് ദാമോദരന്‍
നഗരത്തില്‍ ഗതാഗതനിയന്ത്രണം
കൊച്ചി: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിനത്തോടനുബന്ധിച്ച് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മത്സരം കാണുന്നതിനായി പശ്ചിമകൊച്ചി, ഗോശ്രീ പാലം വഴി രാവിലെ 9 മണിക്ക് ശേഷം വരുന്ന എല്ലാ വലിയ വാഹനങ്ങളും കലൂര്‍ ജംഗ്ഷനില്‍ ആളുകളെ ഇറക്കി മറൈന്‍ഡ്രൈവ്, ഗോശ്രീ ഏരിയ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ജില്ലയുടെ കിഴക്കന്‍ മേഖല, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ഭാഗങ്ങളില്‍നിന്നും പാലാരിവട്ടം, വൈറ്റില വഴി വരുന്ന ചെറിയ വാഹനങ്ങള്‍ സ്റ്റേഡിയത്തിന് പുറകിലുള്ള വാട്ടര്‍ അതോറിറ്റി ഹെലിപാഡ്, സ്കൈലൈന്‍ ഗ്രൗണ്ട്, കാരണക്കോടം പള്ളി ഗ്രൗണ്ട് എന്നിവിടങ്ങളിലും വലിയ വാഹനങ്ങള്‍ മണപ്പാട്ടിപറമ്പ്, ഇടപ്പള്ളി-വൈറ്റില നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളിലും പാര്‍ക്ക് ചെയ്യണം.
വടക്കന്‍ ജില്ലകളില്‍ നിന്നും ഇടപ്പള്ളി വഴി രാവിലെ 9 മണിക്ക് ശേഷം നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ പാലാരിവട്ടം റൗണ്ടില്‍ ആളുകളെ ഇറക്കി നാഷണല്‍ ഹൈവേയുടെ ഇരുവശങ്ങളിലും ഉള്ള സര്‍വീസ് റോഡ്, സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്കുചെയ്യേണ്ടതാണ്.
ഇടപ്പള്ളി, കാക്കനാട് ഭാഗങ്ങളില്‍നിന്ന് നഗരത്തിലേക്ക് വരുന്ന സര്‍വീസ് ബസ്സുകള്‍ രാവിലെ 10 മണി മുതല്‍ 12 മണിവരെയും വലിയ വാഹനങ്ങള്‍ വൈകിട്ട് 4 മണി മുതല്‍ 8 മണിവരെയും ബൈപ്പാസില്‍നിന്നും നാഷണല്‍ ഹൈവേയിലൂടെ വൈറ്റില എത്തി സഹോദരന് അയ്യപ്പന് റോഡുവഴി നഗരത്തിലേക്ക് പ്രവേശിക്കണം.
എറണാകുളം ഭാഗത്തുനിന്ന് നഗരത്തിന് പുറത്തേക്ക് പോകുന്ന സര്വീസ്ബസ്സുകള് രാവിലെ 10 മണിമുതല്‍ 1 മണിവരെയും വൈകിട്ട് 7 മണി മുതല്‍ 8.30 മണിവരെയും കലൂരില്‍നിന്നും ഇടത്തോട്ട് തിരിഞ്ഞ് എളമക്കര, ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് വഴി ഇടപ്പള്ളി ഹൈവേയില്‍ പ്രവേശിക്കേണ്ടതാണ്.
സ്റ്റേഡിയത്തിന് ചേര്‍ന്നുള്ള റോഡില്‍ ഫ്രീ ലെറ്റ് ആയി വാഹനങ്ങള്‍ക്ക് പോകാം. എന്നാല്‍ റോഡില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല. പോലീസ് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍, ക്രിക്കറ്റ് ഒഫീഷ്യല്‍സ് വാഹനങ്ങള്‍, ഓബി വാനുകള്‍, ആംബുലന്‍സ് എന്നിവക്ക് പ്രത്യേകമായി പാര്‍ക്കിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: