രാജ്കോട്ട്: പാക്കിസ്ഥാനെതിരായ അവസാന ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിറങ്ങിയ ടീം ഇന്ത്യക്ക് ആദ്യ മത്സരത്തില്‍ തോല്‍വി. 9 റണ്‍സിനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനോട് കീഴടങ്ങിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കി. 85 റണ്‍സെടുത്ത ഇയാന്‍ ബെല്ലിന്റെയും 75 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കിന്റെയും 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സമിത് പട്ടേലിന്റെയും 41 റണ്‍സെടുത്ത മോര്ഗന്റെയൂം 44 റണ്‍സെടുത്ത പീറ്റേഴ്സന്റെയും മികച്ച ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി യുവരാജ് 61ഉം ഗംഭീര്‍ 52ഉം സുരേഷ് റെയ്ന 50ഉം രഹാനെ 47ഉം റണ്‍സെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ ട്രെഡ്വെല്ലാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്. ട്രെഡ്വെല് തന്നെയാണ് മാന്‍ ഓഫ് ദി മാച്ചും.
326 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഗൗതം ഗംഭീറും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 16.4 ഓവറില്‍ 96 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഏറെക്കാലത്തിനുശേഷമാണ് ഇന്ത്യക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കുന്നത്. രഹാനെയാണ് ആദ്യം പുറത്തായത്. 57 പന്തില്‍ നിന്ന് 6 ബൗണ്ടറികളടക്കം 47 റണ്‍സെടുത്ത രഹാനെയെ ട്രെഡ്വെല്ലിന്റെ പന്തില്‍ ഡെന്‍ബാഷ് പിടികൂടുകയായിരുന്നു. ഏറെ കഴിയും മുമ്പേ 52 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയോടെ 52 റണ്‍സെടുത്ത ഗംഭീറിനെയും ഇന്ത്യക്ക് നഷ്ടമായി. അനാവശ്യഷോട്ടിന് മുതിര്‍ന്ന ഗംഭീറിനെ ട്രെഡ്വെല്ലിന്റെ പന്തില്‍ ഇയാന്‍ ബെല്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ വിരാട് കോഹ്ലിക്ക് ഇത്തവണയും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 22 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയടക്കം 22 റണ്‍സെടുത്ത കോഹ്ലിയെ ബ്രസ്നന്റെ പന്തില്‍ ക്വീസെസ്റ്റര്‍ പിടികൂടിയതോടെ ഇന്ത്യ മൂന്നിന് 138 എന്ന നിലയിലായി. തുടര്‍ന്ന് യുവരാജും റെയ്നയും ചേര്‍ന്ന് സ്കോര്‍ 34.4 ഓവറില്‍ 198-ല്‍ എത്തിച്ചു.
എന്നാല്‍ 54 പന്തില്‍ നിന്ന് 8 ബൗണ്ടറിയും ഒരു സിക്സറുമടക്കം 61 റണ്‍സെടുത്ത യുവരാജും മടങ്ങിയതോടെ ഇന്ത്യവീണ്ടും തകര്‍ച്ചയെ നേരിട്ടു. യുവിയെ ട്രെഡ്വെല്ലിന്റെ പന്തില്‍ ഡെന്‍ബാഷ് പിടികൂടുകയായിരുന്നു. പിന്നീട് സ്കോര്‍ 243-ല്‍ എത്തിയപ്പോള്‍ സുരേഷ് റെയ്നയും വീണു. 49 പന്തില്‍ നിന്ന് 7 ബൗണ്ടറിയോടെ 50 റണ്‍സെടുത്ത റെയ്നയെ ട്രെഡ്വെല് സ്വന്തം ബൗളിംഗില്‍ പിടികൂടി. ഇതോടെ ഇന്ത്യക്ക് എട്ട് ഓവറില്‍ നിന്ന് വിജയിക്കാന്‍ 83 റണ്‍സ് വേണമെന്ന നിലയിലായി. പിന്നീട് ധോണി ടോപ് ഗിയറിലേക്ക് മാറുന്നതാണ് കണ്ടത്.
ബ്രസ്നനെയും ഡെന്ബാഷിനെയുമെല്ലാം സിക്സറിന് പറത്തിയ ധോണി 44.2 ഓവറില്‍ സ്കോര്‍ 272-ല്‍ എത്തിച്ചു. ഇതേ സ്കോറില്‍ ധോണിയെയും ജഡേജയെയും നഷ്ടമായതോടെ ഇന്ത്യ വീണ്ടും പ്രതിരോധത്തിലായി. 25 പന്തില്‍ നിന്ന് നാല് കൂറ്റന്‍ സിക്സറിന്റെ സഹായത്തോടെ 32 റണ്‍സെടുത്ത ധോണിയെയും 7 റണ്‍സെടുത്ത രവീന്ദ്ര ജഡേജയെയും അടുത്തടുത്ത പന്തുകളില്‍ ഡെന്‍ബാഷ് മടക്കിയതോടെ പരാജയം ഇന്ത്യയെ തുറിച്ചുനോക്കി. പിന്നീട് സ്കോര്‍ 297-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത അശ്വിനും മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചു. എന്നാല്‍ വീരോചിതമായി പൊരുതിയ ഭുവനേശ്വര്‍ കുമാറിന്റെ കരുത്തില്‍ വീണ്ടും വിജയപ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനുവേണ്ടി ട്രെഡ്വെല് 44 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഡെന്‍ബാഷും ബ്രസ്നനും രണ്ട് വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനത്തെ ന്യായീകരിക്കും വിധത്തില്‍ തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന് നല്‍കിയത്. ഇന്ത്യയുടെ ബൗളിംഗ് ഒാപ്പണ്‍ ചെയ്ത യുവതാരം ഭുവനേശ്വര്‍ കുമാറും ഇഷാന്ത് ശര്‍മ്മയും മികച്ച ലൈനും ലെംഗ്ത്തും കണ്ടെത്തിയതോടെ 9.3 ഓവറിലാണ് ഇംഗ്ലണ്ടിന് 50 റണ്‍സ് പിന്നിടാന്‍ കഴിഞ്ഞത്. തുടക്കത്തില്‍ കരുതലോടെ കളിച്ച ഇയാന്‍ ബെല്‍ പിന്നീട് ആക്രമണകാരിയായി മാറി. ഇതിനിടെ ബെല്‍ തന്റെ അര്‍ദ്ധസെഞ്ച്വറിയും പൂര്‍ത്തിയാക്കി. 60 പന്തില്‍ നിന്ന് 7 ബൗണ്ടറികളുടെയും ഒരു സിക്സറിന്റെയും കരുത്തിലാണ് ബെല്‍ 50 പിന്നിട്ടത്. പിന്നീട് 18.1 ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ മൂന്നക്കം കടന്നു. തുടര്‍ന്ന് ഏറെ വൈകുന്നതിന് മുന്നേ ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. 50 പന്തില്‍ നിന്ന് 9 ബൗണ്ടറികളുടെ സഹായത്തോടെയാണ് കുക്ക് അര്‍ദ്ധസെഞ്ച്വറി പിന്നിട്ടത്. തുടര്‍ന്നും ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തതോടെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 28-ാം ഓവറിലെ നാലാം പന്തുവരെ കാത്തിരിക്കേണ്ടിവന്നു. 96 പന്തുകളില്‍ നിന്ന് 9 ബൗണ്ടറിയും ഒരു സിക്സറുമടക്കം 85 റണ്‍സെടുത്ത ഇയാന്‍ ബെല്ലാണ് ആദ്യം മടങ്ങിയത്. ബെല്ലിനെ രഹാനെ റണ്ണൗട്ടാക്കുകയായിരുന്നു. അധികം വൈകുന്നതിന് മുന്നേ ക്യാപ്റ്റന്‍ കുക്കിനെയും ഇംഗ്ലണ്ടിന് നഷ്ടമായി. സ്കോര്‍172-ല്‍ എത്തിയപ്പോള്‍ 83 പന്തുകളില്‍ നിന്ന് 11 ബൗണ്ടറിയും ഒരു സിക്സറുമടക്കം 75 റണ്‍സെടുത്ത കുക്കിനെ സുരേഷ് റെയ്നയുടെ ബൗളിംഗില്‍ രഹാനെ പിടികൂടി.
പിന്നീട് കെവിന് പീറ്റേഴ്സണും മോര്‍ഗനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ചത്. ഇതിനിടെ 37.4 ഓവറില്‍ ഇംഗ്ലണ്ട് സ്കോര്‍ 200 പിന്നിട്ടു. ഒടുവില്‍ 42 ഓവറില്‍ സ്കോര്‍ 248-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 38 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 41 റണ്‍സെടുത്ത മോര്‍ഗനെ ദിന്‍ഡ സ്വന്തം ബൗളിംഗില്‍ പിടികൂടുകയായിരുന്നു. തൊട്ടുപിന്നാലെ പീറ്റേഴ്സണെയും ഇംഗ്ലണ്ടിന് നഷ്ടമായി. 45 പന്തുകളില്‍ നിന്ന് നാല് ബൗണ്ടറിയും ഒരു സിക്സറുമടക്കം 44 റണ്‍സെടുത്ത പീറ്റേഴ്സണെ ദിന്‍ഡയുടെ പന്തില്‍ കോഹ്ലി പിടികൂടി. സ്കോര്‍ 43.5 ഓവറില്‍ 255. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച സമിത് പട്ടേലാണ് ഇംഗ്ലണ്ട് സ്കോര്‍ 300 കടത്തിവിട്ടത്. വെറും 20 പന്തുകളില്‍ നിന്ന് 6 ബൗണ്ടറികളും ഒരു സിക്സറുമടക്കം സമിത് പട്ടേല്‍ 44 റണ്‍സെടുത്തപ്പോള്‍ ക്വീസെസ്റ്റര്‍ 20 പന്തില്‍ നിന്ന് ഒരു ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 24 റണ്‍സുമെടുത്തു. ഇന്ത്യക്ക് വേണ്ടി ദിന്‍ഡ എട്ട് ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഇഷാന്ത് ശര്‍മ്മ റണ്‍സ് നല്കുന്നതില് ധാരാളിത്തം കാട്ടി. 10 ഓവറില്‍ രണ്ട് മെയ്ഡനുള്‍പ്പെടെ 86 റണ്‍സ് വഴങ്ങിയ ഇഷാന്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: