രാജ്കോട്ട്: പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ടെങ്കിലും അവസാന ഏകദിനത്തില്‍ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ ടീം ഇന്ത്യ ഇന്ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങും. ഉച്ചക്ക് 12നാണ് മത്സരം ആരംഭിക്കുക. ബാറ്റിംഗിനെ അനുകൂലിക്കുന്ന പിച്ചില്‍ ടോസ് നേടുന്ന ടീം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ പരാജയത്തിനുശേഷമാണ് ടീം ഇന്ത്യ പാക്കിസ്ഥാനുമായി ഏകദിന പരമ്പര കളിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് പാക്കിസ്ഥാന് സ്വന്തമാക്കിയത്.
2011-ല്‍ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ടിനെ അഞ്ച് മത്സരങ്ങളിലും തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പുതിയ പരമ്പരക്കൊരുങ്ങുന്നത്.
അഞ്ച് ഏകദിനങ്ങളുടെ പരമ്പര ഏകപക്ഷീയമായി നേടിയാല്‍ ഇന്ത്യക്ക് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിംഗില്‍ ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാം. 121 റേറ്റിംഗ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാംസ്ഥാനത്ത്.
28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയ നേട്ടം ഏകദിനത്തിലും ആവര്‍ത്തിക്കാമെന്ന വിശ്വാസത്തിലാണ് അലിസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം. എന്നാല്‍ തൊട്ടുമുന്‍പ് നടന്ന രണ്ട് സന്നാഹ മത്സരത്തിലും പരാജയപ്പെട്ടത് നേരിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഇന്ത്യ എ ക്കെതിരെയും ദല്ഹിക്കെതിരെയുമാണ് ഇംഗ്ലണ്ട് സന്നാഹ മത്സരത്തില്‍ ദയനീയമായി പരാജയപ്പെട്ടത്. ഇന്ത്യ എ ടീമിനോട് 53 റണ്‍സിനാണ് പരാജയപ്പെട്ടതെങ്കില്‍ ദല്‍ഹിയോട് ആറ് വിക്കറ്റിനായിരുന്നു തോല്‍വി. എങ്കിലും ക്യാപ്റ്റന്‍ കുക്കും, ഇയാന്‍ ബെല്ലും മോര്‍ഗനും കെവിന് പീറ്റേഴ്സണും ഉള്‍പ്പെടുന്ന ബാറ്റിംഗ് നിര മികച്ച ഫോമിലാണെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു. അതുപോലെ കരുത്തുറ്റ ബൗളിംഗ് നിരയും അവര്‍ക്ക് സ്വന്താണ്. ഫിനും ഡെന്‍ബാഷും ബ്രസ്നനും ട്രെഡ് വെല്ലും ഏത് ബാറ്റിംഗ് നിരയെയും വെല്ലുവിളിക്കാന്‍ കെല്‍പ്പുള്ളവരാണ്.
അതേസമയം വന്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇന്ത്യയുടെ സ്ഥിതി അത്ര നല്ലതല്ല. കഴിഞ്ഞ ലോകകപ്പ് കിരീടധാരണത്തിനുശേഷം ഇന്ത്യക്ക് അഭിമാനിക്കാന്‍ ഏറെയൊന്നുമില്ല. എന്നാല്‍ ദുഃഖിക്കാന്‍ ഏറെയുണ്ടുതാനും. ഇംഗ്ലണ്ടിനോടും ഓസ്ട്രേലിയയോടും അവരുടെ നാട്ടില്‍ ദയനീയമായി പരാജയപ്പെട്ടു. പിന്നീട് ഇന്ത്യയിലെത്തിയ ഇംഗ്ലണ്ടിനോട് ടെസ്റ്റ് പരമ്പരയിലും ഇന്ത്യ കീഴടങ്ങി. കൂടാതെ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് നഷ്ടപ്പെട്ടു. എങ്കിലും അവസാന മത്സരത്തില്‍ ത്രസിപ്പിക്കുന്ന വിജയം നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച ഫോമിലാണെങ്കിലും ബാറ്റ്സ്മാന്മാരുടെ നിരുത്തരവാദപരമായ ബാറ്റിംഗാണ് ഇന്ത്യയെ ഏറെ അലട്ടുന്നത്. പാക്കിസ്ഥാനെതിരെ ക്യാപ്റ്റന്‍ ധോണി മാത്രമാണ് ബാറ്റിംഗില്‍ മികച്ചു നിന്നത്. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം പരാജയപ്പെട്ടിരുന്നു. കൂടാതെ വെടിക്കെട്ട് താരം സെവാഗ് ഇല്ലാതെയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. ഏറെക്കാലമായി ഫോമിലല്ലാതെ ഉഴലുന്ന സെവാഗിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സെവാഗിന് പകരം ഇന്ത്യന്‍ ടീമിലെത്തിയ മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാര മികച്ച ഫോമിലാണെന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നു. ടെസ്റ്റ് പരമ്പരയില്‍ രണ്ട് സെഞ്ച്വറികളാണ് പൂജാര സ്വന്തമാക്കിയിരുന്നത്. ഏകദിന ടീമില്‍ സ്ഥാനം പിടിച്ചശേഷം നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സൗരാഷ്ട്രക്ക് വേണ്ടി പൂജാര ട്രിപ്പിള്‍ സെഞ്ച്വറിയും നേടി. എന്നാല്‍ ആദ്യ ഏകദിനത്തില്‍ പൂജാര കളിക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഓപ്പണറായ ഗൗതം ഗംഭീറിന്റെ ഫോമില്ലായ്മ ഇന്ത്യയെ കുഴക്കുന്നുണ്ട്. ഏറെക്കാലമായി ഗംഭീറില്‍ നിന്ന് മികച്ചൊരു ഇന്നിംഗ്സ് പിറന്നിട്ട്. എന്തായാലും ഇന്ന് ഗംഭീര്‍ തന്നെയായിരിക്കും ഓപ്പണറുടെ റോളില്‍ ഇറങ്ങുക. ഒപ്പം അജിന്‍ക്യ രഹാനെയും. അതുപോലെ വിരാട് കോഹ്ലിയും സുരേഷ് റെയ്നയും ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. എന്തായാലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ വിജയത്തിന് ഏറെ ബുദ്ധിമുട്ടേണ്ടിവരില്ലെന്ന് ഉറപ്പാണ്. സഹീര്‍ ഖാന്റെ അഭാവം നിഴലിക്കുന്നുണ്ടെങ്കിലും ഇഷാന്ത് ശര്‍മ്മ നയിക്കുന്ന ബൗളിംഗ് നിര പാക്കിസ്ഥാനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസരത്തിനൊത്തുയര്‍ന്ന പുതുമുഖങ്ങളായ ഭുവനേശ്വര്‍ കുമാറും ഷാമിഅഹമ്മദും മികച്ച പ്രകടനം നടത്തിയിരുന്നു. അശോക് ദിന്‍ഡയും അശ്വിനും മാത്രമാണ് ഇനിയും ഫോമിലേക്കുയരാനുള്ളത്. രവീന്ദ്ര ജഡേജയും യുവരാജ് സിംഗും മികച്ച പ്രകടനമാണ് നടത്തുന്നത്.
ഇംഗ്ലണ്ടിനെതിരായ 82-ാം ഏകദിനമാണ് ഇന്ന് നടക്കുന്നത്. ഇതില്‍ 43 മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചപ്പോള്‍ 33 എണ്ണത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് വിജയിക്കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്തായാലും പരമ്പര വിജയത്തോടെ തുടങ്ങാന്‍ ഇരുടീമുകളും ഇറങ്ങുന്നതോടെ മത്സരം ആവേശകരമായിരിക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: