രാജ്കോട്ട്: ഇന്ത്യന്‍ മധ്യനിരതാരം ചേതേശ്വര്‍ പൂജാരയ്ക്ക് ട്രിപ്പിള്‍ സെഞ്ച്വറി. കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ രണ്ടാം ഇന്നിംഗ്സിലാണ് പൂജാര തകര്‍പ്പന്‍ ട്രിപ്പിള്‍ സെഞ്ച്വറി നേടിയത്. മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്ര സെമിയിലേക്ക് കടന്നു. പൂജാരക്ക് പുറമെ ജാക്സണും മികച്ച സെഞ്ച്വറി നേടി. സ്കോര്‍ ചുരുക്കത്തില്‍: സൗരാഷ്ട്ര: 469, 718ന് 9. കര്‍ണാടക 396.
463ന് മൂന്ന് എന്ന നിലയില്‍ അവസാന ദിവസം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സൗരാഷ്ട്ര ഇന്നിംഗ്സ് അവസാനിപ്പിച്ച് കര്‍ണാടകയെ ബാറ്റിങ്ങിനയക്കാന്‍ തയ്യാറായില്ല. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ ബലത്തില്‍ നേരത്തെ സെമിയിലേക്ക് യോഗ്യത നേടിയതിനാല്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്ക്ക് പരിശീലനത്തിനായാണ് അവസാന ദിവസവും സൗരാഷ്ട്ര ബാറ്റ് ചെയ്തത്. തലേന്നത്തെ സ്കോറിനോട് 100 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് സൗരാഷ്ട്രക്ക് നാലാം വിക്കറ്റ് നഷ്ടപ്പെട്ടത്. 117 റണ്‍സെടുത്ത ജാക്സണെ ഗൗതം പാണ്ഡെയുടെ കൈകളിലെത്തിച്ചു. 343 റണ്‍സാണ് നാലാം വിക്കറ്റില്‍ പൂജാരയും ജാക്സണും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീടെത്തിയവരില്‍ കമലേഷ് മക്വാന മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മക്വാന 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സ്കോര്‍ 646-ല്‍ എത്തിയപ്പോഴാണ് പൂജാര മടങ്ങിയത്. 427 പന്തില്‍ നിന്ന് 49 ബൗണ്ടറികളും ഒരു സിക്സറുമടക്കം 352 റണ്‍സെടുത്ത പൂജാര ഗൗതത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. കര്‍ണാടക്ക് വേണ്ടി ഗൗതം നാല് വിക്കറ്റ് വീഴ്ത്തി.
മുംബൈയില്‍ നടന്ന മുംബൈ-ബറോഡ മത്സരവും ഝാര്‍ഖണ്ഡ്-പഞ്ചാബ് മത്സരവും സമനിലയില്‍ കലാശിച്ചു. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മുംബൈയും പഞ്ചാബും സെമിയില്‍ പ്രവേശിച്ചു.
ജംഷഡ്പൂരില്‍ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 401 റണ്‍സിനെതിരെ പഞ്ചാബ് ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റിന് 699 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 298 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിംഗ്സില്‍ പഞ്ചാബ് നേടിയത്. ട്രിപ്പിള്‍ സെഞ്ച്വറി നേടിയ തരുവര്‍ കോഹ്ലിയുടെയും സെഞ്ച്വറി നേടിയ ഉദയ് കൗളിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പഞ്ചാബിന് കൂറ്റന്‍ സ്കോര്‍ നേടിക്കൊടുത്തത്. ഈ സീസണില്‍ കോഹ്ലി നേടുന്ന അഞ്ചാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയായിരുന്നു ഇത്. കോഹ്ലി 609 പന്തുകള്‍ നേരിട്ട് 300 റണ്‍സും ഉദയ് കൗള്‍ 216 പന്തുകളില്‍ നിന്ന് 113 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഝാര്‍ഖണ്ഡിന് വേണ്ടി ഷഹബാസ് നദീം രണ്ട് വിക്കറ്റ് വീഴ്ത്തി. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഝാര്‍ഖണ്ഡ് വിക്കറ്റ് നഷ്ടപ്പെടുത്താതെ 33 റണ്‍സെടുത്തു. 19 റണ്‍സുമായി മനീഷ് വര്‍ദ്ധനും 14 റണ്‍സുമായി ആകാശ് വര്‍മയുമായിരുന്നു കളി അവസാനിക്കുമ്പോള്‍ ക്രീസില്‍.
ഈ മാസം 16ന് ആരംഭിക്കുന്ന സെമിഫൈനലില്‍ മുംബൈക്ക് സര്‍വ്വീസസും സൗരാഷ്ട്രക്ക് പഞ്ചാബുമാണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: