രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിച്ച മധ്യനിര ബാറ്റ്സ്മാന് ചേതേശ്വര്‍ പൂജാരയുടെ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറിയുടെ കരുത്തില്‍ കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരാഷ്ട്ര കൂറ്റന്‍ ലീഡ് സ്വന്തമാക്കി. നാലാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 463 റണ്‍സെടുത്തിട്ടുണ്ട്. 261 റണ്‍സുമായി ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയും 70 റണ്‍സുമായി ഷെല്‍ഡണ്‍ ജാക്സണുമാണ് ക്രീസില്‍. സൗരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 469 റണ്‍സിനെതിരെ കര്‍ണാടകയുടെ ഒന്നാം ഇന്നിംഗ്സ് 396 റണ്‍സിന് അവസാനിച്ചിരുന്നു. ഇതോടെ 73 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡും സൗരാഷ്ട്ര സ്വന്തമാക്കിയിരുന്നു. ഒരു ദിവസവും ഒമ്പത് വിക്കറ്റും ബാക്കിനില്‍ക്കേ സൗരാഷ്ട്രക്ക് ആകെ 536 റണ്‍സിന്റെ ലീഡുണ്ട്. ഇതോടെ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ സൗരാഷ്ട്ര സെമിയിലേക്ക് യോഗ്യത നേടി.
നാലാം ദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച സൗരാഷ്ട്രക്ക് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. 7 റണ്‍സെടുത്ത ഷിതാന്‍ഷു കൊടക്കിനെ അപ്പണ്ണയുടെ പന്തില്‍ ഗൗതം പിടിച്ച് പുറത്താക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ സാഗര്‍ ജോഗിയാനിക്കൊപ്പം ഇന്ത്യന്‍താരം ചേതേശ്വര്‍ പൂജാര ഒത്തുചേര്‍ന്നതോടെ സൗരാഷ്ട്ര വീണ്ടും പിടിമുറുക്കി. സ്കോര്‍ 115-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ കര്‍ണാടകക്ക് കഴിഞ്ഞത്. 70 റണ്‍സെടുത്ത ജോഗിയാനിയെ ഗൗതത്തിന്റെ ബൗളിംഗില്‍ രാഹുല്‍ പിടികൂടി. സ്കോര്‍ 220-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സൗരാഷ്ട്രക്ക് നഷ്ടമായി. 47 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടടക്കം 31 റണ്‍സെടുത്ത ജയ്ദേവ് ഷായെ ശരത്തിന്റെ പന്തില്‍ പകരക്കാരനായി ഇറങ്ങിയ കെ.കെ. നായര്‍ പിടികൂടി. പിന്നീട് ഷെല്‍ഡണ്‍ ജാക്സണില്‍ മികച്ച പങ്കാളിയെ കിട്ടിയ പൂജാര കത്തിക്കയറി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ പൂജാര കര്‍ണാടക ബൗളര്‍മാരെ അടിച്ചുപറത്തി. ഇതിനിടെ സെഞ്ച്വറിയും ഡബിള്‍ സെഞ്ച്വറിയും പൂജാര സ്വന്തമാക്കി. സൗരാഷ്ട്ര സ്കോര്‍ 382 റണ്‍സിലെത്തിയപ്പോഴാണ് പൂജാര തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മധ്യപ്രദേശിനെതിരെയും പൂജാര രണ്ടാം ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 275 പന്തുകളില്‍ നിന്ന് 40 ബൗണ്ടറികളും ഒരു സിക്സറുമടക്കം 261 റണ്‍സുമായാണ് പൂജാര ക്രീസില്‍ നില്‍ക്കുന്നത്. ഈ സീസണില്‍ പൂജാരയുടെ രണ്ടാം ഡബിള്‍ സെഞ്ച്വറിയാണിത്.
ജംഷഡ്പൂരില്‍ നടന്ന മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരെ നേടിയ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ പഞ്ചാബും സെമി യോഗ്യത ഏറെക്കുറെ ഉറപ്പാക്കി. ഝാര്‍ഖണ്ഡിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 401 റണ്‍സിനെതിരെ പഞ്ചാബ് ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തു. ഒരു ദിവസത്തെ കളി ബാക്കിനില്‍ക്കേ പഞ്ചാബിന് 34 റണ്‍സിന്റെ ലീഡുണ്ട്. 131 റണ്‍സ് നേടിയ ജീവന്‍ജ്യോത് സിംഗിന്റെയും 151 റണ്‍സ് നേടി പുറത്താകാതെ നില്ക്കുന്ന തരുവര്‍ കോഹ്ലിയുടെയും കരുത്തിലാണ് പഞ്ചാബ് ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിനെ കീഴടക്കി സര്‍വ്വീസസ് സെമിയില്‍ പ്രവേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: