മുംബൈ: ബറോഡക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തില്‍ മുംബൈ സെമിയിലേക്ക് മുന്നേറി. ഒന്നാം ഇന്നിംഗ്സില്‍ ബറോഡയെ 271 റണ്‍സിന് പുറത്താക്കി 374 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിട്ടും എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിച്ച മുംബൈ നാലാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. 70 റണ്‍സോടെ കൗസ്തുഭ് പവാറും 65 റണ്‍സുമായി ഹികന്‍ ഷായുമാണ് ക്രീസില്‍. 33 റണ്‍സെടുത്ത വസീം ജാഫറാണ് പുറത്തായത്. ഇതോടെ ഒരു ദിവസവും 9 വിക്കറ്റും ബാക്കിനില്‍ക്കേ മുംബൈക്ക് 545 റണ്‍സിന്റെ ലീഡായി. ഇതോടെ മത്സരത്തില്‍ തോല്‍ക്കില്ലെന്ന് ഉറപ്പായതോടെയാണ് മുംബൈയുടെ സെമി പ്രവേശം ഉറപ്പായത്. മുംബൈ ഒന്നാം ഇന്നിംഗ്സില്‍ 9ന് 645 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു. മുംബൈക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ വസീം ജാഫറും സച്ചിന് ടെണ്ടുല്‍ക്കറും അഭിഷേക് നായരും തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു.
167ന് അഞ്ച് എന്ന നിലയില്‍ നാലാം ദിവസം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബറോഡക്ക് വേണ്ടി അമ്പാട്ടി റായിഡു ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ സഹതാരങ്ങളില്‍ നിന്ന് മികച്ച പിന്തുണ റായിഡുവിന് ലഭിച്ചില്ല. അമ്പാട്ടി റായിഡു 89 റണ്‍സുമായി പുറത്താകാതെ പൊരുതിയെങ്കിലും ടീമിനെ മികച്ച സ്കോറിലെത്തിക്കാന്‍ കഴിഞ്ഞില്ല. 6 റണ്‍സുമായി ബാറ്റിങ്ങ് പുനരാരംഭിച്ച പിനല്‍ ഷാ 11 റണ്‍സെടുത്ത് പുറത്തായി. വിശാല്‍ ദബോല്‍ക്കറിന്റെ പന്തില്‍ ഹികന്‍ ഷാക്ക് ക്യാച്ച് നല്‍കിയാണ് പിനല്‍ ഷാ മടങ്ങിയത്. പിന്നീട് അമ്പാട്ടിറായിഡുവിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. എന്നാല്‍ സഹതാരങ്ങളായ ഗഗന്‍ദീപ് സിംഗ് ഒരു റണ്‍സെടുത്തും കേതുല്‍ പട്ടേല്‍ എട്ട് റണ്‍സെടുത്തും മുര്‍തുജ വഹോര ഒരു റണ്‍സെടുത്തും ഭാര്‍ഗവ് ഭട്ട് എട്ട് റണ്‍സെടുത്തും മടങ്ങിയതോടെ ബറോഡ ഇന്നിംഗ്സിന് 271 റണ്‍സില്‍ തിരശ്ശീല വീണു. മുംബൈക്ക് വേണ്ടി വിശാല്‍ ദബോല്‍ക്കര്‍ മൂന്നുവിക്കറ്റും ജാവേദ് ഖാനും ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സില്‍ 374 റണ്‍സിന്റെ ലീഡ് സ്വന്തമായിട്ടും എതിരാളികളെ ഫോളോ ഓണ്‍ ചെയ്യിക്കാതെ മുംബൈ ക്യാപ്റ്റന്‍ അജിത് അഗാര്‍ക്കര്‍ രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സ്കോര്‍ 48-ല്‍ എത്തിയപ്പോള്‍ മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 33 റണ്‍സെടുത്ത വസീം ജാഫറിന്റെ വിക്കറ്റാണ് മുംബൈക്ക് നഷ്ടമായത്. അമ്പാട്ടി റായിഡുവിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് വസീം ജാഫര്‍ പുറത്തായത്. അവസാന ദിവസമായ ഇന്ന് രാവിലെ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ബറോഡയെ ഓള് ഔട്ടാക്കി വിജയം സ്വന്തമാക്കാനായിരിക്കും മുംബൈയുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: