ന്യൂദല്‍ഹി: ഇന്ത്യ-പാക് മൂന്നാം ഏകദിന മത്സരം പുതിയ വിവാദത്തിലേക്ക്. ഫിറോസ്ഷാ കോട്ലായില്‍ നടന്ന മത്സരം ഒത്തുകളിയായിരുന്നുവെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ വിക്കറ്റ് കീപ്പര്‍ പോള്‍ നിക്സനാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യ പത്ത് റണ്‍സിന് ജയിച്ചിരുന്നു.
ഏകദിന പരമ്പരയിലുടനീളം മികച്ച ഫോം കാഴ്ചവെച്ച ടീമാണ് പാക്കിസ്ഥാന്. എന്നാല്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ പാക്നിര ജയം ഒഴിവാക്കുകയായിരുന്നുവെന്നാണ് നിക്സണ് ട്വിറ്ററില്‍ പറയുന്നത്. മുന്‍കൂട്ടി രചിച്ച തിരക്കഥയുടെ പൂര്‍ത്തീകരണം മാത്രമായിരുന്നു മത്സരം. ചുരുങ്ങിയ സ്കോര്‍ മാത്രം പിറന്ന മത്സരത്തില്‍ പാക്കിസ്ഥാന്റെ ബാറ്റിംഗ് തകര്‍ച്ച തമാശയായിരുന്നുവെന്ന് നിക്സണ് കരുതുന്നു.
പരമ്പര മുമ്പേതന്നെ കരസ്ഥമാക്കിയിരുന്നതിനാല് അവസാന മത്സരം വിട്ടുകൊടുക്കുക എന്നത് പാക്കിസ്ഥാന് വലിയ പ്രശ്നമുള്ള കാര്യമായിരുന്നില്ല, നിക്സണ് സൂചിപ്പിക്കുന്നു.
എന്തായാലും നിക്സണ് ട്വിറ്ററില്‍ നടത്തിയ അഭിപ്രായപ്രകടനം പുതിയ വിവാദങ്ങള്‍ക്ക് വഴിമരുന്ന് ഇടുമെന്ന് ഉറപ്പാണ്. പരമ്പരയില്‍ ഇതില്‍ മെച്ചപ്പെട്ട സ്കോര്‍ കണ്ടെത്തിയിട്ടും ടീം ഇന്ത്യക്ക് പ്രതിരോധിക്കാനായിരുന്നില്ല. ഫീല്‍ഡിംഗും കഴിഞ്ഞദിവസം ഏറെ മെച്ചപ്പെട്ടിരുന്നു. ഈ രീതിയില്‍ പരമ്പരയില്‍ പാക്കിസ്ഥാനെ നേരിട്ടിരുന്നെങ്കില്‍ ഫലം ഒരുപക്ഷേ മറിച്ചാകുമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ടീമിന്റെ പ്രകടനവും അതിനുള്ളിലെ പടലപ്പിണക്കങ്ങളും പലപ്പോഴും കളിയെ ദോഷകരമായി ബാധിച്ചിരുന്നു. ഇതും ഇവിടെ കൂട്ടിവായിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: