സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ശ്രീലങ്ക കനത്ത തോല്‍വിയിലേക്ക്. മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് ബാക്കിനില്‍ക്കേ ശ്രീലങ്കക്ക് 87 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്. 22 റണ്‍സോടെ ചണ്ടിമലും 7 റണ്‍സുമായി ഹെറാത്തുമാണ് ക്രീസില്‍. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ് ഒമ്പത് വിക്കറ്റിന് 432 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 102 റണ്‍സുമായി പുറത്താകാതെ നിന്ന മാത്യു വെയ്ഡാണ് ഓസ്ട്രേലിയയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
342ന് ആറ് എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ്ങ് പുനരാരംഭിച്ച ഓസ്ട്രേലിയക്ക് പീറ്റര്‍ സിഡിലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 16 റണ്‍സുമായി ബാറ്റിങ്ങ് തുടര്‍ന്ന സിഡില്‍ 38 റണ്‍സെടുത്തശേഷമാണ് മടങ്ങിയത്. നുവാന്‍ പ്രദീപിന്റെ പന്തില്‍ ചണ്ടിമലിന് ക്യാച്ച് നല്‍കിയാണ് സിഡില്‍ മടങ്ങിയത്. സ്കോര്‍ 7ന് 384. മൂന്നു റണ്‍സ് കൂടി സ്കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും എട്ടാം വിക്കറ്റും കംഗാരുക്കള്‍ക്ക് നഷ്ടമായി. 2 റണ്‍സെടുത്ത സ്റ്റാര്‍ക്കിനെ ഹെറാത്ത് വിക്കറ്റിന് മുന്നില്‍ കുടുക്കി. സ്കോര്‍ 393-ല്‍ എത്തിയപ്പോള്‍ ഒമ്പതാം വിക്കറ്റും ഓസ്ട്രേലിയക്ക് നഷ്ടമായി. 4 റണ്‍സെടുത്ത ലിയോണിനെ ഹെറാത്ത് ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീട് അവസാന ബാറ്റ്സ്മാനായ ബേര്‍ഡിനെ ഒരറ്റത്ത് നിര്‍ത്തി വെയ്ഡ് തകര്‍ത്തടിച്ചു. ഇതിനിടെ വെയ്ഡ് തന്റെ സെഞ്ച്വറിയും പിന്നിട്ടു. 156 പന്തുകളില്‍ നിന്ന് 9 ബൗണ്ടറിയോടെയാണ് വെയ്ഡ് നൂറ് കടന്നത്. ഒടുവില്‍ ഒാസ്ട്രേലിയന്‍ സ്കോര്‍ 432-ല്‍ എത്തിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 95 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹെറാത്താണ് ലങ്കന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തിയത്.
138 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ശ്രീലങ്കക്ക് ആദ്യ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. സ്കോര്‍ 24-ല്‍ എത്തിയപ്പോള്‍ അഞ്ച് റണ്‍സെടുത്ത ദില്‍ഷനെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ഹ്യൂഗ്സ് പിടികൂടി. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കരുണരത്നെയും മഹേല ജയവര്‍ദ്ധനെയും ചേര്‍ന്ന് ലങ്കന്‍ സ്കോര്‍ 100 കടത്തി. എന്നാല്‍ സ്കോര്‍ 132-ല്‍ എത്തിയപ്പോള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവന്ന കരുണരത്നെ മടങ്ങി. 109 പന്തില്‍ നിന്ന് 10 ബൗണ്ടറിയും ഒരു സിക്സറുമടക്കം 85 റണ്‍സെടുത്ത കരുണരത്നയെ ബേര്‍ഡിന്റെ പന്തില്‍ വെയ്ഡ് പിടികൂടി. തുടര്‍ന്നെത്തിയവരില്‍ ഒരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. സ്കോര്‍ 155-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത തിരിമന്നെയെ മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ബേര്‍ഡ് പിടികൂടി. സ്കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും റണ്ണൊന്നുമെടുക്കാതിരുന്ന സമരവീരയെ ലിയോണിന്റെ പന്തില്‍ ഹസ്സി പിടികൂടി. സ്കോര്‍ 178-ല്‍ എത്തിയപ്പോള്‍ 16 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസ് റണ്ണൗട്ടായി മടങ്ങി. അതേ സ്കോറില്‍ തന്നെ 60 റണ്‍സെടുത്ത ജയവര്‍ദ്ധനെയും മടങ്ങിയതോടെ ലങ്ക 6ന് 178 എന്ന നിലയിലായി. സ്കോര്‍ 202-ല്‍എത്തിയപ്പോള്‍ ലങ്കക്ക് ഏഴാം വിക്കറ്റും നഷ്ടമായി. 15 റണ്‍സെടുത്ത ധമ്മിക പ്രസാദിനെ സ്റ്റാര്‍ക്കിന്റെ പന്തില്‍ വെയ്ഡ് പിടികൂടി. ഒാസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ ജോണ്സണ് 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: