ന്യൂദല്‍ഹി: ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടുമത്സരങ്ങള്‍ വിജയിച്ച പാക്കിസ്ഥാന്റെ മേല്‍ക്കോയ്മ തന്നെ അദ്ഭുതപ്പെടുത്തുന്നെന്ന് മുന്‍ ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ്. ആതിഥേയരായ ഇന്ത്യന്‍ ടീം കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുത്തതു മൂലം ക്ഷീണിച്ച കുതിരയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ത്രിദിന പരമ്പരയില്‍ രണ്ടുമത്സരങ്ങള്‍ വിജയിച്ച് പാക്കിസ്ഥാന് മുന്നിട്ടു നില്‍ക്കുകയാണ്. രണ്ടാം മത്സരത്തില്‍ 85 റണ്ണുകള്‍ക്കാണ് ഇന്ത്യന്‍ ടീം തോറ്റത്. ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യന്‍ ടീമിന് പാക്കിസ്ഥാനോട് ഏകദിനമത്സരങ്ങളില്‍ തോറ്റത് കനത്ത ആഘാതമായി.
ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് അബ്ബാസ് പറഞ്ഞു. കരുത്തന്മാര് തമ്മിലുള്ള പോരാട്ടമായിരുന്നു. എന്നാലും പാക്കിസ്ഥാന് നന്നായി കളിച്ചു. മറുവശത്ത് ഇന്ത്യന്‍ കളിക്കാര്‍ വളരെ ക്ഷീണിതരായിരുന്നു. അടുത്തകാലത്തായി അവര്‍ ഏറെ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കാം കഴിവിനനുസരിച്ച് കളിക്കാന്‍ അവര്ക്കാകാത്തതെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി.
ഇന്ത്യക്കെതിരെ മികച്ച ബാറ്റിംഗ് ശരാശരിയുള്ള കളിക്കാരനാണ് അബ്ബാസ്. 78 ടെസ്റ്റുകളില്‍ നിന്നായി 5082 റണ്‍സും 62 ഏകദിനങ്ങളില്‍ നിന്നുമായി 2572 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. രണ്ടു ഡബിള്‍ സെഞ്ച്വറികളടക്കം ആറ് ടെസ്റ്റ് സെഞ്ച്വറികള്‍ നേടിയ അബ്ബാസ് ചിരവൈരികളായ ഇന്ത്യക്കെതിരെ മൂന്ന് ഏകദിന സെഞ്ച്വറികളും നേടിയിട്ടുണ്ട്. മിസ്ബാ ഉള് ഹഖ് നയിച്ച പാക്കിസ്ഥാന് ടീമിന്റെ ഒത്തൊരുമയെ അദ്ദേഹം പ്രശംസിച്ചു.
പാക്കിസ്ഥാന് ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രത്യേകിച്ചും നസീര്‍ ജംഷെഡും മുഹമ്മദ് ഹഫീസും ബുദ്ധിപരമായി ബാറ്റു ചെയ്തു. ബൗളര്‍മാരായ ഉമര്‍ ഗുല്‍, ജുനൈദ് ഖാന്, സയീദ് അജ്മല്‍ എന്നിവര്‍ ഇന്ത്യന്‍ ബാറ്റ്മാന്മാരെ ബാറ്റുവീശാന്‍ അനുവദിച്ചില്ല. റണ്‍ സ്കോര്‍ ചെയ്യാനുള്ള കഴിവു മൂലം ഏഷ്യന്‍ ബ്രാഡ്മാനെന്നറിയപ്പെടുന്ന അബ്ബാസ് പറഞ്ഞു. ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ പിടിച്ചുകെട്ടുകയെന്നത് അസാധ്യമാണെങ്കിലും പാക് ബൗളര്‍മാര്‍ അത് ഭംഗിയായി നിര്‍വഹിച്ചു. മികച്ച ലൈനിലും ലെംഗ്ത്തിലും ബൗള്‍ ചെയ്യാന്‍ പാക് ബൗളര്‍മാര്‍ക്ക് കഴിഞ്ഞു. മുന്‍നിര ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്കൊന്നും വെടിക്കെട്ടു നടത്താന്‍ സാധിച്ചില്ല. അദ്ദേഹം വിശദീകരിച്ചു.
സ്വന്തം നാട്ടില്‍ കളിക്കുമ്പോള്‍ കാണികളില്‍ നിന്നും വല്ലാത്ത സമ്മര്‍ദ്ദം ഉണ്ടാകുക പതിവാണ്. പ്രത്യേകിച്ചും ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മത്സരിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന് സമ്മര്‍ദം ഏറെയാണെന്നും അബ്ബാസ് വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ഏറെ വിമര്‍ശനങ്ങള്‍ക്കു വിധേയനാകുന്നുണ്ടെങ്കിലും അബ്ബാസ് അതിനെയെല്ലാം പ്രതിരോധിച്ചു. ഒരു ക്യാപ്റ്റന്‍ ഒരിക്കലും ഒറ്റയ്ക്ക് ഒരു മത്സരവും വിജയിപ്പിക്കാനാകില്ല. ടീം മികച്ചതാകുമ്പോഴാണ് ക്യാപ്റ്റനും നന്നാകുന്നത്. ബൗളര്‍മാരും ബാറ്റ്സ്മാന്മാരും ഒരുപോലെ മികച്ച പ്രകടനം നടത്തണം. ആദ്യ മത്സരത്തില്‍ ധോണി പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ നേടാനായത്. രണ്ടാമത്തെ മത്സരത്തിലും അദ്ദേഹം നന്നായി ബാറ്റു ചെയ്തു.
പരമ്പര 3-0ന് പാക്കിസ്ഥാന് വിജയിക്കുമെന്നു പറഞ്ഞ അബ്ബാസ് പാക് ടീമിന് അതിനുള്ള കഴിവുണ്ടെന്ന് വ്യക്തമാക്കി. മൂന്നാമത്തെ മത്സരവും വിജയിച്ച് പരമ്പര തൂത്തുവാരാന്‍ പാക്കിസ്ഥാന് കഴിയുമെന്നാണ് കരുതുന്നത്. ദല്‍ഹിയില്‍ അതു സംഭവിച്ചാല്‍ പാക് ക്രിക്കറ്റിന് ലഭിക്കുന്ന അനുഗ്രഹമായിരിക്കുമെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി.
രാജ്യാന്തര ക്രിക്കറ്റില്‍ പാക് ടീം അല്പം പുറകിലാണ്. ഇന്ത്യയെപ്പോലൊരു മികച്ച ടീമിനെതിരെ പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞാല്‍ അത് പാക് ക്രിക്കറ്റിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈകാതെ തന്നെ ഇന്ത്യന്‍ ടീം പാക്കിസ്ഥാനില്‍ പരമ്പരയ്ക്കായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പാക് ജനങ്ങള്‍ വലിയ ക്രിക്കറ്റ് ഭ്രാന്തന്മാരാണെന്നും പരമ്പരാഗത വൈരികള്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരം കാണാന്‍ അവര്‍ എല്ലായ്പ്പോഴും അതീവശ്രദ്ധ കാണിക്കാറുണ്ടെന്നും അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: