വാഷിങ്ങ്ടണ്‍: ചരിത്രത്തില്‍ ആദ്യമായി യുഎസ് ജനപ്രതിനിധി സഭയില്‍ ഭഗവത്ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ. ഹവായില്‍ നിന്നും ജനപ്രതിനിധി സഭയിലെത്തിയ തുളസി ഗബ്ബാര്‍ഡാണ് ഗീതയില്തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം തിരുത്തിക്കുറിച്ചത്. ഇന്ത്യന്‍ അമേരിക്കന്‍ ഹിന്ദു വിഭാഗത്തില്‍ നിന്നും ജനപ്രതിനിധി സഭയിലെത്തുന്ന ആദ്യ വ്യക്തിയാണ് തുളസി. എന്നാല്‍ ഭഗവത്ഗീതയില്‍ തൊട്ടു സത്യപ്രതിജ്ഞ ചെയ്യുന്നത് ഇതാദ്യമായാണ്.
ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ ജോണ്‍ ബോണറിന്റെ ഓഫീസിലാണ് 31 കാരിയായ തുളസി ഗബ്ബാര്‍ഡ് സത്യപ്രതിജ്ഞ ചെയ്തത്. തനിക്ക് ആത്മീയമായി ഏറെ സമാധാനം നല്കുന്ന വിശുദ്ധ ഗ്രന്ഥമാണ് ഭഗവത്ഗീതയെന്ന് തുളസി പറഞ്ഞു. ജീവിതത്തിന്റെ പല പ്രതിസന്ധി ഘട്ടങ്ങളിലും ഭഗവത്ഗീത തനിക്ക് തുണയായിട്ടുണ്ടെന്നും തുളസി കൂട്ടിച്ചേര്‍ത്തു. ഒരു നേതാവാകുന്നതിനും അതിനുവേണ്ടിയുള്ള പരിശ്രമത്തിലും തനിക്ക് ഏറെ പ്രചോദനം ഭഗവത്ഗീതയില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് സത്യപ്രതിഞ്ഞജ്ഞ ചെയ്യാന്‍ ഗീതയെ തെരഞ്ഞെടുത്തതെന്നും തുളസി പറഞ്ഞു. എന്റെ രാജ്യത്തിനും അവിടുത്തെ ജനങ്ങള്‍ക്കും വേണ്ടി എന്റ ജീവിതം സമര്‍പ്പിക്കുന്നുവെന്നും സത്യപ്രതിജ്ഞക്കുശേഷം തുളസി പറഞ്ഞു.
രണ്ട് വര്‍ഗത്തില്‍ നിന്നും രണ്ട് സംസ്ക്കാരത്തില്‍ നിന്നും രണ്ട് വിശ്വാസങ്ങളുള്ള ഒരു കുടുംബത്തില്‍ നിന്നുമാണ് താന്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. എന്റെ അമ്മ ഹിന്ദുവാണ്. അച്ഛന് കാത്തോലിക് അധ്യാപകനാണ്. അദ്ദേഹം ധ്യാനവും മുടങ്ങാതെ ചെയ്തിരുന്നു. ചെറുപ്പകാലം മുതല്‍ക്കെ ആത്മീയതയെക്കുറിച്ച് ഞാന്‍ അച്ഛനോടും, അമ്മയോടും ചോദിച്ചിരുന്നു. ഹിന്ദു വിശ്വാസങ്ങളെക്കുറിച്ചും, ആചാരങ്ങളെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചിരുന്നു. നാം നമുക്കുവേണ്ടി ജീവിക്കുന്നതിനേക്കാള്‍ നമുക്ക് വലിയ ലക്ഷ്യങ്ങള്‍ നേടാനാകുമെന്ന് ആത്മീയതിലൂടെ എനിക്ക് മനസിലാക്കാന്‍ സാധിച്ചു. അതും ചെറുപ്പകാലത്തുതന്നെയെന്നും തുളസി പറഞ്ഞു. എന്റെ ആത്മീയ യാത്ര ആരംഭിച്ചത് ഭഗവ്ഗീതയിലൂടെയാണെന്നും തുളസി പറഞ്ഞു.
ഇന്ത്യക്കാരിയോ, ഇന്ത്യന്‍ പാരമ്പര്യമോ ഇല്ലാത്ത തുളസി 23 വയസിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. അച്ഛന് മൈക്ക് ഗബ്ബാര്‍ഡ് ഹവായി സ്റ്റേറ്റ് സെനറ്ററാണ്. അമ്മ കരോള്‍ പോര്‍ട്ടര്‍ ഗബ്ബാര്‍ഡ് അധ്യാപികയും, ബിസിനസുകാരിയുമാണ്. 28 വയസില്‍ കുവൈറ്റ് ആര്‍മി നാഷണല്‍ ഗാര്‍ഡ് അവാര്‍ഡും തുളസി കരസ്ഥമാക്കിയിട്ടുണ്ട്. ആദ്യമായിട്ടാണ് അമേരിക്കയില്‍ ഒരു വനിതയ്ക്ക് ഈ പുരസ്കാരം ലഭിക്കുന്നത്. 21 വയസില്‍ തുളസി ഹവായ് ലജിസ്ലേച്ചറിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 23 വയസില്‍ കുവൈറ്റ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ ലെജിസ്ലേട്ടര് അംഗത്വം തുളസി രാജിവെച്ചിരുന്നു. ഇന്ത്യന്‍ അമേരിക്കന്‍ വിഭാഗത്തില്‍ നിന്നുമാണ് പ്രതിനിധി സഭയിലേക്ക് തുളസി ഗബ്ബാര്‍ഡ് എത്തിയത്.
തുളസി ഗബ്ബാര്ഡിനെക്കൂടാതെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡോക്ടര്‍ ആമി ബേരയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. 1950ല്‍ ദലീപ് സൗന്ദ്, 2005ല്‍ ബോബി ജിന്‍ഡാല്‍ എന്നിവര്‍ക്കു പിന്നിലായി മൂന്നാമനായാണ് ബേര അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് എത്തുന്നത്. ഇരുവരും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ഇത് അമേരിക്കയിലെ 113 കോണ്‍ഗ്രസാണ്. 43 ആഫ്രിക്കന്‍ അമേരിക്കന്‍ പ്രതിനിധികളും ഏഴ് ലൈംഗിക ന്യൂനപക്ഷ പ്രതിനിധികളും 100 സ്ത്രീകളുമുണ്ട്. കെന്നഡി കുടുംബത്തില്‍ നിന്നും വീണ്ടും ഒരാള്‍ പൊതുരംഗത്തേക്ക് കടന്നുവരുന്നുവെന്ന പ്രത്യേകതയും ഈ കോണ്‍ഗ്രസിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: