കൊച്ചി: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മട്ടിമണല്‍ കുഴിച്ചെടുത്ത് പുഴമണലെന്ന വ്യാജേന വില്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാവികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മണലിന്റെ ഗുണങ്ങളൊന്നുമില്ലാത്ത മട്ടിമണല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി വിറ്റഴിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി അനിവാര്യമാണെന്ന് വിഷയം സമിതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന സാജു പോള്‍ എംഎല്‍എ ചൂണ്ടിക്കാട്ടി.
മട്ടിമണല്‍ നിര്‍മാണം തടയുമെന്ന് വ്യവസായ മന്ത്രിയും മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറും വ്യക്തമാക്കിയിട്ടും ജില്ലയിലെ ഉദ്യോഗസ്ഥര്‍ നടപടിക്ക് തയാറാകുന്നില്ലെന്ന് സാജു പോള്‍ ആരോപിച്ചു. അശമന്നൂര്‍, വേങ്ങൂര്‍, കൂവപ്പടി എന്നീ പഞ്ചായത്തുകളില്‍ മട്ടിമണല്‍ കുഴിച്ചെടുത്ത് ക്വാറികളില്‍ കഴുകിയ ശേഷം പുഴമണലായി വില്‍ക്കുന്ന സംഘങ്ങള്‍ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ അതോറിറ്റി കരാറുകാരുടെ കുടിശികത്തുക മുഴുവന്‍ സര്‍ക്കാര്‍ അനുവദിച്ച സാഹചര്യത്തില്‍ പൈപ്പിടലും മറ്റ് അനുബന്ധജോലികളും ഇനി മുടങ്ങാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. വാട്ടര്‍ അതോറിറ്റിയില്‍ നിന്നും ബില്ലുകള്‍ ലഭിച്ചാലുടന്‍ ഇത് മാറി കരാറുകാര്‍ക്ക് പണമാക്കാവുന്നതാണ്. ബില്ലുകള്‍ യഥാസമയം നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.
പൊതുറോഡുകളിലെ കയ്യേറ്റവും നിരത്തുവക്കിലും വിളക്കുകാലുകളിലും ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും തടയാന്‍ അടിയന്തിര നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. കയ്യേറ്റങ്ങള്‍ ശബരിമല സീസണ് കഴിഞ്ഞാലുടന്‍ ഒഴിപ്പിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിച്ചത് സംബന്ധിച്ച റിപ്പോര്‍ട്ട് അടുത്ത ജില്ലാ വികസന സമിതിയില്‍ അവതരിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി.
ലോഡ് ഷെഡ്ഡിങ് സമയക്രമത്തില്‍ നിന്നും സൂര്യാസ്തമയവും സൂര്യോദയവും ഒഴിവാക്കണമെന്നും വികസനസമിതി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പകല്‍ സമയത്ത് തെരുവു വിളക്കുകള്‍ തെളിഞ്ഞു കിടക്കാന്‍ പാടില്ല. റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വരുന്നത് വരെ മണല്‍ വാരല്‍ സംബന്ധിച്ച വിദഗ്ധ സമിതി നിര്‍ദേശിക്കുന്ന ജോലികള്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
വി.പി. സജീന്ദ്രന് എംഎല്‍എ, മന്ത്രി കെ. ബാബുവിന്റെ പ്രതിനിധി ബാബു ആന്റണി, മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി ഏലിയാസ് മങ്കിടി, മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹിമാന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്. ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: