കൊച്ചി: മൂലമ്പിള്ളി പാക്കേജ് നടപ്പിലാക്കുന്ന കാര്യത്തില്‍ വിഭിന്നങ്ങളായ അവകാശവാദങ്ങള്‍ സര്‍ക്കാരിന്റെയും, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെയും ഭാഗത്ത് നിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തിലാണ് കമ്മീഷന് ഒരിക്കല്‍കൂടി ഈ വിഷയം അന്വേഷണവിധേയമാക്കാന്‍ തീരുമാനിച്ചതെന്ന് ജസ്റ്റീസ് കെ. സുകുമാരന്‍ പ്രസ്താവിച്ചു. കമ്മീഷന്റെ മൂന്നാമത്തെ തെളിവെടുപ്പ് മൂലമ്പിള്ളിയിലെ പുനരധിവാസ ഭൂമിയില്‍ തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വസ്തുനിഷ്ഠമായ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ നീതിയുക്തമായ തീരുമാനം എടുക്കുവാന്‍ സാധിക്കുകയുള്ളൂ. പാക്കേജ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന്റെയും ഹൈക്കോടതി വിധിയുടെയും മാനദണ്ഡങ്ങള്‍ വച്ചുകൊണ്ട് തയ്യാറാക്കിയിട്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.
സര്‍ക്കാരിന് പറയുവാനുള്ളത് അറിയുവാനായി ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കമ്മീഷന് നോട്ടീസ് അയച്ചിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികള്‍ ഏറെയും വന്നിട്ടുള്ളത് തുതിയൂരിലുള്ള പുനരധിവാസ ഭൂമിയെ സംബന്ധിച്ചിട്ടുള്ളതായതിനാല് കമ്മീഷന് പ്രസ്തുത സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. നികുതി ഇനത്തില്‍ വസൂലാക്കിയ തുക തിരിച്ചുനല്‍കാത്ത കാര്യത്തിലും പട്ടയത്തിന്റെ ക്രയവിക്രയം കാല്‍നൂറ്റാണ്ടിലേക്ക് മരവിപ്പിച്ചതിനെക്കുറിച്ചും പരാതി ഉയര്‍ന്നിട്ടുണ്ട്.
നിസ്സാരകാര്യങ്ങളുടെ പേരില്‍ പുനരധിവാസ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ പരാതി സമര്‍പ്പിച്ചു. പദ്ധതി കമ്മീഷന് ചെയ്ത് രണ്ടു വര്‍ഷം തികയുമ്പോഴും ഉത്തരവ് പ്രകാരം തൊഴില്‍ നല്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപവും കമ്മീഷനു മുമ്പാകെ സമര്‍പ്പിക്കപ്പെട്ടു. കോടികള്‍ പുനരധിവാസ പ്രക്രിയയ്ക്ക് ചിലവാക്കിയെന്ന് ജില്ലാ ഭരണാധികാരികള്‍ അവകാശപ്പെടുമ്പോഴും കുടുംബങ്ങള്‍ ഇപ്പോഴും പുനരധിവസിക്കപ്പെടാത്തതെന്തുകൊണ്ട് എന്ന ചോദ്യവും കമ്മീഷന്റെ സിറ്റിംഗില്‍ പ്രതിഫലിച്ചു. മൂലമ്പിള്ളിയിലെ പുനരധിവാസഭൂമിയില്‍ വൈകിട്ട് നാല് മണിക്ക് ആരംഭിച്ച തെളിവെടുപ്പ് ആറ് മണിവരെ നീണ്ടു.
ഏഴ് വില്ലേജില്‍ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളില്‍ 157 കുടുംബങ്ങള്‍ സത്യവാങ്മൂലം നേരിട്ട് സമര്‍പ്പിച്ചു. മറ്റു കുടുംബങ്ങള്‍ സത്യവാങ്മൂലം ദൂതന്മാര്വഴി സമര്‍പ്പിച്ചു. കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കലിന്റെ നേതൃത്വത്തില്‍ കെ. രജികുമാര്‍, കുരുവിള മാത്യൂസ്, ഏലൂര്‍ ഗോപിനാഥ്, ഫാദര്‍ പ്രശാന്ത് പാലയ്ക്കാപ്പിള്ളി, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, വി.പി.വില്‍സണ്‍, ജോണി, ജോസഫ് എന്നിവര്‍ കമ്മീഷന് സ്വീകരിക്കുകയും തെളിവെടുപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: