കൊച്ചി: കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട സമീര മക്മല്‍ ബെഫ് സംവിധാനം ചെയ്ത ‘ടൂ ലഗ്ഡ് ഹോഴ്സ്’ കണ്ട് പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കുറെക്കാലം മനസിനെ മഥിക്കുന്ന ഈ ഇറാന് ചിത്രം നിലയ്ക്കാത്ത കയ്യടിയോടെ സ്വീകരിച്ചാണ് കാണികള്‍ തിയറ്റര്‍ വിട്ടത്. ജീവിത ചുറ്റുപാടുകളുടെ കൊടും പീഡനം മനുഷ്യനെ മറ്റൊരു ജന്തുവാക്കി മാറ്റുന്നതാണ് ഈ ചിത്രത്തിലെ പ്രമേയം. ജീവിക്കാന്‍ കുതിരയെപ്പോലെ ഓടുകയും ഭാരം ചുമക്കുകയും ചെയ്ത് ഒടുവില്‍ യഥാര്‍ത്ഥ കുതിരയ്ക്കു സമമായിത്തീരുന്ന കുട്ടിയുടെ കഥയാണിത്.
ഏതു പരിതസ്ഥിയിലുള്ള മനുഷ്യനായാലും കാലദേശങ്ങള്‍ക്കതീതമായി അവന് മറ്റുമനുഷ്യരെ അടിമയാക്കാനും അവനില്‍ അധികാരം സ്ഥാപിക്കാനും ശ്രമിക്കുന്നു. എന്നും വിധേയരാകാനും അടിമയാകാനും വിധിക്കപ്പെട്ട മനുഷ്യര്‍ മറുഭാഗത്ത്. എക്കാലവും ആഗോള സ്വഭാവമുള്ളതാണ് ഈ ഇരു ചേരി മനുഷ്യരുടെ കഥ. വിദ്യാര്‍ത്ഥിയും ഒറ്റക്കാലനുമായ തന്റെ മകനെ ചുമലില്‍ ചുമന്ന് സ്ക്കൂളിലും മറ്റുള്ളിടത്തും കൊണ്ടുപോകാനായി അച്ഛന് മറ്റൊരു കുട്ടിയെ ഒരു ഡോളര്‍ ദിവസക്കൂലിക്ക് ഏര്‍പ്പാടാക്കുന്നു. കുട്ടി തന്റെ ചുമടെടുപ്പുകാരനെ കുതിര എന്നാണു വിളിക്കുന്നത്. ഈ മനുഷ്യക്കുതിരയ്ക്കു കുട്ടിയജമാനനും. പാഞ്ഞുപോകാന്‍ കുട്ടി കുതിരയെ വടികൊണ്ടടിക്കുന്നുണ്ട്. ചിലപ്പോള്‍ കുതിര എടുത്തുകൊടുത്ത കല്ലുകള്‍ കൊണ്ട് കുട്ടികുതിരയെതന്നെ എറിയുന്നു. പട്ടിണിക്കാരനായ തന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ യജമാനന്റെ ഏതു പീഡനവും സഹിക്കാന്‍ മനുഷ്യകുതിര തയ്യാറാണ്. ആരുടെയും സഹായമില്ലാതെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ ഒറ്റക്കാലന് കുട്ടിക്കുകഴിയുമെന്ന് പിന്നീടാണ് മനസിലാകുന്നത്. വന്‍തുക വാങ്ങി മറ്റുകുട്ടികള്‍ക്കു തന്റെ കുതിരയെ വാടകയ്ക്കുനല്കുന്നുണ്ട് ഈ ഒറ്റക്കാലന്. ക്രൂരമായ പീഡനവും അപമാനവും സഹിച്ചു ശീലമാക്കിയ കുതിര തന്റെ മനുഷ്യാസ്തിത്വം പോലും മറന്ന് യഥാര്‍ത്ഥ കുതിരയ്ക്കു സമമാകുന്നു. ശിരസില്‍ കുതിരയുടെ മുഖം മൂടി കൂടി അണിയിക്കുന്നതോടെ കന്നുകാലിത്തൊഴുത്തില്‍ വയ്ക്കോലുതിന്ന് കുതിരയുടെ രൂപാന്തരം പൂര്‍ണമാകുന്നു.
ആത്യന്തികമായി മനുഷ്യസ്വാതന്ത്ര്യമാണ് ചിത്രം വിഭാവനം ചെയ്യുന്നത്. പരിഷ്കൃത ലോകത്തും മനുഷ്യന് അടിമത്തത്തിന്റെ അപരിഷ്കൃതത്വം കാത്തുസൂക്ഷിക്കുന്നതിനെതിരെ സ്വന്തം നാടായ ഇറാന്റെ പശ്ചാത്തലത്തെ തന്നെയാണ് സമീര തുറന്നു കാട്ടുന്നത്. ജനാധിപത്യത്തിന്റെ തെളിച്ചവും വിവേകത്തിന്റെ വെളിച്ചവും ആധുനിക ലോകത്തു പ്രസരിക്കുമ്പോഴും മനുഷ്യന് മനുഷ്യനെ അടിമയാക്കുന്ന വികാരം അവന്റെ മറ്റുവികാരങ്ങളെപ്പോലെതന്നെ ജൈവികമാണോയെന്ന പ്രശ്നം കുഴക്കുന്നുണ്ട് ചിത്രം കാണുമ്പോള്‍. മക്മല്‍ ബെഫിന്റെ മകളായ സമീര തന്റെ ചലച്ചിത്ര വീക്ഷണം പിതാവിനെപ്പോലെ തന്നെ ഔന്നത്യമാക്കുന്നു. കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രധാന ആകര്‍ഷണം മക്മല്‍ ബെഫ്കുടുംബത്തിന്റെ സാന്നിധ്യവും അവരുടെ ചിത്രങ്ങളുമായിരുന്നു.
സേവ്യര്‍.ജെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: