ആലുവ: പാലക്കാട് വിശ്വേശ്വര ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട 80-ാമത് ശിവഗിരി തീര്‍ത്ഥാടന പദയാത്രയ്ക്ക് ഇന്നലെ ആലുവയില്‍ ഉജ്ജ്വല സ്വീകരണം നല്കി. ആലുവ താലൂക്ക് പരിധിയില്‍പ്പെട്ട പൂവത്തുശ്ശേരിയില്നിന്ന് വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ പ്രവേശിച്ച പദയാത്ര പാറക്കടവ്, മൂഴിക്കുളം, കുറുമശ്ശേരി, പൊയ്ക്കാട്ടുശ്ശേരി, ചെങ്ങമനാട്, അത്താണി, ദേശം, പറവൂര്‍ കവല വഴി ആലുവ ബാങ്ക് കവലയില്‍ എത്തിച്ചേര്‍ന്നു.
എസ്എന്‍ഡിപി ആലുവ യൂണിയന് പ്രസിഡന്റ് സി.വി.അനില്‍ കുമാര്‍, സെക്രട്ടറി കെ.എന്‍.ദിവാകരന്, എന്‍എസ്എസ് താലൂക്ക് യൂണിയന് കമ്മറ്റിക്കുവേണ്ടി എം.കെ.സദാശിവന്, വിദ്യാധിരാജ വിദ്യാഭവന് സ്കൂള്‍ മാനേജര്‍ എം.മോഹനന്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി ഐ.ബി.ശശി, വിജയന് കുളത്തേരി തുടങ്ങിയവര്‍ വിവിധ സംഘടനകള്‍ക്കുവേണ്ടി ഗുരുദേവ പ്രതിമയില്‍ മാല ചാര്‍ത്തി.
ആലുവ അദ്വൈതാശ്രമത്തില്‍ എത്തിയ പദയാത്രക്ക് സ്വാമി ശിവസ്വരൂപാനന്ദയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. ആശ്രമത്തിലെ ശാരദാ ക്ഷേത്രത്തിലെ മേല്‍ശാന്തി ജയന്തന് ഗുരുദേവ പ്രതിമയില്‍ ആരതി ഉഴിഞ്ഞ് മാല ചാര്‍ത്തി. ടി.കെ.ശാന്തകുമാര്‍, ശശി തുമ്പായി, ടി.കെ.രാജപ്പന് തുടങ്ങിയവര്‍ പ്രതിമയില്‍ മാല ചാര്‍ത്തി. പദയാത്ര നായകന് സ്വാമി കൃഷ്ണാനന്ദ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ വൈറ്റിലയില്‍നിന്ന് ആരംഭിച്ച് വൈകിട്ട് 4.30ന് ആരക്കുന്നം തോട്ടപ്പടിയില്‍ സമാപിക്കും. 21ന് രാവിലെ 8.30ന് പേപ്പതിയില്നിന്ന് ആരംഭിച്ച് മുളക്കുളം സൗത്ത് വഴി പദയാത്ര കോട്ടയം ജില്ലയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: